മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനമനസ്സില്‍ സ്ഥായിയായ ഇടം നേടിയ സമര്‍ത്ഥനായ സംഘാടകനെയാണ് വിഷ്ണു നമ്പൂതിരിയുടെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടത്. ലളിതമായ ജീവിതശൈലിയും സൗമ്യമായ ഇടപെടലും വഴി വലിയൊരു സുഹൃദ് സമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്മൂലം അജാതശത്രു എന്ന നിലയില്‍ ഏവര്‍ക്കും ബഹുമാന്യനായി. ജനസംഘത്തിന്റെ ആദ്യകാലങ്ങളില്‍ നടന്ന ഒട്ടേറെ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് ധീരനേതൃത്വം നല്കി. ശക്തമായ നിലപാടും അചഞ്ചലമായ ആശയ പ്രതിബദ്ധതയും വേറിട്ടൊരു വ്യക്തിത്വമാക്കി മാറ്റി. രാഷ്ട്രീയ പ്രവര്‍ത്തനരംഗത്ത് ഉജ്വല ശോഭ പരത്തിയ കാലത്താണ് അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഭവിക്കേണ്ടി വന്നത്. ശാരീരികമായ ഒട്ടേറെ ക്ലേശങ്ങള്‍ ഉണ്ടായിരുന്ന സമയത്തും പിന്തിരിയാതെ ചുറുചുറുക്കോടെ പ്രവര്‍ത്തനനിരതനായി. സ്നേഹസാന്ദ്രമായ ആ തലോടലും ഒരിക്കലും മറക്കാനാവില്ല. ഏവരുടേയും മനസ്സില്‍ എന്നെന്നും അതുണ്ടാകും.
1974 ല്‍ ഞാന്‍ രാഷ്ട്രവാര്‍ത്ത പത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വിഷ്ണുനമ്പൂതിരി സാറുമായി അടുത്ത് പ്രവര്‍ത്തിച്ചത്. ജനസംഘത്തിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ നിയുക്തനായ സബ് എഡിറ്റര്‍ എന്ന നിലയില്‍ പലപ്പോഴും സാറിന്റെ കൂടെ യാത്ര ചെയ്തിട്ടുണ്ട്. വയനാട് ആദിവാസി സംഘം, യുവസംഘം തുടങ്ങി ജനസംഘത്തിന്റെ പോഷകസംഘടനകളുടെ സമ്മേളനങ്ങളിലെല്ലാം സ്ഥിരസാന്നിധ്യമായിരുന്നു. ഫലിതങ്ങള്‍ പറഞ്ഞും ലളിതമായി കാര്യങ്ങള്‍ വിശദീകരിച്ചും സദസ്സിന്റെ സജീവശ്രദ്ധ നേടുക പതിവായിരുന്നു.
കാര്‍ഷികനിയമങ്ങളെക്കുറിച്ചും കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ആധികാരികവും യുക്തിഭദ്രവുമായിരുന്നു. ജനസംഘത്തിന്റെ വാര്‍ഷിക സമ്മേളനങ്ങളില്‍ പ്രമേയം തയ്യാറാക്കുന്ന ചുമതല അദ്ദേഹത്തിനായിരുന്നു. ദിവസങ്ങളോളം റഫറന്‍സ് പുസ്തകങ്ങള്‍ വായിച്ചും രേഖകള്‍ പരിശോധിച്ചും തയ്യാറാക്കുന്ന പ്രമേയങ്ങള്‍ സര്‍വ്വസമ്മതമായി അംഗീകരിക്കപ്പെട്ടിരുന്നു. ഏതു വിഷയവും പഠിച്ചശേഷം മാത്രം പറയുന്ന സ്വഭാവം ആ വ്യക്തിപ്രഭാവത്തിന് ആക്കം കൂട്ടി. രാഷ്ട്രീയക്കാരിലെ അഭിഭാഷകനും അഭിഭാഷകരിലെ രാഷ്ട്രീയക്കാരനുമായി തിളങ്ങിനിന്നു. രണ്ടിടത്തും മികച്ച പ്രകടനം കാഴ്ചവച്ചതു മൂലം ആര്‍ക്കും സ്വീകാര്യനായി പ്രശോഭിച്ചു.
ഗാന്ധിജിയുടെയും ദീനദയാല്‍ ഉപാധ്യായയുടെയും ചിന്തകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍ ശക്തമായ സ്വാധീനം ചെലുത്തി. പ്രഭാഷണങ്ങളിലും എഴുത്തിലും ഈ സ്വാധീനം തെളിഞ്ഞുനിന്നു. കഠിനാധ്വാനവും സ്ഥിരോത്സാഹവും വഴി താന്‍ ഏറ്റെടുത്ത ചുമതലകള്‍ വിജയകരമായി നിര്‍വഹിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു.
നവതി ആഘോഷ വേളയിലാണ് തിരുവല്ലയില്‍ വച്ച് അവസാനമായി കണ്ടത്. പ്രായാധിക്യം മൂലമുള്ള അവശതകള്‍ ഒട്ടേറെ ഉണ്ടായിരുന്നിട്ടും പഴയകാലാനുഭവങ്ങള്‍ ചിന്തേരിട്ട് മിനുക്കി എടുത്ത വാക്കുകളാണ് സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തില്‍ കേട്ടത്. സ്വന്തം ക്ലേശങ്ങള്‍ ആരോടും പറയാതെ, പരിഭവ വാക്കുകള്‍ ഒരിക്കലും ഉരിയാടാതെ പൊതുപ്രവര്‍ത്തനത്തെ നിസ്തന്ദ്ര സേവന മാധ്യമമാക്കി മാറ്റി രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം ശോഭപരത്തി വിരാജിക്കുകയായിരുന്നു ആ ധന്യാത്മാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: