ന്യൂദല്‍ഹി: ദീന്‍ദയാല്‍ അന്ത്യോദയ യോജന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (DAY-NRLM) പദ്ധതിയുമായി കൈകോര്‍ത്ത് പ്രമുഖ ഇ കൊമേഴ്ഷ്യല്‍ സ്ഥാപനമായ ഫ്ലിപ്കാര്‍ട്ട്. പ്രാദേശിക സംരംഭങ്ങളില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ മുഖ്യധാരയിലേയ്ക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഉത്പന്നങ്ങള്‍ രാജ്യത്തെവിടെയും വില്‍ക്കാനായി സഹായിക്കുന്ന പദ്ധതിവഴി സ്ത്രീ സംരംഭകര്‍ക്ക് കൂടുതല്‍ സഹായകമാകും.
ഗ്രാമവികസന മന്ത്രാലയമാണ് ഫ്ലിപ്കാര്‍ട്ടുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപനത്തിന് ശക്തികൂട്ടുന്നതാണ് പദ്ധതിയെന്ന് മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ഗ്രാമീണ സ്ത്രീകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ 10 കോടിയിലധികം വരുന്ന ഫ്ലിപ്കാര്‍ട്ടിന്റെ ഉപഭോക്താക്കള്‍ക്ക് വില്ക്കാന് ധാരണാപത്രം സഹായിക്കുമെന്ന് ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ഫ്ലിപ്കാര്‍ട്ടിന്റെ ചീഫ് കോര്‍പ്പറേറ്റ് ഓഫീസര്‍ രജനീഷ് കുമാറാണ് പ്രഖ്യാപന പരിപാടിയില്‍ കമ്പനിക്കായി പങ്കെടുത്തത്.
ഗ്രാമവികസന മന്ത്രാലയത്തിന്റെ ദീന്‍ദയാല്‍ അന്ത്യോദയ യോജന പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 71 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങള്‍ക്ക് ഇത് പ്രയോജനകരമാകും. 7.84 കോടി സ്ത്രീകളാണ് അന്ത്യോദയ യോജന പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
കരകൗശല വിദഗ്ധര്‍, നെയ്ത്തുകാര്‍, കൈത്തൊഴിലാളികള്‍ എന്നിവരുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ‘ സമര്‍ത്ഥ് ‘ എന്ന പേരില്‍ ഫ്ലിപ്പ്കാര്‍ട്ട് പദ്ധതി രൂപീകരിച്ചിരുന്നു. കമ്പനി നിലവില്‍ ഇന്ത്യയിലുടനീളമുള്ള 9,50,000ലധികം കരകൗശല തൊഴിലാളികളുടെയും നെയ്ത്തുകാരുടെയും പദ്ധതിപ്രകാരം സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: