തൃശ്ശൂര്‍: നഗരത്തില്‍ അലയുന്ന കാലികളെ പിടിച്ചുകെട്ടി സംരക്ഷിക്കാനെന്ന പേരില്‍ അറവുകാര്‍ക്ക് കൈമാറാന്‍ നീക്കം. നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ കാല്‍നട, വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായ സാഹചര്യത്തിലാണ് കോര്‍പറേഷന്‍ ഇടപെട്ട് സംരക്ഷണം ഒരുക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഎസ്‌ഐ ഓഫീസിന് വടക്കുഭാഗത്ത് സ്വകാര്യ ബാങ്കിന്റെ അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ കോര്‍പറേഷന്‍ പിടിച്ചുകെട്ടിയ കാലികളെ ഏറ്റെടുക്കാന്‍ ഉടമകള്‍ ഏഴ് ദിവസത്തിനുള്ളില്‍ എത്തിയില്ലെങ്കില്‍ ഇവയെ ലേലം ചെയ്യാനും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.
ലേലം ചെയ്യാനെന്ന പേരില്‍ അറവുശാലകള്‍ക്ക് കുറഞ്ഞ വിലയില്‍ കാലികളെ വില്‍ക്കാന്‍ നീക്കം നടക്കുന്നതായാണ് ആരോപണം. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടയില്‍ പതിനഞ്ചോളം കാലികളാണ് റോഡരികില്‍ ചത്ത് വീണത്. ഇതില്‍ ഭൂരിഭാഗവും ഉള്ളില്‍ പ്ലാസ്റ്റിക്ക് ചെന്ന കാരണത്താലാണ്. എന്നാല്‍ റോഡ് ഗതാഗത പരിഷ്‌കരണത്തില്‍ ട്രാഫിക്ക് എസ്‌ഐയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോര്‍പറേഷന് എതിരെ എസിപിയെ ഇടപെടുത്തി ട്രാഫിക്ക് എസ്‌ഐ കാലികളുടെ വിഷയം ഉന്നയിച്ചതാണെന്നും ആക്ഷേപമുണ്ട്.
കാലികളെ സംരക്ഷിക്കുന്നത് സംബന്ധിച്ച് മേയറുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്. യോഗത്തിലേക്ക് തിരുവമ്പാടി-പാറമേക്കാവ്, കൊച്ചി ദേവസ്വം പ്രതിനിധികളെയും വെറ്ററിനറി ഡോക്ടര്‍മാരെയും രാഷ്‌ട്രീയ പ്രതിനിധികളെയും ക്ഷണിച്ചിട്ടുമുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി ക്ഷേത്രമൈതാനിയില്‍ കാലികളെ പരിപാലിക്കുന്ന സംഘടനകളെ യോഗവിവരം അറിയിച്ചിട്ടില്ല.
നഗരത്തില്‍ അലയുന്ന 42 കന്നുകാലികളെ പിടിച്ചുകെട്ടാന്‍ ഒരു ലക്ഷത്തോളം രൂപയാണു ചെലവ്. കന്നുകാലികളെ നിയമ പ്രകാരം പിടിച്ചു കെട്ടി 7 ദിവസത്തിനു ശേഷം ലേലം ചെയ്യാം. അലയുന്ന ഒരു കാലിയും തങ്ങളുടേതല്ലെന്ന നിലപാടിലാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. കാളയുടെ ആക്രമണത്തില്‍ അപകടം നടന്ന സാഹചര്യത്തിലാണ് കോര്‍പറേഷനു പോലീസ് കത്തു നല്‍കിയത്. കാലികളെ ഏറ്റെടുക്കാന്‍ മൃഗസ്‌നേഹി സംഘടനകള്‍ ഉണ്ടെങ്കില്‍ വിട്ടുനല്കുമെന്നും മേയര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: