പി. ശിവപ്രസാദ്
ആലപ്പുഴ: പാര്‍ട്ടിയിലെ കരുത്തനായ നേതാവായി ഒരു കാലത്ത് മാധ്യമങ്ങള്‍ വാഴ്ത്തിപാടിയ ജി. സുധാകരന് ഇനി സിപിഎമ്മിലെ നാളുകള്‍ പിണറായി വിജയന്റെ ഔദാര്യം. കണ്ണൂരില്‍ പി. ജയരാജനും, ആലപ്പുഴയില്‍ സുധാകരനും പാര്‍ട്ടിയെ നയിച്ചിരുന്ന കാലം അവസാനിച്ചു. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്‍പ് തന്നെ ഇരുനേതാക്കളെയും അപ്രസക്തമാക്കി പിണറായി വിജയന് തനിക്ക് പറ്റിയ എതിരാളികള്‍ ഇന്ന് പാര്‍ട്ടിയില്‍ ഇല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. വിഎസിനെ വെട്ടിനിരത്താന്‍ കൂട്ടുനിന്ന നേതാക്കള്‍ക്ക് ഇത്ര വേഗത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് കണക്കുകൂട്ടിയിരിക്കില്ലെന്ന് പഴയ വിഎസ് പക്ഷക്കാര്‍ പറയുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ജില്ലകളാണ് ആലപ്പുഴയും, കണ്ണൂരും. തന്റെ വരുതിക്ക് നില്ക്കുന്നവര് മാത്രം നേതൃത്വത്തില്‍ മതിയെന്ന കൃത്യമായ സന്ദേശം എല്ലാ മുതിര്‍ന്ന നേതാക്കള്‍ക്കും നല്കാന് പിണറായിക്ക് സാധിച്ചു. മാര്‍ച്ചില്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം സുധാകരനും, ജയരാജനും അടക്കമുള്ളവര്‍ സംസ്ഥാന സമിതിയില്‍ തുടരണമെങ്കില്‍ പിണറായി കനിയണം. പ്രായപരിധി കര്‍ശന മാനദണ്ഡമാക്കിയാല്‍ സുധാകരന് സമിതിയില്‍ നിന്ന് പുറത്താകും. അതോടെ ആലപ്പുഴയില്‍ നിന്ന് വിഎസിന് ശേഷം ഇന്ന് ജീവിച്ചിരുക്കുന്ന ഏറ്റവും മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ അപ്രസക്തനാകാനാണ് സാദ്ധ്യത.
ഒന്നു പ്രതികരിക്കാന്‍ പോലും സാധിക്കാത്ത വിധം വരിഞ്ഞുമുറുക്കപ്പെട്ടു കഴിഞ്ഞു സുധാകരന്. താന്‍ വളര്‍ത്തിയ നേതാക്കള്‍ തന്നെ മുന്നില്‍ നിന്ന് അക്രമിച്ചതോടെ മൗനമല്ലാതെ മറ്റൊരു മാര്‍ഗവും അദ്ദേഹത്തിന് മുന്നിലില്ല. പിണറായിക്ക് വേണ്ടി രാഷ്ട്രീയ എതിരാളികളെ വാക്കുകള്‍ കൊണ്ട് ഏറ്റവുമധികം മുറിവേല്‍പ്പിച്ചതും മറ്റാരുമായിരുന്നില്ല. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കണമെന്ന വാശിയില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിലകൊണ്ടപ്പോള്‍ സംന്യാസി സമൂഹത്തെയും തന്ത്രിയെയും, ആചാരങ്ങളെയും അവഹേളിക്കുന്നതിന് മുന്നില്‍ നിന്നതും സുധാകരനായിരുന്നു. ഇത്തരത്തില്‍ പിണറായിയുടെ മുന്നണി പോരാളിയായി നിലയുറപ്പിച്ച നേതാവിന്റെ പതനം അപ്രതീക്ഷിതമായി.
അന്വേഷണ കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ കണക്കിലെടുത്താല്‍ സുധാകരന് നല്കിയ ശിക്ഷ ചെറുതാണെന്ന് വ്യാഖ്യാനിക്കാം. സിപിഎമ്മിന്റെ അച്ചടക്ക നടപടികളില്‍ താഴേത്തലത്തില്‍ നിന്നു മൂന്നാമത്തെ ശിക്ഷാ നടപടിയാണ് ഇപ്പോഴത്തേത്. എന്നാല്‍ സംഘടനാ സമ്മേളനങ്ങള്‍ പുരോഗമിക്കുന്ന സമയത്തുണ്ടായ നടപടി അദ്ദേഹത്തെ എതിര്‍ക്കുന്ന ആലപ്പുഴയിലെ പുതിയ ചേരിക്കുണ്ടാക്കുന്ന ആഹ്ലാദം ചെറുതല്ല. കോടിയേരിക്ക് പകരക്കാരനായി ആക്ടിങ് സെക്രട്ടറിയായി എ. വിജയരാഘവന് എത്തിയതോടെ സുധാകരന്റെ പിടി അയഞ്ഞു തുടങ്ങി. പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ വരെ സുധാകരനെതിരായ പരസ്യശാസന റിപ്പോര്‍ട്ട് ചെയ്യും. അവിടങ്ങളില്‍ എതിര്‍പക്ഷം ആഞ്ഞടിക്കും. ലോക്കല്‍, ഏരിയ, ജില്ലാ സമ്മേളനങ്ങളില്‍ പാര്‍ട്ടി നടപടിക്ക് വിധേയനായ സഖാവ് എന്ന പരിഗണന മാത്രമെ ലഭിക്കാനിടയുള്ളു. ആലപ്പുഴ ജില്ലയില്‍ അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കള്‍ ഫോണില്‍ പോലും ബന്ധപ്പെടാന്‍ ഭയക്കുകയാണ്. എതിര് ചേരിയുടെ നോട്ടപ്പുള്ളിയാകുമോയെന്ന ആശങ്കയാണ് അവര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: