ചണ്ഡീഗഡ്: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇന്ത്യന്‍ നാഷണ്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഔദ്യോഗികമായി രാജിവെച്ചു. കോണ്‍ഗ്രസ് ആക്ടിംഗ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കാണ് രാജിക്കത്ത് അയച്ചത്. ഏഴ് പേജ് അടങ്ങിയ രാജിക്കത്തില്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം മുതല്‍ കോണ്‍ഗ്രസ് വിടാനുള്ള കാരണങ്ങള്വരെ അമരീന്ദര്‍ വിശദീകരിച്ചിട്ടുണ്ട്.
അതിനിടെ പുതിയ പാര്‍ട്ടിയുടെ പേര് അമരീന്ദര്‍ പ്രഖ്യാപിച്ചു. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ് പാര്‍ട്ടിയുടെ പേര്. രജിസ്ട്രേഷന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയില്‍ ആയതിനാല്‍ ചിഹ്നം പിന്നെയാകും പ്രഖ്യാപിക്കുക. ട്വിറ്റര്‍ വഴിയായിരുന്നു അമരീന്ദറിന്റെ പ്രഖ്യാപനം.
അമരീന്ദറിന്റെ പുതിയ പാര്‍ട്ടി ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച് സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. അമരീന്ദര്‍ പാര്‍ട്ടിയുമായി രംഗത്തിറങ്ങുന്നതോടെ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലാകുമെന്നത് ഉറപ്പാണ്. പുറത്തുവരുന്ന സര്‍വെ റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസിന് പഞ്ചാബ് നഷ്ടമാകുമെന്ന് പ്രവചിച്ചിരുന്നു.
2017 മാര്‍ച്ച് 16 ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം 2021 സെപ്റ്റംബര്‍ 19 ന് രാജിവെക്കുകയായിരുന്നു. പട്യാലയില്‍ നിന്നുള്ള ലോക് സഭാംഗമായ അമരീന്ദറിന്റെ ഭാര്യ ഇതുവരെ രാജി പ്രഖ്യപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: