കണ്ണൂര്‍: ബാങ്ക് ലോണ്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ തീരദേശവാസികളായ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ ജപ്തി ഭീഷണിയില്‍. പ്രളയവും അതുകഴിഞ്ഞ് രണ്ടുവര്‍ഷമായി കൊവിഡ് മഹാമാരിയില്‍ തൊഴിലെടുക്കാനാവാതെ ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ് ലോണ്‍ തിരിച്ചടക്കാനുള്ള നോട്ടീസുകള്‍ ലഭിച്ചു തുടങ്ങിയത്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ജപ്തി നടപടിക്ക് മുമ്പായുള്ള അദാലത്ത് നോട്ടീസുകള്‍ കഴിഞ്ഞ ദിവസം അയച്ചുതുടങ്ങി. മൊറട്ടോറിയം പിന്‍വലിച്ചതോടെയാണ് ബാങ്കുകള്‍ കിട്ടാക്കടം പിടിക്കാന്‍ നടപടി തുടങ്ങിയത്. കണ്ണൂരിലെ തീരദേശവാസികള്‍ക്കും നോട്ടീസ് കിട്ടിത്തുടങ്ങി. പ്രളയം വന്നപ്പോള്‍ നാടിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ രക്ഷിക്കാന്‍ ആരും മുന്‍കൈയ്യെടുക്കുന്നില്ലെന്നും തീരദേശവാസികളുടെ ജീവിത പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
കൊവിഡ് ലോക്ക് ഡൗണ്‍ പിന്‍വലിച്ച് നാട് തൊഴില്‍ ജീവിതത്തിലേക്ക് പിച്ചവയ്ക്കുമ്പോഴാണ് ഇരുട്ടടിയായി ജപ്തി നടപടി വരുന്നത്. മത്സ്യത്തൊഴിലാളികളുടെ മിക്ക വാസകേന്ദ്രങ്ങളും തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലാണ്. അതിനാല്‍ കിടപ്പാടവും ഉള്ള സ്ഥലവും വില്‍പ്പന നടത്തി ബാങ്ക് ലോണ്‍ അടയ്ക്കാനും പറ്റാതെയായി. തീരദേശ പരിപാലന നിയമപ്രകാരം കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന സ്ഥലത്തെ വീടും പറമ്പും വാങ്ങാനും ആരും തയ്യാറാവില്ല. ലക്ഷക്കണക്കിന് രൂപ തിരിച്ചടക്കാനാവാതെ അവര്‍ നട്ടംതിരിയുകയാണ്.
മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അഴീക്കോട് നീര്‍ക്കടവില്‍ ഇതിനകം 30 ഓളം കുടുംബങ്ങള്‍ക്ക് നവംബര്‍ ഒമ്പതിനു അദാലത്തില്‍ കുടിശ്ശിക അടയ്ക്കാനുള്ള അഴീക്കോട് സഹകരണ ബാങ്കിന്റെ നോട്ടീസ് ലഭിച്ചു കഴിഞ്ഞു. മാഹി, ആയിക്കര, തലശ്ശേരി, പഴയങ്ങാടി, തുടങ്ങി ജില്ലയിലെ വിവിധ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന നൂറുക്കണക്കിന് കുടുംബങ്ങള്‍ക്ക് അതത് സഹകരണ ബാങ്കുകളില്‍ നിന്ന് നോട്ടീസ് അയച്ചു തുടങ്ങി.
ഭീമമായ തുക ഒറ്റയടിക്ക് അടക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സാവകാശം നല്കി തങ്ങളെ രക്ഷിക്കണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ബാങ്ക് അധികൃതരോടും സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: