ദുബായ്: ആദ്യ രണ്ട് കളിയിലെ ചില ‘മോശം തീരുമാനങ്ങള്‍’ക്ക് കാരണം വിശ്രമമില്ലാതെ സുദീര്‍ഘമായി കളിച്ചുകൊണ്ടിരുന്നതിന്റെ ക്ഷീണം മൂലമാണെന്ന് രോഹിത് ശര്‍മ്മയാണ് ഈയിടെ തുറന്നടിച്ചത്. രണ്ട് മോശം കളികള്‍ ഒരു ടീമിനെ ദരിദ്രമാക്കില്ലെന്ന കമന്റിലൂടെ വളരെ ഗോപ്യമായി തന്റെ അസംതൃപ്തിയും രോഹിത് ശര്‍മ്മ പ്രകടമാക്കി.
‘രണ്ട് ഗെയിമുകളില്‍ തോറ്റാന്‍ ഞങ്ങള്‍ എല്ലാവരും ഒറ്റ രാത്രികൊണ്ട് മോശം കളിക്കാരായി മാറില്ല. രണ്ട് മോശം ഗെയിമുകള്‍ സംഭവിച്ചാല്‍ എല്ലാ കളിക്കാരും മോശക്കാരാണെന്നല്ല അര്‍ത്ഥമാക്കുന്നത്. ടീമിനെ ചലിപ്പിക്കുന്നവരാണ് മോശമാകുന്നത്. പിന്നീട് നിങ്ങള്‍ കാര്യങ്ങള്‍ വിലയിരുത്തുന്നു. തിരിച്ചുവരുന്നു. അതാണ് ഈ ഗെയിമില്‍ (അഫ്ഗാനുമായുള്ള) സംഭവിച്ചത്,’ രോഹിത് ശര്‍മ്മ വ്യക്തമാക്കുന്നു.
‘ഞങ്ങള്‍ കളിക്കുന്ന ക്രിക്കറ്റിന്റെ ബാഹൂല്യം കാരണം ഓരോ തവണ കളിക്കളത്തില്‍ ഇറങ്ങുമ്പോഴും തമ്മള്‍ ശരിയായ തീരുമാനം എടുക്കേണ്ടതുണ്ട്. മാനസികാവസ്ഥയുടെ കാര്യത്തില്‍ നിങ്ങള്‍ ഫ്രഷ് ആണെന്ന് ഉറപ്പാക്കണം. എങ്കിലേ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയൂ, നിങ്ങള്‍ ഒരു പാട് ക്രിക്കറ്റ് കളിക്കുമ്പോല് ഇത്തരം കാര്യങ്ങള്‍ സംഭവിക്കും. ഇടയ്ക്ക് കളിയില്‍ നിന്നും മാറി നിന്ന് മനസ്സിനെ ഫ്രഷാക്കേണ്ടതുണ്ട്,’ രോഹിത് വിശദമാക്കുന്നു.
ആദ്യ രണ്ട് കളികളിലെ തോല്‍വി ഇന്ത്യന്‍ ടീമിനെ മാനസികമായി തകര്‍ത്തു. പാകിസ്ഥാനുമായി 10 വിക്കറ്റിന് തോറ്റപ്പോള്‍ ന്യൂസിലാന്റുമായി എട്ടുവിക്കറ്റിനാണ് തോറ്റത്. ഇതോടെ ക്യാപ്റ്റന്‍ വിരാട് കോഹ് ലി ഉള്‍പ്പെടെ ടീമിനും ടീമംഗങ്ങള്ക്കുമെതിരെ അതിശക്തമായ ട്രോള്‍ ആക്രമണമായിരുന്നു നടന്നത്.
മുഖ്യകോച്ചായുള്ള രാഹുല്‍ ദ്രാവിഡിന്റെ നിയമനത്തെയും രോഹിത് ശര്‍മ്മ സ്വാഗതം ചെയ്തു. ടീമിലെ കളിക്കാരെല്ലാം അക്ഷമയോടെ രാഹുല്‍ ദ്രാവിഡിന്റെ വരവിനായി കാത്തിരിക്കുകയാണെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ‘ഞങ്ങള്‍ അഫ്ഗാനിസ്ഥാനെതിരെ കളിക്കുകയായിരുന്നു. അതുകൊണ്ട് നിയമനത്തെക്കുറിച്ച് അറിഞ്ഞില്ല. ഇന്ത്യന്‍ ടീമില്‍ മറ്റൊരു ഉത്തരവാദിത്വവുമായി മടങ്ങിയെത്തുന്ന രാഹുല്‍ദ്രാവിഡിന് അഭിനന്ദനം. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ എല്ലാവരും അക്ഷമയോടെ കാത്തിരിക്കുന്നു,’ രോഹിത് ശര്‍മ്മ പറഞ്ഞു.
ബുധനാഴ്ച രാഹുല്‍ ദ്രാവിഡ് ചുമതലയേറ്റു. 2023ലെ 50 ഓവര്‍ ലോകകപ്പ് വരെ രണ്ട് വര്‍ഷത്തേക്കാണ് ഈ നിയമനം. ‘അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ്. ഭാവിയില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് രസകരമായിരിക്കും,’ രോഹിത് ശര്‍മ്മ പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഈ വൈസ് ക്യാപ്റ്റന്‍ പുതിയ ഇന്ത്യന്‍ കോച്ചിനെ അക്ഷമയോടെ കാത്തിരിക്കുകയാണ്. അടുത്ത ഗെയിമുകള്‍ക്ക് രാഹുല്‍ ദ്രാവിഡിന്റെ വരവിന് കാത്തിരിക്കുകയാണ്. പാകിസ്ഥാനുമായും ന്യൂസിലാന്റുമായും പരാജയപ്പെട്ട ഇന്ത്യ അഫ്ഗാനിസ്ഥാനെ തോല്പിച്ച് ടി20 ലോകകപ്പില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. അതിനിടയിലാണ് ടീമിന്റെ പ്രചോദനമുണര്ത്തിക്കൊണ്ടുള്ള രാഹുല്‍ദ്രാവിഡിന്റെ വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: