കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ കുത്തനെ കുറച്ച് ജനങ്ങളുടെ മേലുള്ള ഭാരം കുറയ്ക്കുമ്പോള്‍ നികുതി കുറയ്ക്കില്ലെന്ന് കേരളം വാശിപിടിക്കുന്നതിന് കാരണങ്ങള്‍ പലത്.
കേരളം സുഖിക്കുന്നത് രണ്ടു തരത്തിലുള്ള വരുമാനം കൊണ്ടാണ്. ഒന്ന് പെട്രോള്‍, ഡീസല്‍ നികുതി. ഒരധ്വാനവും വേണ്ടാതെ ഖജനാവിലേക്ക് വന്നു കയറുന്ന പണമാണിത്. പെട്രോളിന് കേരളം പിരിക്കുന്നത് 30.08 ശതമാനം വില്‍പ്പന നികുതിയും അധിക വില്‍പ്പന നികുതിയായി ഒരു രൂപയും ഒരു ശതമാനം സെസ്സുമാണ്. ഡീസലില്‍ വില്‍പ്പന നികുതി 22.76 ശതമാനം. ഒരു രൂപ അധിക വില്‍പ്പന നികുതിയും ഒരു ശതമാനം സെസ്സും. അതായത് നൂറു രൂപയില്‍ 32.08 രൂപയാണ് കേരളത്തിന് ലഭിക്കുന്നത്.
രണ്ട് മദ്യത്തില്‍ നിന്നുള്ള വരുമാനം. മദ്യപന്മാരെ അടിസ്ഥാനമാക്കിയാണ് കേരളം നികുതി വരുമാനം കൂട്ടുന്നത് എന്നു പറയുന്നതില്‍ യാതൊരു തെറ്റുമില്ല. പ്രതിവര്‍ഷം 1000 കോടിയോളം രൂപയാണ് ഈ വഴിയുള്ള വരുമാനമെന്നാണ് ഏകദേശ കണക്ക്. 244 മുതല്‍ 254 വരെ ശതമാനമാണ് മദ്യത്തിന്റെ നികുതി. കൂടുതല്‍ മദ്യശാലകളും ബാറുകളും ബീവറേജസ് കടകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ഉത്സാഹത്തിനു കാരണമിതാണ്. ഈ രണ്ടു വരുമാനവും സര്‍ക്കാരിന് മെയ്യനങ്ങാതെ ലഭിക്കുന്നവയാണ്. ഇവയില്‍ നിന്ന് വലിയ വരുമാനമുള്ളതിനാല്‍ മറ്റു വരുമാനമാര്‍ഗങ്ങള്‍ കെണ്ടത്താന്‍ മാറി വരുന്ന സര്‍ക്കാരുകള്‍ ശ്രമിക്കാറില്ല.
വസ്തുക്കരം, അടക്കമുള്ള കരങ്ങളും മറ്റു നികുതികളും കാര്യക്ഷമമായി പരിച്ചെടുക്കാറില്ല. വെള്ളക്കരം പിരിച്ചിട്ട് ഒരു വര്‍ഷമായി. ഓണ്‍ലൈനില്‍ പണം അടയ്ക്കുന്നവര്‍ക്ക് ബില്‍ വരാതായിട്ട് നാളുകളായി. കാരണം അന്വേഷിച്ചാല്‍ സൈറ്റ് നവീകരിക്കുകയാണെന്നാണ് മറുപടി. ഇതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഒരു സര്‍ക്കാരിനും താത്പര്യമില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: