മഹാദേവന് വഴിപാടായി ഞണ്ട് നല്‍കുന്നൊരു ക്ഷേത്രം! കേള്‍ക്കുമ്പോള്‍ വിശ്വാസം വരില്ലെങ്കിലും സൂറത്തിലെ രാംനാഥ് ശിവ് ഖേലാ ക്ഷേത്രത്തില്‍ ജീവനുള്ള ഞണ്ടാണ് മുഖ്യ വഴിപാട്. എല്ലാ വര്‍ഷവും മകരസംക്രാന്തി നാളില്‍ ക്ഷേത്ര നടയിലെത്തിയാല്‍ വിസ്മയകരമായ ആ കാഴ്ച കാണാം. അന്ന് ശിവലിംഗമത്രയും ഭക്തര്‍ അര്‍പ്പിക്കുന്ന കൊച്ചു കൊച്ചു ഞണ്ടുകളാല്‍ നിറയും.
ഈയൊരു പാരമ്പര്യത്തിന് രാമായണത്തോളം പഴക്കമുണ്ട്. ശ്രീരാമനാല്‍ നിര്‍മിതമായ ക്ഷേത്രമാണ് ശിവ് ഖേലയെന്നാണ് വിശ്വാസം. ഞണ്ടുകള്‍ വഴിപാടു നല്കുന്ന കഥയ്ക്കും ഭഗവാന് രാമനുമായി ബന്ധമുണ്ട്. ഇവിടെ വച്ച് കടല്‍ കടക്കുന്നതിനിടെ, തിരയിലൊഴുകിയെത്തിയൊരു ഞണ്ട് ഭഗവാന്റെ കാലില്‍ കയറി. ഞണ്ടിനെ കൈയിലെടുത്തു ഭഗവാന് അനുഗ്രഹിച്ചുവെന്നും അന്നു മുതല്‍ ക്ഷേത്രത്തിലെ മുഖ്യ വഴിപാട് ഞണ്ടായിരിക്കുമെന്ന് അരുളിച്ചെയ്തെന്നുമാണ് വിശ്വാസം.
രോഗശമനത്തിനും സാമ്പത്തിക അഭിവൃദ്ധിക്കുമായാണ് ‘ഞണ്ടു വഴിപാട്’ നടത്തുന്നത്. വഴിപാടായി ലഭിക്കുന്ന ഞണ്ടുകളെ ക്ഷേത്ര അധികൃതര്‍ കടലിലേക്ക് തിരികെ വിടുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: