ചേര്‍ത്തല: സിഗ്നല്‍ സംവിധാനം തകരാറിലായിട്ട് വര്‍ഷങ്ങള്‍. മാതൃകാ ഇടനാഴിയായി പ്രഖ്യാപിച്ചിട്ടുള്ള ദേശീപാതയിലെ തങ്കികവലയില്‍ അപകടം തുടര്‍ക്കഥയായിട്ടും നടപടിയില്ല. കഴിഞ്ഞദിവസം കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു ഒരു കുടുംബത്തിലെ ആറ് പേരടക്കം ഏഴ് പേര്‍ക്കാണ് പരുക്കേറ്റത്. കരുനാഗപള്ളിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
കരുനാഗപള്ളി ചെറിയഴീക്കല്‍ വെള്ളനാതുരുത്തില്‍ ബാലകൃഷ്ണന് (50), ഭാര്യ രാധാമണി (44), മക്കളായ വിനീത് (23), വിനീഷ (26), ഇവരുടെ ഭര്‍ത്താവ് കോഴിക്കോട് രതീഷ് ഭവനത്തില്‍ രതീഷ് (38) നിരഞ്ചന് (ഒന്‍പത്), വൃന്ദ (രണ്ട് മാസം) ഡ്രൈവര്‍ സുധീഷ് (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഡിവൈഡറില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്റ്റിലിടിച്ച് വലത് വശത്തെ റോഡിലേക്ക് നീങ്ങിയ കാര്‍ മുന്ന് പ്രാവശ്യം മറഞ്ഞതിന് ശേഷമാണ് നിന്നത്. പ്രതിദിനം അപകടം നടക്കുന്ന കവലയാണിത്. അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതായാണ് വിമര്‍ശനം ഉയരുന്നത്.
അമിത വേഗതയും ഓവര്‍ടേക്കിങ്ങുമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നത്. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പരിശോധന കുറഞ്ഞതും ഗതാഗത തിരക്കില്ലാത്തതും മൂലം വാഹനങ്ങള്‍ ദേശീയപാതയിലൂടെ ചീറിപ്പായുകയാണ്. വടക്ക്, തെക്ക് ദിക്കുകളില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ വേഗതയറിയാതെ കടക്കരപ്പള്ളിയില്‍ നിന്ന് നഗരത്തിലേക്ക് വരുന്നവരും മടങ്ങി പോകുന്നവരും ദേശീയപാത കടക്കാന്‍ ശ്രമിക്കുന്നതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് കാരണം.
ഗതാഗത തിരക്ക് കുറഞ്ഞ ഭാഗങ്ങളില്‍ പോലും നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്ന അധികാരികള്‍ കവലയെ അവഗണിക്കുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സിഗ്നല്‍ സംവിധാനമില്ലാത്തതിനാല്‍ റോഡിന്റെ നാല് ഭാഗങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് റോഡ് കടക്കാന്‍ ഏറെ നേരം കാത്ത് നില്‍ക്കേണ്ട സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: