കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുള്‍ റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയെന്ന് കാട്ടി 304 വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
വൈദ്യ പരിശോധനയില്‍ ഇയാളുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുള്‍ റഹ്മാന്‍ ഇന്നലെ വൈകിട്ടാണ് ആശുപത്രി വിട്ടത്. ആശുപത്രിയില്‍ വച്ച് തന്നെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹജരാക്കി.
ഒക്ടോബര്‍ 31ന് രാത്രി 12.30നായിരുന്നു അതിദാരുണമായ അപകടമുണ്ടായത്. ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയാണ് ഇവരുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. അര്‍ധരാത്രിയോടെ പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. മുന്നിലെ ബൈക്കിനെ മറികടക്കുന്നതിനിടെ കാര്‍ ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂര്‍ വെമ്പല്ലൂര്‍ കുട്ടന്‍ബസാര്‍ കുറുപ്പംപടി വീട്ടില്‍ ആഷിഖ് (25) ഞായറാഴ്ചയാണ് മരിച്ചത്. അപകടത്തില്‍ തലയ്‌ക്കും നെഞ്ചിനും ആഴത്തില്‍ മുറിവേറ്രിരുന്ന ഇയാള്‍ വെന്റിലേറ്ററിലായിരുന്നു. അപകടത്തില്‍ മുന്‍ മിസ് കേരളയും തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയുമായ അന്‍സി കബീര്‍ (25), അതേവര്‍ഷം റണ്ണറപ്പായ തൃശൂര്‍ സ്വദേശിനി അഞ്ജന ഷാജന്‍ (24) എന്നിവര്‍ തല്‍ക്ഷണം മരിച്ചിരുന്നു.ആഷിഖിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
ആഷിഖിന് ഖത്തറില്‍ ജോലി ലഭിച്ചതിന്റെ യാത്രഅയപ്പു നല്‍കാന്‍ നാല് കൂട്ടുകാരും ചേര്‍ന്ന് ഒക്ടോബര്‍ 31ന് രാത്രി കൊച്ചിയിലെ ഹോട്ടലില്‍ ഒത്തുകൂടി. ആഘോഷം കഴിഞ്ഞ് രാത്രി വൈകി തൃശൂരിലെ അഞ്ജനയുടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇടപ്പള്ളി വൈറ്റില ബൈപ്പാസില്‍ ചളിക്കവട്ടത്തായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കിന്റെ സൈലന്‍സറില്‍ തട്ടിയശേഷം ഇടതുവശത്തെ മീഡിയനിലേക്ക് ഇടിച്ചുകയറി മരത്തില്‍ ചേര്‍ന്നമരുകയായിരുന്നു. ബൈക്കില്‍ ഇടിച്ചെങ്കിലും യാത്രക്കാരന് കാര്യമായ പരുക്കില്ല. ഡ്രൈവര്‍ സീറ്റില്‍ എയര്‍ ബാഗ് ഉണ്ടായിരുന്നതിനാല്‍ ഡ്രൈവര്‍ക്ക് കാര്യമായ പരുക്കുകള്‍ സംഭവിച്ചില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: