മക്കളേ,
‘ഈശ്വരേച്ഛയില്ലാതെ ഒരു പുല്‍ക്കൊടിപോലും ചലിക്കുകയില്ലെന്നു പറയപ്പെടുന്നു. എല്ലാം ചെയ്യിക്കുന്നത് ഈശ്വരനാണെങ്കില്‍ തെറ്റുകള്‍ക്കു മനുഷ്യനെ കുറ്റപ്പെടുത്താമോ?’ എന്നു ചിലര്‍ ചോദിക്കാറുണ്ട്.
ഈശ്വരന്റെ തലത്തില്‍ തെറ്റും ശരിയുമില്ല. ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവത്തോടെ അഥവാ കര്‍ത്തൃത്വബുദ്ധിയോടെ കര്‍മ്മം ചെയ്യുന്നവരുടെ തലത്തിലാണ് ശരിയും തെറ്റുമുള്ളത്. കര്‍ത്തൃത്വബുദ്ധിയോടെ കര്‍മ്മം ചെയ്യുമ്പോള്‍ ആ ശരിതെറ്റുകളുടെ ഫലവും അനുഭവിക്കേണ്ടിവരും. സര്‍വ്വകര്‍മ്മങ്ങളുടെയും കര്‍ത്താവ് ഈശ്വരനാണെന്നു ബോദ്ധ്യമുള്ള ആളിന് കര്‍ത്തൃത്വാഭിമാനമില്ല, രാഗദ്വേഷങ്ങളില്ല. അതുകൊണ്ടുതന്നെ അവര്‍ക്കു തെറ്റു ചെയ്യാന്‍ സാദ്ധ്യമല്ല.
അഹങ്കാരവും സ്വാര്‍ത്ഥതയുംമൂലം കൊലപാതകം ചെയ്തിട്ട് ഈശ്വരനാണു ചെയ്യിച്ചതെന്നു പറഞ്ഞാല്‍ ശിക്ഷയില്‍നിന്നു രക്ഷപെടാനാവില്ല, തൂക്കുമരത്തിലേറേണ്ടിവരും. ‘എന്നെക്കൊണ്ടു കൊലപാതകം ചെയ്യിച്ചത് ഈശ്വരനാണ്’ എന്നു പറയുന്നയാള്‍, ‘എന്നെ തൂക്കിലേറ്റുന്നതും ഈശ്വരനാണ്’ എന്നു സമാധാനിച്ചു കൊള്ളണം, പരാതിപ്പെടരുത്. തെറ്റു ചെയ്യാന്‍ തുടങ്ങുമ്പോള്‍ മനസ്സാക്ഷിയുടെ രൂപത്തില്‍ ഉള്ളിലിരുന്നുകൊണ്ട ്ഈശ്വരന്‍ അരുത്, അരുത് എന്ന് എത്രയോ തവണ വിലക്കുന്നു. അതിനു ചെവികൊടുക്കാതെ കുറ്റം ഈശ്വരന്റെ തലയില്‍ കെട്ടിവയ്ക്കുന്നതു ശരിയല്ല.
വളരെ പണ്ട് ഒരു കര്ഷകന് അതിമനോഹരമായ ഒരു തോട്ടമുണ്ടായിരുന്നു. അയാള്‍ അതു വളരെ ഭംഗിയായി പരിപാലിച്ചിരുന്നു. ഒരു ദിവസം ഒരു പശു തോട്ടത്തിനകത്തു കയറി മാവിന് തൈകള്‍ ഭക്ഷിച്ചുതുടങ്ങി. അതു കണ്ട് കര്ഷകന് സഹിച്ചില്ല. അയാള്‍ ഒരു വടിയെടുത്ത് ആ പശുവിനെ ശക്തമായി അടിച്ചു. അടിയുടെ ആഘാതത്തില്‍ പശു മരിച്ചുവീണു. കര്ഷകന് പശുവിനെ കൊന്നുവെന്ന വാര്‍ത്ത നാടാകെ പരന്നു. മഹാപാപം ചെയ്ത അയാളെ ജനങ്ങള്‍ നിന്ദിച്ചുതുടങ്ങി. അതറിഞ്ഞ് കര്ഷകന് പറഞ്ഞു, ‘ഞാന്‍ പശുവിനെ കൊന്നിട്ടില്ല; എന്റെ കൈകളാണ് അതു ചെയ്തത്; ഇന്ദ്രനാണ് കൈയുടെ അധിഷ്ഠാനദേവത. അതിനാല്‍ പശുവിനെ കൊന്നതിന്റെ പാപം ഇന്ദ്രനെയാണ് ബാധിക്കുക, എന്നെയല്ല.’
ഈ വാര്‍ത്ത സ്വര്‍ഗ്ഗലോകത്ത് ഇന്ദ്രന്റെ ചെവിയിലെത്തി. ഇന്ദ്രന് ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തില്‍ കര്‍ഷകന്റെ അടുത്തെത്തി ചോദിച്ചു. ‘ഇത് ആരുടെ തോട്ടമാണ്?’
കര്ഷകന്: എന്റേതാണ്.
ഇന്ദ്രന്: മനോഹരമായ പൂന്തോട്ടമാണിത്. നിങ്ങളുടെ തോട്ടക്കാരന് വളരെ സമര്‍ത്ഥനാണ്; എത്ര ഭംഗിയായാണ് അയാള്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്.
കര്ഷകന്: ഇതെല്ലാം നോക്കുന്നത് ഞാന്‍ തന്നെയാണ്.
ഇന്ദ്രന്: എല്ലാം വളരെ ഭംഗിയായിട്ടുണ്ട്. തോട്ടത്തിനു നടുക്കുള്ള പാത ഉണ്ടാക്കിയതാരാണ്? അതു വളരെ നന്നായിട്ടുണ്ട്.
കര്ഷകന്: അതു ചെയ്തതും ഞാന്‍ തന്നെയാണ്.
അപ്പോള്‍ ഇന്ദ്രന് കൈകൂപ്പിക്കൊണ്ടു ചോദിച്ചു, ‘ഇതെല്ലാം ചെയ്തതു നിങ്ങളാണെങ്കില്‍, പശുവിനെ കൊന്നതിന്റെ ഉത്തരവാദിത്തം മാത്രം പാവം ഇന്ദ്രന്റെ തലയില്‍ കെട്ടിവെയ്ക്കുന്നത്ശരിയാണോ?’
ഈശ്വരന് നമുക്കു വിവേകബുദ്ധി തന്നിട്ടുണ്ട്. അതുപയോഗിച്ചു വിവേകത്തോടെ കര്‍മ്മങ്ങള്‍ ചെയ്യണം. വിഷം ഈശ്വരന് സൃഷ്ടിച്ചതാണ്. എന്നാലതെടുത്ത് ആരും വെറുതെ കഴിക്കാറില്ല. അവിടെ വിവേചിക്കുന്നു. അതുപോലെ ഏതു കര്‍മ്മത്തിലും വിവേകം ആവശ്യമാണ്.
അജ്ഞാനവും ജ്ഞാനവും വിവേകവും അവിവേകവുമെല്ലാം സൃഷ്ടിയിലുണ്ട്. ഈശ്വരന് നമുക്കു നല്‍കിയിരിക്കുന്ന വിവേകബുദ്ധി ഉപയോഗിച്ചു നല്ല കര്‍മ്മങ്ങള്‍ മാത്രം ചെയ്തു നമ്മള് മുന്നേറണം എന്നാണ് ഈശ്വരന്റെ കല്പന.
ആര്‍ക്കും തെറ്റു പറ്റാം. സൃഷ്ടിയില്‍ ഇരുളും വെളിച്ചവുംപോലെ തെറ്റും ശരിയുമുണ്ട്. എന്നാല്‍ തെറ്റു മാത്രമേ വരുത്തൂ എന്ന് നമ്മള് നിര്‍ബ്ബന്ധം പിടിക്കരുത്.തെറ്റു ചെയ്യാതിരിക്കാന്‍ വിവേകവും ഈശ്വരന് മനുഷ്യനു നല്‍കിയിട്ടുണ്ട്. അതിനെ പ്രയോജനപ്പെടുത്തണം. വയലുമുണ്ട്, വിത്തുമുണ്ട്. ശ്രദ്ധിച്ചു കൃഷി ചെയ്തു ഫലമെടുക്കണം. അതുപോലെ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള ശക്തിയും അവസരങ്ങളും ഈശ്വരന് നമുക്കു നല്‍കിയിട്ടുണ്ട്. അതിനാല്‍ സത്കര്‍മ്മങ്ങള്‍ മാത്രം ചെയ്ത് അവയുടെ നല്ല ഫലങ്ങള്‍ അനുഭവിക്കാം.
ടോണിക് ശരീരപുഷ്ടിക്കുള്ളതാണ്; ദിവസം എത്രനേരം എത്ര സ്പൂണ്‍ വീതം കഴിക്കണമെന്നു ഡോക്ടര്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. അത് അനുസരിക്കാതെ മുഴുവനും ഒറ്റയടിയ്ക്കു കഴിച്ച് ഉള്ള ആരോഗ്യംകൂടി നഷ്ടമാകുമ്പോള്‍ ഡോക്ടറെ പഴി പറഞ്ഞിട്ടു കാര്യമുണ്ടോ? അശ്രദ്ധയോടെ വണ്ടിയോടിച്ച് എവിടെയെങ്കിലും കൊണ്ടിടിച്ചിട്ടു പെട്രോളിനെ കുറ്റം പറയുന്നതു പോലെയാണു നമ്മുടെ അറിവുകേടുകൊണ്ടുണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് ഈശ്വരനെ പഴി പറയുന്നത്. എങ്ങനെ ഈ ലോകത്തു ജീവിക്കണം എന്ന് അവിടുന്നു വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്. അതനുസരിക്കാത്തതു മൂലമുള്ള ഭവിഷ്യത്തുകള്‍ക്ക് ഈശ്വരനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
തീകൊണ്ടു ഗുണവും ദോഷവുമുണ്ട്. ചോറു വയ്ക്കാനുപയോഗിക്കാം; പുരയ്ക്കു തീവയ്ക്കാനും അതുപയോഗിക്കാം. കത്തി ശസ്ര്തക്രിയയ്ക്കുപയോഗിക്കാം; കൊല്ലാനും ഉപയോഗിക്കാം. എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചാണു കര്‍മ്മം നല്ലതോ ചീത്തയോ ആകുന്നത്. ‘ഞാന്‍ ഈശ്വരന്റെ കുഞ്ഞ്, ഞാന്‍ ഈശ്വരന്റെ ദാസന്’ എന്നതില്‍ ‘അഹം’ ഉണ്ട്. ‘ഞാന്‍ പണക്കാരന്, ഞാന്‍ കേമന്‍’ എന്നതിലും ‘അഹം’ ഉണ്ട്. ആദ്യത്തെ അഹം ഗുണം ചെയ്യും. രണ്ടാമത്തതു ദോഷം ചെയ്യും. പ്രകൃതിയില്‍ ഇരുട്ടും വെളിച്ചവുമുണ്ട്. നല്ലതും ചീത്തയുമുണ്ട്. ഈശ്വരന് തന്നിട്ടുള്ള വിവേകം ഉപയോഗിച്ചു നേര്‍വഴിക്കു നീങ്ങേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: