പ്രതീക്ഷകളോടെയും അതിലേറെ ആശങ്കകളോടെയുമാണ് സ്കൂള്‍ പ്രവേശനോത്സവം നടന്നത്. കൊവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട് കുത്തഴിഞ്ഞ പുസ്തകം പോലെ ആയിത്തീര്‍ന്ന സ്കൂള്‍ പഠനത്തിന് ഇതോടെ പുതിയൊരു തുടക്കമായിരിക്കുകയാണ്. ഇരുപത് മാസത്തെ ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. കൊവിഡ് കാലത്തെ അടച്ചിരിപ്പില്‍ പഠനവും പരീക്ഷയുമൊക്കെ ഓണ്‍ലൈനിലേക്ക് മാറിയതോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഏറെക്കുറെ അപരിചിതമായ ബോധന രീതിയിലൂടെ കടന്നുപോവുകയായിരുന്നു. രോഗഭീതി സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയില്‍ വളരെയേറെ പ്രയാസങ്ങളാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്. ഇപ്പോള്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും ഭാഗികമായി മാത്രമേ ഈ അവസ്ഥയ്ക്ക് മാറ്റം വരുന്നുള്ളൂ. പൊതുവായെടുത്താല്‍ അന്‍പത് ശതമാനത്തില്‍ താഴെ മാത്രം വിദ്യാര്‍ത്ഥികളാണ് ക്ലാസുകളിലെത്തുക. എത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു എന്നതിനെ ആശ്രയിച്ച് ഓരോ സ്കൂളിലും ക്ലാസ്സുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വ്യത്യസ്തമായിരിക്കും. പല സ്കൂളുകളും ഓണ്‍ലൈന്‍ രീതി പൂര്‍ണമായും ഉപേക്ഷിക്കുന്നില്ല. വിദ്യാര്‍ത്ഥികളെ ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍ ആരംഭിക്കുക. വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് ഇത് ഓണ്‍ലൈനായി കാണാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ക്ലാസിലെത്തുന്നവരുടെ ബാച്ചുകള്‍ മാറിക്കൊണ്ടിരിക്കും.
സംസ്ഥാനത്ത് ആറ് ലക്ഷം വിദ്യാര്‍ത്ഥികളാണ് പുതുതായി സ്കൂളുകളിലെത്തിയിരിക്കുന്നത്. പുസ്തകങ്ങളുടെയും പുതിയ കൂട്ടുകാരുടെയും സാമീപ്യം ഇവര്‍ക്ക് ആഹ്ലാദം പകരുമെങ്കിലും മാതാപിതാക്കള്‍ ആശങ്കയുടെ മുള്‍മുനയില്‍ത്തന്നെയാണ്. കര്‍ശന വ്യവസ്ഥകളോടെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളതെങ്കിലും സാമൂഹിക അകലവും സാനിറ്റൈസേഷനും മറ്റും കുട്ടികള്‍ക്കിടയില്‍ എത്രമാത്രം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്ന് സംശയമുണ്ട്. മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അത് മുഖവിലയ്ക്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കൊവിഡിനെ പിടിച്ചുകെട്ടുന്നതില്‍ മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളം ഇപ്പോഴും വളരെ പിന്നിലാണല്ലോ. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉറപ്പുകള്‍ക്കും അവകാശവാദങ്ങള്‍ക്കും വലിയ വിലയൊന്നുമുണ്ടായില്ല. മതപരവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ വാക്സിനെടുക്കാത്ത മൂവായിരത്തോളം അധ്യാപകരുണ്ടെന്നാണ് കണക്ക്. ഇവര്‍ സ്കൂളുകളിലേക്ക് വരേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഇത് കര്‍ശനമായി പാലിക്കപ്പെടുമെന്നതിന് യാതൊരു ഉറപ്പുമില്ല. സ്വകാര്യ സ്കൂളുകള്‍ പലതും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലല്ല. മതപരമായ കാരണങ്ങളാല്‍ വാക്സിന് എടുക്കാത്തവര്‍ തന്നെ സ്കൂള്‍ നടത്തിപ്പുകാരായുണ്ട്. ഇത്തരം മാനേജുമെന്റുകള്‍ സ്വന്തം അധ്യാപകരെ വിലക്കുമോ? ഇങ്ങനെയുള്ള സ്കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തു തീരുമാനമാണ് എടുക്കാന്‍ പോകുന്നതെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.
കൊവിഡ് മഹാമാരി സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. വ്യക്തികളുടെ പെരുമാറ്റ രീതികളില്‍ത്തന്നെ മാറ്റം വന്നിരിക്കുന്നു. കുട്ടികളില്‍ ഇതുണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്നുള്ള പഠനങ്ങള്‍ കാര്യമായി നടന്നിട്ടില്ല. കൊവിഡ് അടച്ചിരിപ്പ് പലതരത്തിലുള്ള അരക്ഷിതാവസ്ഥകള്‍ അവരില്‍ നിറച്ചിട്ടുണ്ട്. ഒന്നരവര്‍ഷത്തിലേറെയായി മറ്റ് വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴകാന്‍ അവസരം ലഭിക്കാത്തത് ഒറ്റപ്പെടലുകള്‍ക്ക് കാരണമായിരിക്കുന്നു. പൊതുവാഹനങ്ങളില്‍ ഒരുമിച്ചു യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥ നിലനില്‍ക്കുകയാണ്. ലാഭകരമല്ലെന്ന കാരണത്താല്‍ പല മാനേജുമെന്റുകളും സ്കൂള്‍ ബസുകള്‍ ഓടിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ചയിലൂടെയും തീരുമാനങ്ങളിലൂടെയും എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഉണ്ടായിട്ടില്ല. ഇതിന്റെ റിസ്ക് മുഴുവന്‍, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എടുക്കേണ്ടിവന്നിരിക്കുന്നു. ക്ലാസുകളിലെത്തുന്ന കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുകയെന്നത് വലിയൊരു വെല്ലുവിളിയാണ്. പാഠഭാഗങ്ങള്‍ക്കു പുറമെ ഇതിനെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കേണ്ട ഉത്തരവാദിത്തം അധ്യാപക സമൂഹത്തിനുണ്ട്. ഇതിന് പ്രാപ്തരായ ആളുകളെ കണ്ടെത്തേണ്ട ബാധ്യതയില്‍ നിന്ന് സ്കൂള്‍ മാനേജുമെന്റുകള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. രോഗബാധിതരായാല്‍ത്തന്നെ മുതിര്‍ന്നവരെപ്പോലെ ഗുരുതരമായ പ്രശ്നങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാവില്ലെന്ന ഒരേയൊരു ആശ്വാസത്തിലാണ് പലരും. മാറിയ സാഹചര്യത്തില്‍ വളരെ കരുതലോടെയും കാര്യക്ഷമതയോടെയും വിദ്യാര്‍ത്ഥികളെ സമീപിക്കേണ്ടിയിരിക്കുന്നു. അധ്യാപക സമൂഹത്തിന്റെ ഉത്തരവാദിത്തം വളരെ വലുതാണ്. സര്‍ക്കാരും സ്കൂള്‍ മാനേജ്മെന്റുകളും രക്ഷിതാക്കളുമൊക്കെ പരസ്പരം കൈകോര്‍ത്ത് വേണം ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍.
മതപരമായ കാരണങ്ങളാല്‍ വാക്സിന് എടുക്കാത്തവര്‍ തന്നെ സ്കൂള്‍ നടത്തിപ്പുകാരായുണ്ട്. ഇത്തരം മാനേജുമെന്റുകള്‍ സ്വന്തം അധ്യാപകരെ വിലക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: