തിരുവനന്തപുരം: സംസ്ഥാനം ഇന്ധന നികുതി കുറച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. നികുതി കുറയ്‌ക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ മൗനം വെടിയണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇന്ധന നികുതി സംസ്ഥാനം കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചാല്‍ സംസ്ഥാനവും നികുതി കുറയ്ക്കാമെന്നു പറഞ്ഞ വാക്കുപാലിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നു കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇന്ധന വിലയ്ക്കെതിരെ ഏറ്റവും കൂടുതല്‍ സമരം നടത്തിയത് ഇടതുപക്ഷമാണ്. ആ സമരത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ നികുതി കുറയ്ക്കണം. പെട്രോളിയം വിലവര്‍ധന വികസനത്തിനുകൂടി വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞപ്പോള്‍ അധിക്ഷേപിച്ചവരാണ് ഇടതുപക്ഷം.
അതേപാര്‍ട്ടിക്കാര്‍ ഇപ്പോള്‍ നികുതി കുറച്ചാല്‍ ക്ഷേമ പെന്‍ഷനുകളും വികസനങ്ങളും നിന്നുപോകുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുകുത്തുന്നുവെന്ന് ധനമന്ത്രി തന്നെ കുറ്റസമ്മതം നടത്തുകയാണ്. ജനപക്ഷത്ത് ആണെങ്കില്‍ കേന്ദ്രനടപടി പിന്തുടരാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ തട്ടിപ്പും ജനവഞ്ചനയുമാണ് നടത്തുന്നതെന്ന് ജനം വിധിയെഴുതുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അധ്യക്ഷനായി. ബിജെപി നേതാക്കളായ പ്രൊഫ. വി.ടി.രമ, സി. ശിവന്‍കുട്ടി, എസ്.സുരേഷ്, കരമനജയന്‍, പി. അശോക്കുമാര്‍, തോട്ടയ്‌ക്കാട്ശശി, പോങ്ങുംമൂട് വിക്രമന്‍, വെങ്ങാനൂര്‍ സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക