കൊച്ചി: കോണ്‍ഗ്രസ് സമരാഭാസത്തിനിടെ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിലെ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവിലെന്ന് പോലീസ്. മുന്‍ മേയര്‍ ടോണി ചമ്മണി, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന് ഉള്‍പ്പെടെയുള്ളവാരണ് ഒളിവിലെന്ന് പോലീസ് പറയുന്നത്. കേസില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് വൈറ്റില സ്വദേശി പി.ജി. ജോസഫ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തു.
കാര്‍ തകര്‍ത്ത കേസില്‍ ടോണി ചമ്മണിയും സജീന്ദ്രനുമുള്‍പ്പെടെ എട്ട് പ്രതികളാണുള്ളത്. കഴിഞ്ഞ ദിവസം മരട് പോലീസ് കേസെടുത്തതിനു പിന്നാലെ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി മുങ്ങുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പ്രതികളെ തിരയുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമവും വിജയിച്ചില്ല.
മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കളെന്നാണ് വിവരം. കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കുന്നതില്‍ ടോണി ചമ്മണിയുടെയും സജീന്ദ്രന്റെയും പങ്ക് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുവരും പ്രവര്‍ത്തകരെയും കൂട്ടി ജോജുവിനോട് തട്ടിക്കയറുന്നതും കാറില്‍ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടയിലാണ് ജോസഫ് കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ത്തത്. കേസില്‍ ടോണി ചമ്മണിയാണ് ഒന്നാംപ്രതി.
അറസ്റ്റിലായ ജോസഫ് കുറ്റസമ്മതം നടത്തിയതായി അസി. കമ്മിഷണര്‍ പറഞ്ഞു. ചില്ല് തകര്‍ത്തപ്പോള്‍ ജോസഫിന്റെ വലതു കൈയ്ക്ക് ആഴത്തില്‍ മുറിവേറ്റു. രക്തം വാഹനത്തില്‍ വീണു. രക്തസാമ്പിള്‍ പരിശോധനയ്ക്ക് നല്കി. സ്വകാര്യസ്വത്തിന് നാശനഷ്ടമുണ്ടാക്കുന്നതിനെതിരായ നിയമത്തിലെ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. വഴിതടഞ്ഞതിന് 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മറ്റൊരു കേസ് കൂടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: