പെട്രോളിനും ഡീസലിനും ഒറ്റയടിക്ക് വില കുറയ്ക്കുക വഴി ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഈ നടപടിക്ക് അനുസൃതമായി സംസ്ഥാന സര്‍ക്കാരുകള്‍ വാറ്റു നികുതി കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയുണ്ടായി. ഇതുപ്രകാരം നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചു. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങള്‍ വലിയ തോതിലാണ് തങ്ങള്‍ക്ക് ലഭിക്കുന്ന നികുതി വേണ്ടെന്നു വച്ചത്. ഇതില്‍ തന്നെ ഉത്തര്‍പ്രദേശും ഹരിയാനയും 12 രൂപ വീതമാണ് പെട്രോളിനും ഡീസലിനും കുറച്ചത്. പ്രതിപക്ഷം ഭരിക്കുന്ന തമിഴ്നാടും ഒറീസയുമടക്കമുള്ള സംസ്ഥാനങ്ങളും വാറ്റുനികുതി കുറയ്ക്കുകയുണ്ടായി. പക്ഷേ ഒരു നികുതിയും കുറയ്ക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണ്. കേന്ദ്രം നികുതി കുറച്ച വാര്‍ത്ത പുറത്തുവന്ന ദിവസം ആനുപാതികമായ നികുതിയിളവ് സംസ്ഥാനത്തും ഉണ്ടാവുമെന്നു പറഞ്ഞ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പിറ്റേ ദിവസം മാധ്യമങ്ങളെ കണ്ടപ്പോള്‍ മലക്കംമറിയുകയായിരുന്നു. ഇന്ധന നികുതി കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ അധിക്ഷേപിച്ചുകൊണ്ട്, സംസ്ഥാനം നികുതി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്. യാതൊരു ലജ്ജയുമില്ലാതെ വീറോടെ ഇക്കാര്യം പറഞ്ഞ മന്ത്രി താന്‍ ഒരു ജനവിരുദ്ധനാണെന്നു തെളിയിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായിയുടെ പൂര്‍ണ പിന്തുണ ഇതിനുണ്ടെന്ന കാര്യം ഉറപ്പാണ്. സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയെ പിന്തുണച്ച് സിപിഎമ്മും രംഗത്തുവരികയുണ്ടായി.
ഇന്ധന വിലവര്‍ധനയുടെ കാര്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ എടുത്ത നിലപാടിന് കടകവിരുദ്ധമായ നിലപാടാണ് അധികാരത്തുടര്‍ച്ച ലഭിച്ചപ്പോള്‍ എടുത്തിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ തങ്ങള്‍ അനുകൂലിക്കുകയാണെന്നും, എന്നാല്‍ കേന്ദ്രം ഇങ്ങനെ ചെയ്യുന്നില്ലെന്നുമായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തിയിരുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍പ്പെടുത്തി വില കുറയ്ക്കാന്‍ ഒരുക്കമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കുകയും, ഇതിനുള്ള നീക്കം ആരംഭിക്കുകയും ചെയ്തപ്പോള്‍ കേരളം കാലുമാറി. ജിഎസ്ടി കൗണ്‍സിലില്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. സംസ്ഥാനത്ത് ലിറ്ററിന് 58 രൂപയ്ക്കെങ്കിലും പെട്രോള്‍ ലഭിക്കുന്ന ഇത്തരമൊരു നടപടിയെ അംഗീകരിക്കില്ലെന്നാണ് ധനമന്ത്രി ബാലഗോപാല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇതിനുപിന്നാലെയാണ് ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്ന വിധത്തില്‍, വാറ്റ് നികുതി കുറയ്ക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതും. നികുതി വരുമാനം തീരെ കുറവായ ഗോവ, അരുണാചല്‍പ്രദേശ് മുതലായ സംസ്ഥാനങ്ങള്‍ പോലും യാതൊരു മടിയും കൂടാതെ ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളത്തിന്റെ ജനദ്രോഹപരമായ തീരുമാനം നീതിബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല. ജനങ്ങള്‍ എന്ത് കഷ്ടപ്പാടുകള്‍ സഹിച്ചാലും തങ്ങള്‍ക്ക് അത് ബാധകമല്ലെന്നും, ഇഷ്ടമുള്ളതുപോലെ ചെയ്യാനാണ് അധികാരത്തില്‍ എത്തിയിരിക്കുന്നതെന്നുമുള്ള ധാര്‍ഷ്ട്യമാണ് പിണറായി സര്‍ക്കാരിനെ നയിക്കുന്നത്. ഈ ധാര്‍ഷ്ട്യമാണ് മന്ത്രി ബാലഗോപാലിന്റെ വാക്കുകളില്‍ നിറഞ്ഞുനില്ക്കുന്നതും.
ഇന്ധന നികുതി കുറച്ചാല്‍ കേരളത്തിന് വലിയ വരുമാന നഷ്ടം സംഭവിക്കുമെന്നും, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നുമാണ് ബാലഗോപാല്‍ പറയുന്നത്. ഇന്ധന നികുതിക്കു പുറമെ മദ്യ വില്‍പ്പനയില്‍ നിന്നും ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന നികുതിയല്ലാതെ മറ്റ് നികുതി വരുമാനമില്ല എന്നു സമ്മതിക്കുകയാണ് മന്ത്രി. വസ്തുനികുതി പോലുള്ളവ വര്‍ധിപ്പിച്ച് വരുമാനമുണ്ടാക്കാവുന്നതേയുള്ളൂ. പക്ഷേ അതിന് ശ്രമിക്കുന്നില്ല. കാരണം സമ്പന്നരെ പിണക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. ഭരണച്ചെലവ് ചുരുക്കാനും വയ്യ. എന്നാല്‍ കിട്ടാവുന്നിടത്തുനിന്നൊക്കെ കടമെടുത്ത് മലയാളികളെ കടക്കെണിയിലാക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രീണിപ്പിക്കാനും, ഇല്ലാത്ത ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കാനും, ആഡംബര വാഹനങ്ങള്‍ വാങ്ങാനും മറ്റുമാണ് വരുമാനം ചെലവഴിക്കുന്നത്. ഇങ്ങനെയൊക്കെ മതി എന്നാണ്, തനിക്കുശേഷം പ്രളയം എന്നു വിശ്വസിക്കുന്ന പിണറായിയുടെ ഭാവം. ഇന്ധനവില വര്‍ധനവില്‍ നിന്ന് ലഭിക്കുന്ന നികുതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനമെന്ന് സമ്മതിക്കുന്നതിലൂടെ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കാപട്യവും വഞ്ചനയുമാണ് പുറത്തായിരിക്കുന്നത്. അതായത് ഇന്ധനവില അടിക്കടി വര്‍ധിക്കുമ്പോള്‍ നികുതി വരുമാനവും ഏറുന്നതില്‍ ഈ സര്‍ക്കാര്‍ സന്തോഷിക്കുകയായിരുന്നു. ഈ സന്തോഷം ഗൂഢമാക്കിവച്ചുകൊണ്ടാണ് ഇന്ധന വില വര്‍ധനയില്‍ രോഷം കൊണ്ടത്. പണമുള്ളവന് ഇന്ധന വില വര്‍ധനയോ സാധന വിലവര്‍ധനയോ ഒരു പ്രശ്നമല്ല. ജീവിതം ദുഃസഹമാകുന്നത് സാധാരണക്കാര്‍ക്കാണ്. ഇവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഒരുക്കമല്ലെന്നാണ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: