ഏതന്‍സ്: മനുഷ്യത്വവിരുദ്ധമാണെന്ന് ആരോപിച്ച് ഗ്രീസിലെ ഉന്നത കോടതി ഹലാല്‍ രീതിയില്‍ മൃഗങ്ങളെ അറക്കുന്നത് നിരോധിച്ചു. അതുപോലെ മൃഗങ്ങളെ ഇറച്ചിക്കായി കൊല്ലുന്ന ജൂതന്മാരുടെ രീതിയായ കോഷറും നിരോധിച്ചു. ഗ്രീസിലെ ഉന്നത നിയമ സ്ഥാപനമായ ഹെല്ലെനിക് കൗണ്‍സിലാണ് ഈ വിധി പുറപ്പെടുവിച്ചത്.
മൃഗങ്ങളെ ഇറച്ചിക്കായി കൊല്ലുന്ന ഹലാല്‍, കോഷര്‍ രീതികള്‍ മനുഷ്യത്വരഹിതമാണ്. കാരണം രണ്ട് രീതികളിലും മൃഗങ്ങളെ ബോധം കെടുത്താതെയാണ് അറക്കുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. മൃഗങ്ങളുടെ മാംസത്തിനായി മതപരമായ രീതിയില്‍ ക്രമീകരണങ്ങള്‍ ചെയ്യുമ്പോഴും മൃഗങ്ങളുടെ ക്ഷേമം തള്ളിക്കളയരുതെന്നും കോടതി പറഞ്ഞു. ബോധം കെടുത്തിയ ശേഷം മാത്രമേ മൃഗങ്ങളെ കൊല്ലാവു എന്ന നിയമത്തിന്റെ ലംഘനമാണിതെന്നും കോടതി പറഞ്ഞു. മൃഗങ്ങളുടെ അവകാശവും മതസ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം എങ്ങിനെ നിയന്ത്രിക്കാമെന്നത് സര്‍ക്കാരിന് നിശ്ചയിക്കാമെന്നും കോടതി അറിയിച്ചു.
ഗ്രീക്ക് കോടതിയുടെ ഈ നിരീക്ഷണം ജൂതന്മാരുടെ മൃഗങ്ങളെകൊല്ലുന്ന രീതിയ്ക്ക് നേരെയുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്ന് യൂറോപ്യന്‍ ജ്യൂ അസോസിയേഷന് ചെയര്മാന് റബ്ബി മെനാചെം മര്‍ഗോളിന്‍ പറയുന്നു. നേരത്തെ ബെല്‍ജിയം, പോളണ്ട്, സൈപ്രസ് എന്നിവിടങ്ങളിലും ഇതേ തീരുമാനം വന്നിരുന്നു. അതാണിപ്പോള്‍ ഗ്രീസിലും എത്തിയിരിക്കുന്നതെന്നും റബ്ബി മെനാചെം മര്‍ഗോളിന്‍ ആരോപിച്ചു.
അതേ സമയം മൃഗങ്ങളെ അറക്കുമ്പോള്‍ മൃഗങ്ങളുടെ ക്ഷേമം കണക്കിലെടുക്കണമെന്ന് മൃഗങ്ങളുടെ അവകാശത്തിന് വേണ്ടി വാദിക്കുന്ന സംഘടനകള്‍ അഭിപ്രായപ്പെട്ടു. കോഷല്‍, ഹലാല്‍ രീതികള്‍ മൃഗങ്ങള്‍ക്ക് ദുരിതമാണ് ഉണ്ടാക്കുന്നതെന്നും അതുകൊണ്ട് നിരോധിക്കണമെന്നും ഈ സംഘടനകള്‍ ആവശ്യപ്പെട്ടു.
ഇസ്ലാമിലും ജൂദായിസത്തിലും മതപരമായ രീതി പിന്തുടര്ന്ന് മൃഗങ്ങളെ കൊല്ലുന്നത് പ്രധാനമാണ്. ഭക്ഷണത്തിനായി ഏത് മൃഗത്തെ എങ്ങിനെ കൊല്ലണം എന്നത് സംബന്ധിച്ച് ഇരുമതങ്ങളിലും കര്‍ശനമായ നിയമങ്ങളുണ്ട്. കോഷര്‍ വധപ്രകാരം മൃഗത്തെ ജൂതന് മാത്രമെ കൊല്ലാവൂ. പാലിനും ഇറച്ചിക്കും പ്രത്യേകം പ്രത്യേകം പാത്രങ്ങള്‍ ഉപയോഗിക്കണം. ഈ രണ്ട് അടിസ്ഥാന നിയമങ്ങള്‍ക്ക് പുറമെ ഒട്ടേറെ മറ്റ് നിയമങ്ങളും ജൂതന്മാരുടെ ആചാരങ്ങളില്‍ നിലനില്ക്കുന്നു.
ഹലാല്‍ അറബിക് പദമാണ്. വിശുദ്ധ ഖുറാനില്‍ കല്പിക്കുന്നതുപോലെ ഇസ്ലാമിക നിയമമനുസരിച്ച് അനുവദിക്കുന്നത് എന്നാണ് ഈ പദത്തിനര്‍ത്ഥം. ഈ രിതിയുള്ള അറവിലും നിരവധി നിയമങ്ങള്‍ നിലനില്ക്കുന്നു. കൊല്ലുന്ന മൃഗത്തിന്റെ ഇറച്ചി മുസ്ലിങ്ങള്‍ക്ക് ഉപയോഗയോഗ്യമാവാന് ഷഹദ എന്ന മന്ത്രം ഉരുവിട്ട് ഇറച്ചിയെ അനുഗ്രഹിക്കണം. പക്ഷെ ഇവിടെ അറക്കുമ്പോള്‍ മൃഗം സാവധാനത്തിലും അങ്ങേയറ്റം വേദനയോടെയുമാണ് ചാവുന്നത്. കഴിത്തിലെ നാളങ്ങള്‍ മുറിക്കുന്നതോടെ ജീവനും രക്തവും വാര്‍ന്നുപോയാണ് മൃഗം ചാവുന്നത്. മരണവെപ്രാളത്തിനിടയില്‍ മൃഗം തുടര്‍ച്ചയായി അലറുകയും ജീവന്‍നിലനിര്‍ത്താന്‍ കഷ്ടപ്പെടുകയും ചെയ്യും. പകരം മൃഗത്തെ ബോധം കെടുത്തി (അനസ്തീഷ്യ) നല്കി അറക്കണമെന്നാണ് ഗ്രീസിലെ കോടതിയുടെ വിധി.
മുസ്ലിങ്ങള്‍ക്കും ജൂതന്മാര്ക്കും തിരിച്ചടിയായിരിക്കുകയാണ് ഗ്രീസിലെ ഹലാലും കോഷറും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്. ബെല്‍ജിയം, പോളണ്ട്, സൈപ്രസ് എന്നീ രാജ്യങ്ങളും ഹലാലും കോഷറും നിരോധിച്ചതിന് ശേഷമാണ് ഇപ്പോള്‍ ഗ്രീസിലെ ഉന്നതകോടതിയും ഇത്തരമൊരു തീരുമാനം വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: