ചണ്ഡീഗഢ്: തനിയ്ക്കെതിരെ അര്‍ദ്ധരാത്രിയില്‍ നടന്ന ഗൂഢാലോചനയില്‍ സോണിയയും മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സിദ്ദുവിനൊപ്പം പങ്കുചേര്‍ന്നെന്ന് ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയ്ക്കയച്ച ഏഴ് പേജുള്ള കത്തിലാണ് കടുത്ത വിമര്‍ശനം. ഈ രാജിക്കത്ത് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
‘സിദ്ധുവിനെ നിയന്ത്രിക്കുന്നതിന് പകരം അയാളെ പിന്തുണയ്ക്കുകയായിരുന്നു രാഹുലും പ്രിയങ്കയും ചെയ്തത്. അതേ സമയം താങ്കള്‍ (സോണിയ) ഈ മാന്യന്റെ (നവജോത് സിദ്ദു) തട്ടിപ്പുകള്‍ക്ക് നേരെ കണ്ണടച്ചു’- അമരീന്ദര്‍ സിംഗ് ചൂണ്ടിക്കാട്ടി.
എന്നെയും എന്റെ സര്‍ക്കാരിനെയും ദിനം പ്രതി കുറ്റപ്പെടുത്തിയതാണ് സിദ്ദുവിന് അവകാശപ്പെടാവുന്ന പ്രശസ്തി. ഞാന്‍ അയാളുടെ അച്ഛനെ വയസ്സുള്ളയാളായിട്ടും എനിക്കെതിരെ വൃത്തികെട്ട ഭാഷ പരസ്യമായും രഹസ്യമായും ഉപയോഗിച്ചു,’- അമരീന്ദര്‍ സിംഗ് പറഞ്ഞു.
‘പാകിസ്ഥാന് സര്‍ക്കാരിന്റെ അടുത്ത പങ്കാളിയാണ് നവജോത് സിംഗ് സിദ്ദു. അസ്ഥിര മനസ്സുള്ളയാളുമാണ്. പാകിസ്ഥാന്റെ പങ്കാളിയായ സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷനായി താങ്കള്‍ (സോണിയ) നിയമിച്ചു. പാകിസ്ഥാന് സൈനിക മേധാവി ജനറല്‍ ബജ് വയേയും പ്രധാനമന്ത്രി ഇമ്രാന്‍ഖാനെയും പരസ്യമായി ആലിംഗനം ചെയ്ത വ്യക്തിയാണ് സിദ്ദു. ഇന്ത്യക്കാരെ കൊലചെയ്യാന്‍ അതിര്‍ത്തിക്ക് കുറുകെ തീവ്രവാദികളെ അയയ്ക്കുന്നതിന് ഉത്തരവാദികളാണ് ഇമ്രാന് ഖാനും ബജ് വയും,’ അമരീന്ദര്‍ സിംഗ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: