തൃശ്ശൂര്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ജനങ്ങള്‍ ബുദ്ധിമുട്ടാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേന്ദ്രത്തെ മാതൃകയാക്കി എന്‍ഡിഎ ഭരിക്കുന്ന 10 സംസ്ഥാനങ്ങള്‍ നികുതി കുറച്ചു. കേന്ദ്രസര്‍ക്കാരിനെ മാതൃകയാക്കി സമാനമായ രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും അദേഹം പ്രതികരിച്ചു.
ഒരു നയാപൈസ പോലും കുറയ്ക്കില്ലെന്ന സംസ്ഥാന ധനമന്ത്രിയുടെ നിലപാട് ധിക്കാരവും ജനാധിപത്യവിരുദ്ധവുമാണെന്നും സുരേന്ദ്രന് വിമര്‍ശിച്ചു. ഇന്ധന നികുതിയുടെ കാര്യത്തിലെ പിണറായി സര്‍ക്കാരിന്റെ ബാലിശമായ നിലപാട് ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും ഹൃദയം കരിങ്കല്ലിന് സമാനമാണ്. തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപിഎമ്മിന്റെ തനിനിറം പുറത്തായിരിക്കുകയാണെമ്മും സുരേന്ദ്രന് പറഞ്ഞു.
കേന്ദ്രം നികുതി കുറച്ചാല്‍ സംസ്ഥാനവും സമാന പാത പിന്തുടരുമെന്ന് ഉറപ്പ് പറഞ്ഞ സര്‍ക്കാര്‍ അതില്‍ നിന്നും പിന്നോട്ട് പോവുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറയുന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ്. കൊവിഡ് പ്രതിസന്ധി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉണ്ട്. എന്നിട്ടും ആ സംസ്ഥാനങ്ങളെല്ലാം നികുതി കുറയ്ക്കുകയാണ്. കേന്ദ്രനികുതി കുറച്ചാല്‍ സംസ്ഥാനത്തിന്റെ നികുതി കുറയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതുവരെ നികുതി വരുമാനമെല്ലാം കേന്ദ്രത്തിനാണ് പോവുന്നതെന്ന് പറഞ്ഞ സംസ്ഥാനത്തിന്റെ കാപട്യം പുറത്തായിരിക്കുകയാണെന്നും തൃശ്ശൂര്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദേഹം ചൂണ്ടിക്കാട്ടി.
ബിജെപി ഭരിക്കുന്ന കര്‍ണാടക, ഗോവ സര്‍ക്കാരുകളാണ് കേന്ദ്ര തീരുമാനത്തിനു പിന്നാലെ ആദ്യം ഇന്ധന നികുതി കുറച്ചത്. ഏഴ് രൂപയാണ് ഇരു സംസ്ഥാനങ്ങളും കുറച്ചത്. ഇതോടെ ഗോവയില്‍ ഡീസലിന് ലിറ്ററിന് 17 രൂപയും പെട്രോള്‍ ലിറ്ററിന് 12 രൂപയും കുറയും. പെട്രോളിനും ഡീസലിനും 12 രൂപ വീതമാണ് യോഗി ആദിത്യനാഥ സര്‍ക്കാര്‍ കുറച്ചത്. അടുത്തിടെ, ആഗോളതലത്തില്‍ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലയും കൂടി.
കൊവിഡിനു ശേഷം കാര്‍ഷിക, സേവന മേഖലകളില്‍ അടക്കം സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും കാര്യമായ വളര്‍ച്ച ദൃശ്യമായിട്ടുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങളും വലിയ തോതില്‍ മെച്ചപ്പെട്ടു. സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ കുതിപ്പു പകരാന്‍ വേണ്ടിയാണ് എക്സൈസ് തീരുവ കുറച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ മൂല്യാധിഷ്ഠിത നികുതി കുറച്ച് ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരണമെന്ന് സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: