പാലക്കാട്: മഴ ഒഴിഞ്ഞ് വിളകള്‍ക്ക് വളപ്രയോഗത്തിനൊരുങ്ങുന്ന നെല്‍കര്‍ഷകര്‍ക്ക് തിരിച്ചടിയായി രാസവളക്ഷാമം രൂക്ഷമാകുന്നു. രണ്ടാംവിള ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും രാസവളങ്ങള്‍ ലഭിക്കാത്തതാണ് നെല്‍കര്‍ഷകരെ വലയ്ക്കുന്നത്.
നെല്‍കൃഷിക്കാവശ്യമായ യൂറിയ, പൊട്ടാഷ്, ഫോസ്ഫേറ്റ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ ക്ഷാമം. തുലാമഴയ്ക്കു മുമ്പ് വിളകള്‍ക്ക് വളപ്രയോഗം നടത്താനുള്ള നെട്ടോട്ടത്തിനിടെയിലാണ് കര്‍ഷകര്‍ക്ക് ഈ പ്രതിസന്ധി. ചില്ലറ വില്‍പ്പന ശാലകളിലും സഹകരണ ബാങ്കുകളുടെ വളം ഡിപ്പോകളിലും കര്‍ഷകര്‍ വളത്തിനായി നിരന്തരം കയറിയിറങ്ങുന്നുണ്ടെങ്കിലും വളമെത്തിയില്ലെന്ന മറുപടി മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
ഇപ്പോഴത്തെ കാലാവസ്ഥ വിളകള്‍ക്ക് വളപ്രയോഗം നടത്താന്‍ അനുയോജ്യമാണ്. ഏറ്റവുമധികം നൈട്രജന്‍ നെല്‍ച്ചെടികള്‍ക്ക് നല്കുന്ന വളമാണ് യൂറിയ. നെല്‍കൃഷിക്ക് കൃത്യസമയത്ത് വളപ്രയോഗം നടത്തിയില്ലെങ്കില്‍ ഉത്പാദനം കുത്തനെ കുറയും. രാസവള ക്ഷാമം രൂക്ഷമായതോടെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ കര്‍ഷകര്‍ കൂട്ടുവളങ്ങളിലേക്കും വിലകൂടിയ കോംപ്ലക്സ് വളങ്ങളിലേക്കും മാറാന്‍ നിര്‍ബന്ധിതരായി. ഇത് കര്‍ഷകര്‍ക്ക് ഇരട്ടി നഷ്ടക്കണക്കുകളിലേക്ക് വഴിയൊരുക്കും.
സബ്സിഡിയുള്ള വളം ഇടനിലക്കാര്‍ നിയമവിരുദ്ധമായി വ്യാവസായിക ആവശ്യങ്ങള്‍ക്ക് കടത്തിക്കൊണ്ട് പോകുന്നതാണ് വളക്ഷാമത്തിന് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. ഇടനിലക്കാര്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് വില വര്‍ധനയ്ക്ക് ശ്രമിക്കുന്നെന്ന പരാതിയും കര്‍ഷകര്‍ ഉയര്‍ത്തുന്നു. വളപ്രയോഗം കൃത്യമല്ലെങ്കില്‍ കൃഷി വിളവിനെ ബാധിക്കും. ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലായ കാര്‍ഷികമേഖലക്ക് അത് വലിയൊരു തിരിച്ചടിയാകുമെന്നാണ് പെരുമ്പലം – മേലെഴിയം പാടശേഖരസമിതി സെക്രട്ടറി യു.പി. രവീന്ദ്രനാഥ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: