കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറും രണ്ട് ഭാര്യമാരും ചേര്‍ന്ന് കൈവശം വച്ചു വരുന്ന അധിക ഭൂമി ആറ് മാസത്തിനകം കണ്ടുകെട്ടണമെന്ന ഹൈക്കോടതി വിധി എട്ടു മാസം കഴിഞ്ഞിട്ടും നടപ്പാക്കിയില്ലെന്നും ഇതിനെതിരെ സെക്രേട്ടറിയറ്റ് പടിക്കല്‍ ഭൂസമരം സംഘടിപ്പിക്കുമെന്നും വിവരാവകാശ കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമപ്രകാരം സാധാരണ പൗരനും കുടുംബത്തിനും കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്. എന്നാല്‍ പി.വി. അന്‍വറിന്റെയും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരുടെയും പേരില്‍ മൊത്തം 207 ഏക്കര്‍ ഭൂമിയാണുള്ളത്.
ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച വേളകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ താനും കുടുംബവും 207 ഏക്കര്‍ ഭൂമി കൈവശം വച്ച് അനുഭവിച്ചു പോരുന്നുണ്ടെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. എംഎല്‍എ നിയമവിരുദ്ധമായി കൈവശം വച്ച ഭൂമി കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് വിവരാവകാശ കൂട്ടായ്മ തെരഞ്ഞെടുപ്പ് കമ്മീഷന്, ഗവര്‍ണര്‍, നിയമസഭ സ്പീക്കര്‍, റവന്യൂ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയിയെ സമീപിച്ചത്.
അധികഭൂമി ആറു മാസത്തിനകം കണ്ടുകെട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും എട്ടു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപടിയും സ്വീകരിച്ചില്ലെന്ന് വിവരാവകാശ കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ഷാജി, സെക്രട്ടറി മനോജ് കേദാരം എന്നിവര്‍ പറഞ്ഞു. അധികഭൂമി പിടിച്ചെടുത്ത് വനവാസികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്ന ആവശ്യവുമായി 10ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഭൂസമരം സംഘടിപ്പിക്കും. പെമ്പിളൈ ഒരുമൈ, തീരഭൂസംരക്ഷണ സമിതി, എന്‍എപിഎം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: