ലണ്ടന്‍ : സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ അയ്മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം വണ്‍ ടു വാച്ച് പുരസ്‌ക്കാരം ലഭിച്ചു. ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവത്കരണം എന്ന വിഭാഗത്തിലാണ് പുരസ്‌ക്കാരം.
ലണ്ടനില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജ പുരസ്‌ക്കാരം ഏറ്റുവാങ്ങി. 2018 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് 31 വരെ നടന്ന പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. ഇതോടെ കുമരകത്തിന് പിന്നാലെ കോട്ടയം ജില്ലയിലെ അടുത്ത ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി ലോകശ്രദ്ധയിലേക്കെത്തിയിരിക്കുകയാണ് അയ്മനം ഗ്രാമം. അയ്മനം മോഡല്‍ ആര്‍ ടി വില്ലേജ് പ്രോജെ ക്ടിനോപ്പം മദ്ധ്യപ്രദേശ് ടൂറിസത്തിന്റെ വുമണ്‍സേഫ് ഡസ്ടിനെഷന്‍ പ്രോജെക്ട്ടിനും വണ്‍ ടു വാച്ച് അവാര്‍ഡ് ലഭിച്ചു.
ഉത്തരവാദിത്ത ടൂറിസം കേരള ടൂറിസത്തിന്റെ മുഖമുദ്രയായി മാറിയതിനുള്ള അന്താരാഷ്‌ട്ര അംഗീകാരമാണ് അയ്മനം പദ്ധതിക്ക് ലഭിച്ച പുരസ്‌ക്കാരമെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിലുള്ള കേരള ടൂറിസത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പുരസ്‌ക്കാരം കൂടുതല്‍ ഊര്‍ജ്ജം പകരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക സമൂഹത്തിന് വികസനകാര്യങ്ങളില്‍ ലഭിക്കുന്ന പങ്കാളിത്തം കൂടുതല്‍ ബലവത്താക്കാന്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്‌ക്ക് ലഭിച്ച ഈ പുരസ്‌ക്കാരത്തിലൂടെ സാധിക്കുമെന്ന് ടൂറിസം വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. വേണു വി പറഞ്ഞു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ മറ്റ് ടൂറിസം കേന്ദ്രങ്ങള്‍ക്ക് മാതൃകയാകാനും പുരസ്‌ക്കാരലബ്ധി പ്രചോദകമാകുമെന്നും അദ്ദേഹം പറഞ്ഞു.
അയ്മനത്തെ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി 2020 സെപ്തംബറില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയില്‍പ്പെട്ട ഒന്നാം ഘട്ടത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ആദ്യമായി പൂര്‍ത്തിയാക്കിയ പഞ്ചായത്ത് എന്ന നിലയിലാണ് അയ്മനം പഞ്ചായത്തിനെ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്.
ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ അതത് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ പദ്ധതികള്‍ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മിഷന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്ററായ കെ രൂപേഷ് കുമാറാണ് 2018ല്‍ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങള്‍ എന്ന പദ്ധതി തയ്യറാക്കിയത് കേരളത്തിലെ 13 പ്രദേശങ്ങളില്‍ ആരംഭിച്ച പദ്ധതി ഇപ്പോള്‍ കോട്ടയം ജില്ലയിലെ നീണ്ടൂര്‍, ആര്‍പ്പൂക്കര, എഴുമാന്തുരുത്ത്, തിരുവാര്‍പ്പ് എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി അയ്മനത്ത് വിവിധ ഹോംസ്‌റ്റേകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 8 ഹോംസ്‌റ്റേകളുടെ അംഗീകാരനടപടികള്‍ പുരോഗമിക്കുന്നു. ഉത്തരവാദിത്ത ടൂറിസത്തിന്റെ അനുഭവവേദ്യ പാക്കേജുകളുടെ ഭാഗമായി ഗ്രാമീണ ജീവിതം, പക്ഷി നിരീക്ഷണം, ഗ്രാമ യാത്ര, നെല്‍പ്പാടങ്ങളിലൂടെ നടത്തം, സൈക്കിള്‍ സവാരി എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളാണ് അയ്മനത്ത് നടപ്പാക്കി വരുന്നത്. വനിത ടൂര്‍ കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍മാര്‍ നടത്തുന്ന ഈ പാക്കേജുകള്‍ ഇതിനോടകം ലോക ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. അയ്മനം ടൂറിസം റിസോഴ്‌സ് ഡയറക്ടറിയും വിവിധ പ്രചാരണ വീഡിയോകളും തദേശ വാസികളെ ഉള്‍പ്പെടുത്തി തയ്യറാക്കി ടൂറിസ്റ്റുകളുടെ ബുക്കിങ്ങ് ഉറപ്പാക്കി . പ്രദേശത്തെ പരമ്പരാഗത ഉത്സവങ്ങളും കലാരൂപങ്ങളും ഉള്‍പ്പെടുത്തി കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ് പാക്കേജുകള്‍ നിലവില്‍ വന്നു.
മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയില്‍പ്പെടുത്തി അയ്മനം പഞ്ചായത്തില്‍ ആമ്പല്‍ ഫെസ്റ്റ് നടത്തുകയും ശിക്കാര മോട്ടോര്‍ ബോട്ട് സംരഭകര്‍ക്ക് മികച്ച വരുമാനം ലഭിക്കുകയും ചെയ്തു.
ആര്‍ ടി മിഷന്റെ 2020 മാര്‍ച്ചില്‍ പൂര്‍ത്തിയായ ഒന്നാം ഘട്ടത്തില്‍ 617 പ്രദേശവാസികള്‍ക്കു വിവിധ തൊഴില്‍ പരിശീലനങ്ങള്‍ നല്‍കുകയും 118 പ്രാദേശിക തൊഴില്‍ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. 2020 ജനുവരി 1 ന് പ്രദേശത്തെ ഹൗസ് ബോട്ടുകള്‍, ശിക്കാരകള്‍, മോട്ടോര്‍ ബോട്ടുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ചു. 2020 സപ്തംബര്‍ മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് രണ്ടാം ഘട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: