കല്ലുവാതുക്കല്‍: കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തില്‍ സിപിഎം നേതൃത്വം നല്കിയ മുന്‍ ഭരണ സമിതികളുടെ കാലത്ത് വന്‍ അഴിമതികളും ഗുരുതര ക്രമകേടുകളും നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്.
പദ്ധതി നിര്‍വഹണത്തിലും വിവിധ ആവശ്യങ്ങള്‍ക്കുള്ള ധനവിനിയോഗത്തിലുമായാണ് കൂടുതലായും ക്രമകേടുകള്‍ കണ്ടെത്തിയത്. ആഡിറ്റ് റിപ്പോര്‍ട്ടില്‍ ഭരണ സമിതി അംഗങ്ങള്‍ക്കും ഭരണസമിതിയും ഉദ്യോഗസ്ഥരും പിഴയൊടുക്കേണ്ടി വന്നതായും രേഖകള്‍ വ്യക്തമാക്കുന്നു.
പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി ലഭിച്ച കേന്ദ്ര ഫണ്ടുകള്‍ വക മാറ്റി ചെലവഴിക്കുകയായിരുന്നു. താത്കാലിക ജീവനക്കാരുടെ നിയമനങ്ങളില്‍ ഇരട്ടിപ്പ് കാണിച്ച് കൂലിയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതികള്‍ക്ക് മുന്‍ ഭരണ സമിതി അംഗങ്ങള്‍ കൂട്ടു നില്‍ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.
കമ്മിറ്റി തീരുമാനങ്ങള്‍ എല്ലാം അട്ടിമറിച്ചു കൊണ്ട് സിപിഎം പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ എഴുതി ചേര്‍ത്ത് മിനിട്സ് തിരുത്തിയും ക്രമക്കേടുകള്‍ നടത്തിയും പദ്ധതികള്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സിപിഎം മൃഗീയ ഭൂരിപക്ഷത്തോടെ നടത്തിയ ഭരണത്തില്‍ ഘടക കക്ഷിയായ സിപിഐക്ക് പോലും യാതൊരു പരിഗണനയും കൊടുത്തിരുന്നില്ല. മറ്റു രാക്ഷ്ട്രീയ കക്ഷി പ്രതിനിധികളെ പോലും അറിയിക്കാതെ സിപിഎം പ്രതിനിധികള്‍ മാത്രം പങ്കെടുത്ത നിരവധി കമ്മിറ്റികള്‍ മുന്‍ ഭരണ സമിതിയുടെ കാലത്തു നടന്നിട്ടുണ്ടെന്ന് സിപിഐ മുന്‍ ജനപ്രതിനിധികള്‍ ആരോപിക്കുന്നു.
പട്ടികജാതി വിഭാഗക്കാരെ പൂര്‍ണമായും അവഗണിച്ചു കൊണ്ടുള്ള സിപിഎമ്മിന്റെ ദുര്ഭരണമായിരുന്നുവെന്ന് അന്നത്തെ സിപിഎം പ്രതിനിധിയായിരുന്ന എസ്സി പ്രമോട്ടര്‍ പറഞ്ഞു. പട്ടികജാതി കുടുംബങ്ങള്‍ പാര്‍ക്കുന്ന പാറയില്‍ കോളനി വാസികളെ പുനരധിവസിപ്പിക്കാതെ പാറകുളം ടൂറിസം പദ്ധതി അട്ടിമറിച്ചു. പാരിപ്പള്ളി ടൗണ്‍ വികസനം അട്ടിമറിച്ച്, റീയല്‍ എസ്റ്റേറ്റ് ഉടമകളുടെ താത്പര്യം സംരഷിക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സിപിഎം നേതാക്കള്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു.
പഞ്ചായത്തില്‍ നടപ്പാക്കിയ നിര്‍മാണ പദ്ധതികളില്‍ ഗുരുതരമായ അഴിമതികളും തിരിമറികളും നടന്നിട്ടുള്ളതായി മുന്‍ ജനപ്രതിനിധികള്‍ തന്നെ സമ്മതിക്കുന്നു. അഴിമതി നടത്തിയതിന് പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റുകയും ഉദ്യോഗസ്ഥര്‍ക്ക് താക്കീത് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിപിഎം നേതൃത്വം കൊടുത്ത മുന്‍ ഭരണ സമിതികള്‍ക്കെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: