മുല്ലപ്പെരിയാര്‍ അണക്കെട്ടിനെച്ചൊല്ലി ആശങ്കവേണ്ടന്നു പറയുന്ന മുഖ്യമന്ത്രി അതേ ശ്വാസത്തില്‍ അവിടെ മറ്റൊരു അണക്കെട്ട് വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നു. നിലവിലുള്ളത് സുരക്ഷിതമാണെങ്കില്‍ പിന്നെ എന്തിനാണ് പുതിയ അണക്കെട്ട്? കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ബലക്ഷയം വന്ന അപകടകാരിയായ അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അണക്കെട്ടിലെ വെള്ളം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നു. തുലാവര്‍ഷം കനത്താല്‍ സ്ഥിതി ഗുരുതരമാകുമെന്നുറപ്പാണ്. ഡാം നിറയുമ്പോള്‍ സജീവമാകുന്ന ചര്‍ച്ച മഴ പിന്‍വാങ്ങുന്നതാടെ അസ്തമിക്കാറാണ് പതിവ്. അധികാരികളുടെ കണ്ണു തുറക്കാന്‍ വീണ്ടും കാലവര്‍ഷമെത്തണം. ഇത്രയും നഗ്‌നമായ അവഗണന അപൂര്‍വമല്ല, അത്യപൂര്‍വം തന്നെയാണ്. മുല്ലപ്പെരിയാര്‍ ഒരു സമൂഹത്തിന്റെ തലക്കുമേല്‍ തൂങ്ങിയാടുന്ന ഡമോക്ലിസിന്റെ വാളായി മാറിയിട്ട് കാലമേറെയായി. അത് ഏതു നിമിഷവും മൂര്‍ദ്ധാവിലേക്ക് അറ്റു വീഴാം. അരുതാത്തത് സംഭവിച്ചാല്‍ കേരളത്തിന്റെ ഭൂപടം തന്നെ മാറ്റിവരക്കേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യം നമ്മെ തുറിച്ചു നോക്കുന്നു. അപ്പോഴും വഞ്ചി തിരുനക്കര തന്നെ. അണക്കെട്ട് കേരളത്തില്‍. വൃഷ്ടി പ്രദേശവും കേരളത്തില്‍. എന്നാല്‍ അവസാന വാക്ക് പറയേണ്ടത് തമിഴ്‌നാടും! ആരാണിതിനുത്തര വാദികള്‍?
1886 ഒക്ടോബര്‍ 29 ന് തിരുവിതാംകൂര്‍ മഹാരാജാവും ബ്രിട്ടീഷ് ഗവണ്‍മെന്റും ചേര്‍ന്ന് മുല്ലപ്പെരിയാറിലെ ജലം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകാനായി ഉണ്ടാക്കിയ കരാറാണ് പെരിയാര്‍ ലീസ് എഗ്രിമെന്റ്. യഥാര്‍ത്ഥ കരാര്‍ 99 വര്‍ഷത്തേക്കായിരുന്നുവെന്നും വെള്ളം വീണ് (വീഴ്‌ത്തി?) മാഞ്ഞപ്പോള്‍ 99 നിടയിലേക്ക് മറ്റൊരു 9 കൂടി തിരുകിക്കയറ്റിയതാണെന്നും ഒരു വാദമുണ്ട്. മതിയായ തെളിവുകളില്ലാത്തതിനാല്‍ നമുക്ക് നിലവിലുള്ള 999 വര്‍ഷത്തെ കരാര്‍ അംഗീകരിക്കുകയല്ലാതെ മാര്‍ഗമില്ല. മഹാരാജാവ് ഈ കരാറില്‍ ഒപ്പുവച്ചത് പൂര്‍ണ്ണ മനസ്സോടെ ആയിരുന്നില്ല. സാമന്ത രാജ്യമെന്ന നിലക്ക് രാജാവിന് പരിമിതികളേറെയുണ്ടായിരുന്നു. 24 വര്‍ഷം നീണ്ട മാരത്തോണ്‍ ചര്‍ച്ചക്കുശേഷം ബ്രിട്ടീഷുകാരുടെ തന്ത്രപരമായ നീക്കത്തിനും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി രാജാവ് ഗത്യന്തരമില്ലാതെ കരാറില്‍ ഒപ്പുവയ്‌ക്കുകയാണുണ്ടായത്. തന്റെ ഹൃദയരക്തം കൊണ്ടാണ് ഈ കരാറില്‍ ഒപ്പുവെച്ചതെന്ന് രാജാവ് തുറന്നു പറഞ്ഞു. നാടിനോടും നാട്ടുകാരോടും തനിക്ക് നീതി പുലര്‍ത്താനായില്ലെന്നു വിളമ്പരം ചെയ്യുന്നതായിരുന്നു അത്. എന്നാല്‍ കേരള സംസ്ഥാനം നിലവില്‍ വന്നതിനുശേഷം അധികാരത്തില്‍ വന്ന ഭരണകൂടങ്ങളാണ് വിഷയം ഇത്രയും വഷളാക്കിയതെന്നു കാണാം.
മേല്‍പ്പറഞ്ഞതുപോലെ തിരുവിതാംകൂര്‍ മഹാരാജാവും ബ്രിട്ടീഷുകാരും ചേര്‍ന്ന് ഒപ്പുവെച്ച കരാര്‍ 1947 ലെ ഇന്ത്യന്‍ ഇന്റിപ്പെന്‍ഡന്‍സ് ആക്ടിലെ സെക്ഷന്‍ 7 അനുസരിച്ച് സ്വമേധയാ റദ്ദാവുന്നതാണെന്ന് നിയമജ്ഞര്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഒരു നടപടിയുമുണ്ടായില്ല. അതിനുശേഷം കൈവന്ന അവസരങ്ങളും ഒന്നൊന്നായി നഷ്ടപ്പെടുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ ബ്രിട്ടീഷുകാരും രാജാക്കന്മാരും തമ്മിലുണ്ടാക്കിയ കരാറുകള്‍ അംഗീകരിക്കാനോ നിരാകരിക്കാനോ ഉള്ള പൂര്‍ണ്ണ അവകാശം നമുക്കുണ്ടായിരുന്നു. ആ അവസരവും കളഞ്ഞുകുളിച്ചു. മറ്റു സംസ്ഥാനങ്ങള്‍ അവരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനങ്ങള്‍ റദ്ദ് ചെയ്തതും സര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ചില്ല. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, ഇഎംഎസ് മന്ത്രിസഭയിലെ വിദ്യുച്ഛക്തി-നിയമ മന്ത്രിയായിരുന്നു എന്നു കൂടി ഓര്‍ക്കുക. 1970 ലെ ചരിത്രപരമായ മണ്ടത്തരത്തിന് നാന്ദി കുറിച്ചതും ഇഎംഎസ് സര്‍ക്കാരായിരുന്നുവെന്നു കാണാം. സഖാവ് അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴായിരുന്നു അത്. 1970 മെയ് 20 ന് കേരള വാട്ടര്‍ ആന്റ് പവര്‍ സെക്രട്ടറി കെ.പി. വിശ്വനാഥന്‍ നായരും പിഡബ്ല്യുഡി സെക്രട്ടറി ശിവസുബ്രഹ്മണ്യനും ഇരു സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പുവെച്ചു. തമിഴ്‌നാടിനെ വരച്ചവരയില്‍ നിര്‍ത്താനുള്ള സുവര്‍ണാവസരമായിരുന്നു അത്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ കാലാഹരണപ്പെട്ട കരാര്‍ കോണ്‍ഗ്രസുകാരുടെ പിന്‍തുണയോടെ അധികാരത്തില്‍ വന്ന അച്ചുതമേനോന്‍ സര്‍ക്കാര്‍ പുതുക്കി നല്‍കി! അണക്കെട്ടില്‍ കേരളത്തിന്റെ അവകാശങ്ങള്‍ അടിയറവച്ച ചരിത്രപരമായ മണ്ടത്തരമായി അതു മാറി. നിയമസഭയില്‍പ്പോലും വിധി നിര്‍ണായകമായ ഈ തീരുമാനം ചര്‍ച്ച ചെയ്തില്ല. എങ്കില്‍പ്പിന്നെ ആരുടെ തീരുമാനമനുസരിച്ചായിരുന്നു അത് എന്ന ചോദ്യത്തിന് കമ്യൂണിസ്റ്റുകാര്‍ക്ക് ഇന്നും ഉത്തരമില്ല. മുല്ലപ്പെരിയാര്‍ വിഷയം സങ്കീര്‍ണ്ണമാക്കിയ ചരിത്രത്തിന്റെ നാള്‍വഴിയില്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ഒരുപോലെ പ്രതിക്കൂട്ടിലാവുന്നു.
കാലങ്ങളായി തുടരുന്ന അനാസ്ഥ
രാജാധിപത്യം പോയി പ്രജാധിപത്യം വന്നപ്പോള്‍ നാടുകടത്തിയ സര്‍ സിപി കാണിച്ച ആത്മാര്‍ഥത പോലും ജനനേതാക്കള്‍ കാണിച്ചില്ല. ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് അതാണ്. കാര്‍ഷികാവശ്യത്തിനുവേണ്ടി മാത്രമായി അനുവദിച്ച ജലം വൈദ്യുതി ഉണ്ടാക്കാന്‍ പാടില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. 1940 ല്‍ തമിഴ്‌നാട് ലോവര്‍ ക്യാമ്പില്‍ 140 മെഗോ വാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള പവ്വര്‍ ഹൗസ് നിര്‍മാണം തുടങ്ങിയപ്പോള്‍ അതിനെതിരെ അദ്ദേഹം രംഗത്തുവന്നത് ഒരുദാഹരണം മാത്രം. തമിഴ്‌നാടിനു വേണ്ടി അല്ലാടി കൃഷ്ണയ്യര്‍ ഹാജരായപ്പോള്‍ തിരുവിതാംകൂറിനുവേണ്ടി വാദിച്ചത് സി.പി.രാമസ്വാമി അയ്യരായിരുന്നു. 1941 മെയ് 12 നു വിധി വന്നു. വൈദ്യുതി ഉത്പ്പാദനം വ്യവസായമായതിനാല്‍ മൂല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാന്‍ പാടില്ലെന്നായിരുന്നു വിധി. കേസ് പഠിച്ച് വാദിച്ച് ജയിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും സര്‍ സിപിക്ക് അവകാശപ്പെട്ടതായിരുന്നു. കേരളത്തിനനുകൂലമായ ഈ വിധിയാണ് അച്ചുതമേനോന്‍ സര്‍ക്കാര്‍ തമിഴ്‌നാടിന് നിരുപാധികം തീറെഴുതിയത്. ബ്രിട്ടീഷുകാരുടെ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും 24 വര്‍ഷം നീണ്ട ചര്‍ച്ചക്കു ശേഷമാണ് തിരുവിതാംകൂര്‍ മഹാരാജാവ് ഗത്യന്തരമില്ലാതെ കരാറില്‍ ഒപ്പു വച്ചത്. എന്നാല്‍ അച്ചുതമേനോന് അര നിമിഷം പോലും വേണ്ടി വന്നില്ല. അസ്ഥിരപ്പെട്ട കരാര്‍ പുതുക്കി നല്‍കുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 75 വയസ്സ് പ്രായം. അണകെട്ടിയ പെന്നി ക്വിക്ക് പോലും 50 വര്‍ഷത്തെ ആയുസ്സാണ് അവകാശപ്പെട്ടത്. ആ നിലക്കു നോക്കുമ്പോള്‍ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞ് കാല്‍ നൂറ്റാണ്ട് കഴിയുമ്പോഴാണ് അച്ചുതമേനോന്‍ കരാറില്‍ ഒപ്പുവയ്‌ക്കുന്നത്. കേരളത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ അതുതന്നെ ധാരാളമായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല.
മന്ത്രിമാരോ താക്കോല്‍ സ്ഥാനങ്ങളിലിരുന്ന ഉദ്യോഗസ്ഥരോ പിന്നീട് അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. 1949 ല്‍ നിലവില്‍ വന്ന കെ.സി തോമസ് കമ്മീഷന്‍ ജലനിരപ്പ് 152 ല്‍ നിന്ന് 136 അടിയായി കുറയ്‌ക്കണമെന്നും ശാശ്വത പരിഹാരത്തിനായി പുതിയ അണക്കെട്ട് പണിയണമെന്നും നിര്‍ദേശിച്ചു. അതും തമസ്‌ക്കരിക്കപ്പെട്ടു. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് കേന്ദ്രാനുമതി ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇതു സംബന്ധിച്ച നടപടികള്‍ നിര്‍ത്തി വെക്കുന്നു എന്ന് റിപ്പോര്‍ട്ടെഴുതി ആ അവസരവും പാഴാക്കിയതായി വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയറായിരുന്ന ആര്‍. ബലരാമന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനെത്തുടര്‍ന്ന് സുപ്രീം കോടതി ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയതോടെയാണ് കേരളം നെടുമോഹനിദ്രവിട്ടുയര്‍ന്നത്. 1994 നു ശേഷം അണക്കെട്ടിനെക്കുറിച്ച് മാധ്യമങ്ങളില്‍ ആശങ്കാജനകമായ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. 2006 ആയപ്പോഴേക്കും ചര്‍ച്ചകള്‍ വീണ്ടും സജീവമായി. അപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ടു പോയിരുന്നു. 2003 ല്‍ ഇറിഗേഷന്‍ ആക്ട് നിലവില്‍ വന്നതോടെ സംസ്ഥാനം നിലവില്‍ വരുന്നതിനുമുമ്പുള്ള മുഴുവന്‍ ഇറിഗേഷന്‍ ആക്ടുകളും ഫലത്തില്‍ നിര്‍വീര്യമായിരുന്നു. ഈ ആക്ടിന്റെ ഭാഗമായാണ് ഡാം സേഫ്റ്റി ആക്ട് നിലവില്‍ വരുന്നത്. 2006 ല്‍ ഉണ്ടായ ഭേദഗതി ഇറിഗേഷന്‍ കണ്‍സര്‍വേഷന്‍ ആക്ടിനു കൂടുതല്‍ ശക്തി പകര്‍ന്നു. അതോറിറ്റി നടത്തിയ പരിശോധന പ്രകാരം കേരളത്തിലെ പഴക്കം ചെന്ന 18 ഡാമുകളില്‍ ഏറ്റവും ഗുരുതരാവസ്ഥയിലുള്ളത് മുല്ലപ്പെരിയാറാണ്. ജലനിരപ്പ് ഒരു കാരണവശാലും 120 അടിയില്‍ കൂടരുതെന്നും അവര്‍ നിര്‍ദ്ദേശിച്ചു. കെ.കൃഷ്ണന്‍ കുട്ടി അദ്ധ്യക്ഷനായി നിയോഗിക്കപ്പെട്ട നിയമസഭാ കമ്മിറ്റിയുടെ നിര്‍ദ്ദേശവും അതായിരുന്നു. ചുരുക്കത്തില്‍ 2003 ലും 2006ലുമായി നിലവില്‍ വന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ജ്ജവമുണ്ടായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമായിരുന്നു. ജനങ്ങള്‍ ജലബോംബ് ഭീഷണിക്കു മുന്നില്‍ പകച്ചു നില്‍ക്കുമ്പോഴും കൈവന്ന അവസരങ്ങളെല്ലാം പാഴാക്കിയ സര്‍ക്കാര്‍ തമിഴ്‌നാടിന്റെ ഔദാര്യത്തിനായി നാണംകെട്ടു നില്‍ക്കുകയാണ്.
ഏറ്റവും ഒടുവിലായി മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന നമ്മളുടെ നിലപാടുതറ തകര്‍ക്കാന്‍ കാരണമായിരിക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക വേണ്ടന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. എന്നു മാത്രമല്ല പിടുപ്പുകേട് മറച്ചു പിടിക്കാനുള്ള തിടുക്കത്തില്‍ അപകടം ചൂണ്ടിക്കാട്ടി യവര്‍ക്കെതിരെ വടിയെടുക്കാനും അദ്ദേഹം മറന്നില്ല. ഈ നിയമസഭാ രേഖ തമിഴ്‌നാട് കേരളത്തിനെതിരെ സുപ്രീം കോടതിയില്‍ ഫലപ്രദമായി ഉപയോഗിച്ചു. ചരിത്രം ആവര്‍ത്തിക്കുകയാണ്. ‘The supreme court itself has given a verdict that the Mullaperiyar Dam was strong. ‘The Advocate General of Kerala himself has stated that the Mullaperiyar Dam is strong enough and if the dam is affected, water of the dam can be stored in idukki, cheruthoni and Kulamavu dams’ ഡിഎംകെ സംസ്ഥാന കമ്മിറ്റി പാസ്സാക്കിയ പ്രമേയത്തിന്റെ കാതലായ ഭാഗമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. കേരളത്തിന്റെ അഡ്വക്കേറ്റ് ജനറലായിരുന്ന ദണ്ഡപാണി കോടതിയില്‍ നല്‍കിയ ഈ സത്യവാങ്മൂലം ചൂണ്ടിക്കാട്ടിയാണ് മുമ്പ് തമിഴ്‌നാട് കേരളത്തിനെതിരെ വിധി സമ്പാദിച്ചത്. ജലനിരപ്പ് 142 അടിയായി ഉയര്‍ന്നാല്‍ അണക്കെട്ടിന് ബലക്ഷയമുണ്ടാവില്ലെന്ന തമിഴ്‌നാടിന്റെ വാദത്തിന് ഇത്രയും പഴുതടച്ച ഒരു സാക്ഷ്യപത്രം മറ്റാര്‍ക്കാണ് കൊടുക്കാനാവുക. അന്ന് അഡ്വക്കേറ്റ് ജനറലിനെ ഒറ്റുകാരന്‍ എന്ന് ആക്ഷേപിച്ച പിണറായിയുടെ നിയമസഭാ പ്രസംഗമാണ് ഇന്ന് വീണ്ടും 142 അടി സുരക്ഷിതമാണെന്ന് കേരളം സമ്മതിച്ചുവെന്ന മേല്‍നോട്ട സമിതിയുടെ തീരുമാനത്തിലേക്ക് നയിച്ചത്. വെള്ളം തരുന്നവരെ കൊല്ലല്ലെ കൊല്ലല്ലെ എന്നു വിലപിച്ച മുന്‍ മുഖ്യമന്ത്രി ഇന്ന് അല്ലലേതുമില്ലാതെ വിശ്രമ ജീവിതം നയിക്കുകയാണ്. നാളെ പിണറായിയുടെ സുരക്ഷിതത്വവും ഉറപ്പാണ്. മുല്ലപ്പെരിയാറിനു താഴെക്കഴിയുന്ന ഹതഭാഗ്യരുടെ സുരക്ഷിതത്വം ആര് നോക്കുമെന്നതാണ് ചോദ്യം.
(ബിജെപി ദേശീയ സമിതി അംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: