കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി ചുരുങ്ങിയ പലിശയ്ക്ക് നല്കുന്ന പണം വക മാറ്റുകയും കൊള്ളപ്പലിശ ഈടാക്കുന്ന സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്തും രാഷ്ട്രീയ വിളവെടുപ്പ് നടത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് ആരോപിച്ചു. നബാര്‍ഡ് നല്കുന്ന ഫണ്ടിനു കൊള്ളപ്പലിശ ഈടാക്കുന്ന സഹകരണ ബാങ്കുകള്‍ക്കും കര്‍ഷകവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരിനുമെതിരെ കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷികനയങ്ങളില്‍ സമൂലമാറ്റം വരുത്തുകയുണ്ടായി. കൃഷിനാശം സംഭവിച്ചാല്‍ കാര്‍ഷിക ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയും കാര്‍ഷികമേഖലയിലെ ജലസേചനം കാര്യക്ഷമമാക്കിയതും ബിജെപി സര്‍ക്കാരാണ്. കാര്‍ഷികവിരുദ്ധ നിലപാടാണ് കേരളം മാറി മാറി ഭരിച്ച മുന്നണികള്‍ സ്വീകരിച്ചത്.
കാട്ടുമൃഗങ്ങളുടെ ശല്യം കാരണം കര്‍ഷകര്‍ വലിയ നഷ്ടം നേരിടുകയാണ്. ഇത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മക സമീപനം ഉണ്ടാകുന്നില്ല. രാഷ്ട്രീയകക്ഷികളുടെ ഇടപെടലില്‍ സംസ്ഥാനത്തെ സഹകരണമേഖല കുത്തഴിഞ്ഞ അവസ്ഥയിലെത്തിയിരിക്കുന്നു. അപേക്ഷകന്റെ രാഷ്ടീയം നോക്കിയാണ് സഹകരണ സ്ഥാപനങ്ങള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വായ്പകള്‍ വിതരണം ചെയ്യുന്നത്. കാര്‍ഷികവായ്പകള്‍ക്ക് വലിയ പലിശ ഈടാക്കുകന്നത് വഴി കര്‍ഷകരെ ദ്രോഹിക്കുകയാണ്. സഹകരണ മേഖലയോട് നിഷേധാത്മക സമീപനമല്ല ബിജെപിയുടേത്. ഈ മേഖലയിലെ തെറ്റായ പ്രവണതകള്‍ തിരുത്തേണ്ടതുണ്ട്. സഹകരണ രംഗം ശക്തിപ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായ്ക്ക് ചുമതല നല്‍കിയത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന് ബളാല്‍ അദ്ധ്യക്ഷനായി. ബിജെപി മേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ സെക്രട്ടറി മനുലാല്‍ മേലത്ത് എന്നിവര്‍ സംസാരിച്ചു. കര്‍ഷകമോര്‍ച്ച നേതാക്കളായ പ്രവീണ്‍ ചന്ദ്ര ബല്ലാല്‍, നാരായണന് വടക്കിനിയ, എ.എം.മുരളീധരന്, ബേബി ഫ്രാന്‍സിസ്. പ്രൊഫ.സിജു തെരുവപ്പുഴ, ബിജെപി നേതാക്കളായ പി.ആര്.സുനില്‍, മുരളീധര യാദവ് എന്നിവര്‍ സംബന്ധിച്ചു.
കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ജയകുമാര്‍ മാനടുക്കം സ്വാഗതവും കെ.ചന്തു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: