കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കാതെ പ്രതിസന്ധിയിലായി പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ഐടിഐകള്‍. ഉത്തരമേഖലയിലെ ഇരുപത്തിയഞ്ചോളം ഐടിഐകളുടെ പ്രവര്‍ത്തനമാണ് ഫണ്ടില്ലാത്തതിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായത്.
ഒരു വര്‍ഷം മുമ്പ് ഉയര്‍ന്ന അഴിമതി ആരോപണത്തെത്തുടര്‍ന്ന് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഉത്തരമേഖല ട്രെയിനിങ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തതോടെയാണ് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായത്. തുടര്‍ന്ന് സാമ്പത്തിക കാര്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി, അതേ തസ്തികയില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. എന്നാല്‍, ബില്ലുകളില്‍ ഒപ്പിടാന്‍ ആളില്ലെന്നായി അവസ്ഥ. തുടര്‍ന്നാണ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം നിലച്ചത്.
കഴിഞ്ഞ ദിവസം പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്അധികാരം നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഫണ്ട് ക്രമീകരണത്തിനുള്ള നടപടികള്‍ ആരംഭിക്കാതെ തടസ്സമുണ്ടാകുന്നു. ഫണ്ട് ഇല്ലാത്തതിനെത്തുടര്‍ന്ന് ഐടിഐകളിലെ വൈദ്യുതി, വെള്ളം, ഫോണ്‍ ബില്ലുകള്‍ നല്‍കിയിട്ട് മാസങ്ങളായി. വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്‍ഡും ഭക്ഷണ അലവന്‍സുകളും മുടങ്ങിയിരിക്കുകയാണ്.
അതേസമയം, സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ചുള്ള ഉത്തരവുകളായെന്നും ഫണ്ട് ക്രമീകരണം നടക്കുന്നതായും എല്ലാം ഉടന്‍ തന്നെ ശരിയാകുമെന്നും ഐടിഐ ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: