തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ വലഞ്ഞ് പൊതുജനം. ജീവനക്കാരുടെ ശമ്പളം യഥാസമയം വിതരണം ചെയ്യണമെന്നും ശമ്പള പരിഷ്കരണ നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിയത്. തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്നുള്ള ഭൂരിഭാഗം സര്‍വീസുകളും ഇന്നലെയും സ്തംഭിച്ചു.
നാമമാത്രമായ ബസുകള്‍ മാത്രമാണ് നഗരത്തില്‍ സര്‍വീസ് നടത്തിയത്. ഐഎന്‍ടിയുസി, എഐടിയുസി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ പണിമുടക്ക് നടന്നത്. സിഐടിയു, ബിഎംഎസ്, കെഐടിസി തുടങ്ങിയ സംഘടനകള്‍ കഴിഞ്ഞ ദിവസം പണിമുടക്കിയിരുന്നു.
പണിമുടക്ക് അറിയാതെ യാത്ര പുറപ്പെട്ട ഒട്ടേറെപ്പേര്‍ പെരുവഴിയിലായി. സമരവിവരം മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതറിയാതെ നൂറുകണക്കിനു ആളുകളാണ് ജില്ലയിലെ വിവിധ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെത്തിയത്. ഇവര്‍ക്കു സ്വകാര്യബസുകളും ട്രെയിനുകളും മാത്രമായിരുന്നു ഏക ആശ്രയം.
ഹ്രസ്വ-ദീര്‍ഘദൂര സര്‍വീസുകള്‍ ഭൂരിഭാഗവും മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. തൃശ്ശൂര്‍, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, മാള, പുതുക്കാട്, ചാലക്കുടി എന്നീ ജില്ലയിലെ ഏഴു ഡിപ്പോകളില്‍ നിന്നും ബസുകള്‍ സര്‍വീസ് നടത്തിയില്ല. സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം ജീവനക്കാരും ഇന്നലെയും ജോലിക്ക് ഹാജരായില്ല.
യാത്ര പാതിവഴിക്ക് അവസാനിപ്പിച്ച് മടക്കം…
രണ്ടാം ദിവസവും ബസ് പണിമുടക്ക് ഉണ്ടെന്ന വിവരം അറിയാതെ സ്റ്റാന്‍ഡില്‍ എത്തിയ ഭൂരിഭാഗം ആളുകളും യാത്ര പാതിവഴിക്ക് അവസാനിപ്പിച്ച് മടങ്ങി. ആശുപത്രിയിലായ അച്ഛനെ കാണാന്‍ കോട്ടയത്തേക്ക് പോകാന്‍ ബസ് തേടിയെത്തിയ ഒല്ലൂര്‍ സ്വദേശി അശ്വിനും അമ്മ സരോജിനിയും ഏറെ നേരം ബസ് കാത്ത് നിന്നെങ്കിലും ഉച്ചയ്ക്ക് ശേഷവും ബസ് ലഭിക്കാത്തതിനാല്‍ തിരികെ ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങി.
ബസ് ഉണ്ടെന്ന് കരുതി എത്തിയതിനാലും ആ സമയം ട്രെയിന്‍ ലഭ്യമല്ലാത്തതിനാലും ഇവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്ന് ജില്ലയ്ക്കകത്തുള്ള ചുരുക്കം ചില സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായത്. മറ്റ് ട്രേഡ് യൂണിയനുകള്‍ കഴിഞ്ഞ ദിവസം സമരം അവസാനിപ്പിച്ചെങ്കിലും ഇന്നലെയും തുടര്‍ന്ന സമരത്തോട് മറ്റ് ജീവനക്കാരും സഹകരിച്ചു. ഇത് കാരണമാണ് കൂടുതല്‍ സര്‍വീസുകള്‍ ലഭ്യമാകാതിരുന്നത്.
സമരമറിയാതെ തൃശൂരില്‍ ട്രെയിന്‍ ഇറങ്ങിയ നിരവധി യാത്രക്കാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയിരുന്നു. ബസില്ലാത്തതിനാല്‍ ഇവര്‍ പിന്നീട് സ്വകാര്യ ബസുകളിലും ഓട്ടോറിക്ഷകളിലുമാണ് പോയത്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫാണ് ഇന്നലെ സമരത്തിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: