മുംബൈ: ഒടുവില്‍ മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് കളത്തിലിറങ്ങിയതോടെ എന്‍സിപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ നവാബ് മാലിക് അടങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെയും സമീര്‍ വാങ്കഡെയുടെ കുടുംബത്തെയും ആക്രമിച്ചിരുന്ന, ഏറ്റവുമൊടുവില്‍ ഫഡ്‌നാവിസിനെയും ഭാര്യയെയും വരെ ആരോപണത്തില്‍ കോര്‍ത്തിരുന്ന നവാബ് മാലിക് പ്രതിരോധത്തിലൂന്നുന്ന കാഴ്ചയായിരുന്നു ചൊവ്വാഴ്ച കണ്ടത്.
സ്ത്രീകളെ നിരന്തരം വിമര്‍ശിക്കുന്നയാളാണ് നവാബ് മാലിക്ക് എന്ന ആരോപണം ഈയിടെ ഉയര്‍ന്നിരുന്നു. ഫഡ്‌നാവിസും ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചിരുന്നു. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ മേധാവി സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി രേദ്കറെയും ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിനെയും കഴിഞ്ഞ ദിവസങ്ങളില്‍ നവാബ് മാലിക്ക് വിമര്‍ശിച്ചിരുന്നു. ‘ ഞാന്‍ സ്ത്രീകളെ വിമര്‍ശിക്കുന്നു എന്ന ഒരു ആരോപണം ഉണ്ട്. എന്നാല്‍ അമൃത ഫഡ്‌നാവിസിനെയും ക്രാന്തി രേദ്കറിനെയും അല്ലാതെ താന്‍ ആക്രമിച്ചിട്ടില്ല. അവരുടെ പേര് പരാമര്‍ശിച്ചത് അവര്‍ കൂടി കേസില്‍ ഉള്‍പ്പെടതുകൊണ്ടാണ്,’ തന്റെ ഭാഗം വിശദീകരിച്ച് നവാബ് മാലിക് പറഞ്ഞു.
‘സഞ്ജയ് റാവുത്തിന്റെ ഭാര്യയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കിരിത്ത് സോമയ്യ (ബിജെപി നേതാവ്) താക്കറെയുടെ ഭാര്യയും കൂടെക്കൂടെ വിമര്‍ശിക്കുന്നു,’- നവാബ് മാലിക് തന്നെ പ്രതിരോധിച്ചുകൊണ്ട് പറഞ്ഞു.
ദീപാവലി കഴിഞ്ഞാല്‍ നവാബ് മാലിക്കിന്റെ അധോലോക ബന്ധം വെളിവാക്കുന്ന ബോംബ് താന്‍ പൊട്ടിക്കുമെന്ന് കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്‌നാവിസ് വെല്ലുവിളിച്ചിരുന്നു. ഇതിനും പ്രതിരോധത്തിലൂന്നിയുള്ള മറുപടിയായിരുന്നു നവാബ് മാലിക്ക് നടത്തിയത്. ‘ഞാന്‍ 62 വര്‍ഷമായി ഈ നഗരത്തില്‍ ജീവിക്കുന്നു. എനിക്ക് അധോലോകബന്ധമുണ്ടെന്ന് ആരും എന്റെ നേരെ വിരല്‍ ചൂണ്ടി പറഞ്ഞിട്ടില്ല. രാഷ്‌ട്രീയ പ്രതികാരത്തിന് പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. എന്റെ കുട്ടികള്‍ക്കോ പേരക്കുട്ടികള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ ചന്ദ്രകാന്ത് പാട്ടീല്‍ (ബിജെപി നേതാവ്) ആയിരിക്കും ഉത്തരവാദി,’ നവാബ് മാലിക്ക് പറഞ്ഞു.
പുതിയ ആരോപണങ്ങളൊന്നും ഉന്നയിക്കാതെ, ദേവേന്ദ്ര ഫഡ്നാവിസിന്റെ ആരോപണങ്ങള്‍ക്ക് മാത്രം മറുപടി പറഞ്ഞ് പ്രതിരോധത്തിലൂന്നുന്ന നവാബ് മാലിക്കിന്റെ മറ്റൊരു മുഖം കണ്ടപ്പോള്‍ പത്രക്കാര്‍ക്കും അത്ഭുതമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: