ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായ ലാല്‍കൃഷ്ണ അദ്ധ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളെ ശാക്തീകരിക്കുന്നതിലും അവരില്‍ സാംസ്കാരിക ബോധം അവബോധം സൃഷ്ടിക്കുന്നതിലും അദേഹം നടത്തിയ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യം അദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.
അദേഹത്തിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ജനങ്ങളെ ശാക്തീകരിക്കുന്നതിനും അവരില്‍ നമ്മുടെ സാംസ്കാരിക അഭിമാനം ഉയര്‍ത്തുന്നതിനുമായി അദേഹം നടത്തിയ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യം അദേഹത്തോട് കടപ്പെട്ടിരിക്കുന്നു. വൈജ്ഞാനിക പ്രവര്‍ത്തനങ്ങളാലും പാണ്ഡിത്യത്താലും എല്ലാവരാലും അദേഹം ബഹുമാനിക്കപ്പെടുന്നു. മോദി ട്വീറ്റില്‍ കുറിച്ചു.
1927 നവംബറില്‍ അഖണ്ഡ ഭാരതത്തിലെ സിന്ധില്‍ ജനിച്ച എല്‍കെ അദ്ധ്വാനി രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് സാമൂഹിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഭാരതീയ ജനസംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെടുകയും ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1967 ല്‍ അദേഹം ദല്‍ഹി മെട്രോ പൊളിറ്റന്‍ കൗണ്‍സിലിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ ചെയര്മാന് ആകുകയും 1970 വരെ തല്‍സ്ഥാനത്ത് തുടരുകയും ചെയ്തു.
ശേഷം രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അദേഹം 1973 ല്‍ ജനസംഘത്തിന്റെ അധ്യക്ഷനായി. 1975 ല്‍ അടിയന്തിരാവസ്ഥയില്‍ ജയിലിലടയ്ക്കപ്പെട്ട അദ്ധ്വാനി ജയില്‍ മോചിതനാകുകയും 77 ലെ തെരഞ്ഞെടുപ്പിന് ശേഷം മോറാള്ജി മന്ത്രിസഭയില്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്തു.
രാമജന്മഭൂമി പ്രക്ഷോഭങ്ങളുടെ നായകരില്‍ പ്രമുഖനായി അറിയപ്പെടുന്ന അദേഹം 2002 മുതല്‍ 2004 വരെ ഭാരതത്തിന്റെ ഉപ പ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ചു. നിലവില്‍ ബിജെപി മാര്‍ഗ ദര്‍ശക് മണ്ഡല് അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: