ശ്രീനിവാസന്റെ സിനിമ ചിത്രീകരണം തടഞ്ഞ് ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗിച്ചുവെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ‘കീടം’ സിനിമയുടെ ചിത്രീകരണം തടസപ്പെടുത്താന്‍ ശ്രമിച്ചത്. ശ്രീനിവാസന് പുറമെ വിജയ് ബാബു, രജിഷ വിജയന് എന്നിവര്‍ അഭിനയിക്കുന്ന സിനിമയാണിത്. എറണാകുളം പുത്തന്‍കുരിശ് പള്ളിക്ക് സമീപമുള്ള ഗസ്റ്റ് ഹൗസിലായിരുന്നു ചിത്രീകരണം. രാഹുല്‍ റിജി നായര്‍ ആണ് കീടം സിനിമ സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഷാജി കൈലാസും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ‘കടുവ’ സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. വഴി തടഞ്ഞാണ് സിനിമ ഷൂട്ട് ചെയ്യുന്നതെന്ന് ആരോപിച്ച് പൊന്‍കുന്നത്തുനിന്നും എത്തിയ പ്രവര്‍ത്തകര്‍ ചിത്രീകരണം തടസപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രശ്നത്തില്‍ ഇടപെടുകയും ഒടുവില്‍ ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു. റോഡ് തടഞ്ഞ് സിനിമ ചിത്രീകരിക്കുന്നോയെന്ന് ചോദിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രശ്നമുണ്ടാക്കിയതെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സിനിമയ്ക്ക് ചിത്രീകരണാനുമതിയുണെന്ന് നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: