തിരുവനന്തപുരം: നടന് ജോജുവിന്റെ പ്രതിഷേധത്തിന് മുന്നില്‍ പതറിപ്പോയ കോണ്‍ഗ്രസ് തടിയൂരിക്കിട്ടാന്‍ പ്രശ്നത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒത്തുതീര്‍പ്പ് സംബന്ധിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ജോജുവിന്റെ സുഹൃത്തുക്കളെക്കൂടി കളത്തിലിറക്കിയാണ് ഒത്തുതീര്‍പ്പ് ശ്രമം.
കോണ്‍ഗ്രസിന്റെ വഴിതടയില്‍ സമരത്തെ എതിര്‍ത്ത ജോജു മദ്യപിച്ചിരുന്നു എന്ന കോണ്‍ഗ്രസ് ആരോപണം ചീറ്റിപ്പോയി. പൊലീസ് നടത്തിയ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. പിന്നാലെ ജോജു മുഖം മൂടി ധരിച്ചില്ലെന്നും കഞ്ചാവാണ് ഉപയോഗിച്ചതെന്നുമുള്ള കോണ്‍ഗ്രസിന്റെ ബാലിശമായ ആരോപണങ്ങളും ഏശിയില്ല.
ജോജു ക്രിമിനലാണെന്ന കെപിസി പ്രസിഡന്റ് സുധാകരന്റെ വാദത്തെ സമൂഹമാധ്യമങ്ങള്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. മാത്രമല്ല, ജോജുവിന്റെ വാഹനത്തിന്റെ ചില്ല് പൊട്ടിച്ച കോണ്‍ഗ്രസുകാരെ മുഴുവന്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തത്.
കൃത്യമായ അനുമതി വാങ്ങാതെയുള്ള വഴിതടയല്‍ സമരത്തിന്റെ പേരില്‍ കോടിക്കുന്നില്‍ സുരേഷ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.ജെ. പൗലോസ് തുടങ്ങിയ 15 നേതാക്കള്‍ക്കും 50 പ്രവര്‍ത്തകര്‍ക്കുമെതിരെയും കേസെടുത്തു. അതേ സമയം വനിതാ നേതാവ് ജോജു തങ്ങളെ ഉപദ്രവിച്ചു എന്ന് കാണിച്ച് നല്കിയ പരാതി പൊലീസ് കണക്കിലെടുത്തതുമില്ല. എല്ലാ അര്‍ത്ഥത്തിലും നാണം കെട്ട കോണ്‍ഗ്രസ് ഇപ്പോള്‍ ഒത്തുതീര്‍പ്പിലൂടെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്.
സമരത്തിന് അനുകൂലമായും ജോജുവിന് എതിരായും പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടു. മാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ ജോജുവിന് അനുകൂലമായി ഉണ്ടായ തരംഗവും കോണ്‍ഗ്രസ് നേതാക്കളെ നിഷ്പ്രഭരാക്കി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പോലുള്ള ജനകീയ നേതാക്കളാകട്ടെ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയും ചെയ്തു. പൊലീസിന്റെ കര്‍ക്കശമായ നടപടികളും കൂടിയായതോടെ കോണ്‍ഗ്രസ് തീര്‍ത്തും പ്രതിരോധത്തിലായി. ഇക്കഴിഞ്ഞ നാളുകളില്‍ ഇത്രയും നാണം കെട്ട ഒരു പരിസമാപ്തിയിലേക്ക് കോണ്‍ഗ്രസ് സമരം വഴിതിരിഞ്ഞുപോയത് ഇതാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: