കാബൂള്‍: പ്രമുഖ വനിതാ ആക്ടിവിസ്റ്റ് ഫ്രോസാന്‍ സഫിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മസര്‍ ഇ ഷെരീഫില്‍ നിന്നുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റു മൂന്ന് സ്ത്രീകള്‍ക്കൊപ്പം ഒക്ടോബര്‍ 20 മുതല്‍ ഇവരെ കാണാതായിരുന്നു.
ഫ്രോസാന്‍ സഫിയുടെയും മറ്റു രണ്ട് സ്ത്രീകളുടെ മൃതദേഹവുമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. വെടിയേറ്റ് മരിച്ച അജ്ഞാത സ്ത്രീകളുടെ മൃതദേഹങ്ങള്‍ താലിബാന് സുരക്ഷാ സേന കൊണ്ടുവന്നതായി മെറാജ് ഫറോഖി എന്ന ഡോക്ടറെ ഉദ്ധരിച്ച് ദി ഗാര്ഡിയന് പത്രം റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ടോളോ ന്യൂസിലെ മാധ്യമ പ്രവര്‍ത്തക സഹ്ര രഹീമിയും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 29 വയസുകാരിയായ ഫ്രോസാന്‍ അഫ്ഗാനിലെ ഗ്രാമങ്ങളിലെ വനിതകള്‍ക്കായി ശബ്ദമുയര്‍ത്തി.
വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നുള്ള അക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ് യുവതികളുടെ മരണത്തില്‍ താലീബാന് നല്കുന്ന വിശദീകരണം. കേസ് പോലീസ് അന്വേഷിക്കുമെന്നും ബാല്‍ഖ് പ്രവിശ്യയിലെ താലിബാന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് ഡയറക്ടര്‍ സബിഹുള്ള നൂറാനി പ്രതികരിച്ചു.
താലീബാന് അഫ്ഗാനിസ്ഥാനിലെ ഭരണം ഏറ്റെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും മരണ ഭയത്തിലാണ് കഴിയുന്നത്. മാധ്യമ പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനവും രാജ്യംവിട്ടിരുന്നു. താലീബാന് അധിനിവേശത്തിന് ശേഷം കൊല്ലപ്പെടുന്ന ആദ്യ വനിതാ ആക്ടിവിസ്റ്റാണ് ഫ്രോസാന്‍ സഫി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: