തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ തകര്‍ന്നുപോയ ഒരു ജീവിതമാണ് കുമാരന്‍റേത്. മാടായിക്കോണം സ്വദേശി കുമാരന് കരുവന്നൂര്‍ ബാങ്കില്‍ ഉണ്ടായിരുന്നത് രണ്ട് കോടി ഡെപ്പോസിറ്റ്. പക്ഷെ തട്ടിപ്പിനെ തുടര്‍ന്ന് ബാങ്ക് പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞതോടെ ഒരു രൂപ പോലും പിന്‍വലിക്കാനാവുന്നില്ല.
സഹകരണമന്ത്രി വി.എന്‍. വാസവനും ഇടതുപക്ഷ സര്‍ക്കാരും ഉടന്‍ നീതി നല്‍കുമെന്ന് പല തവണ പ്രഖ്യാപിച്ചെങ്കിലും ഉപഭോക്താക്കള്‍ ദുരിതക്കയത്തില്‍ മുങ്ങിത്താഴുകയാണ്. വിദേശത്ത് നീണ്ട വര്‍ഷങ്ങള്‍ ചോരനീരാക്കി കുമാരന്‍ സമ്പാദിച്ച തുകയത്രയും ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്തതിനാല്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചു. എന്നാല്‍ വൃക്കയ്‌ക്ക് തകരാറുള്ള കുമാരന് അത് മാറ്റിവെച്ചാല്‍ പൂര്‍ണ്ണാരോഗ്യത്തിലേക്ക് തിരിച്ചെത്താവുന്നതേയുള്ളൂ. പക്ഷെ കരുവന്നൂര്‍ ബാങ്കില്‍ കുടുങ്ങിപ്പോയ പണം ഇനി എന്ന് തിരിച്ചുകിട്ടുമെന്നറിയാത്ത അനിശ്ചിതത്വമാണ്. അതിനാല്‍ തല്‍ക്കാലം ഡയാലിസിസുമായി മുന്നോട്ട് പോവുകയാണ് കുമാരന്‍.
ബിഎസ് എന്‍എല്‍ ജീവനക്കാരനായ യോഹന്നാല്‍ മുഴുവന്‍ തുകയും നിക്ഷേപിച്ചത് കരുവന്നൂര്‍ ബാങ്കിലാണ്. അതിനാല്‍ ഇപ്പോള്‍ മരുന്ന് വാങ്ങണമെങ്കില്‍ ആരുടെയെങ്കിലും സഹായം തേടേണ്ട സ്ഥിതിവിശേഷമാണ്. ഭാര്യയുടെ ചികിത്സയ്‌ക്ക് വേറെയും പണം ആവശ്യമാണ്. മണിക്കൂറുകളോളം വരിനിന്നാല്‍ ഒരു മാസം പിന്‍വലിക്കാന്‍ കഴിയുക ആകെ 5000 രൂപ മാത്രം.
10 ലക്ഷത്തോളം ബാങ്കില്‍ നിക്ഷേപമുണ്ടായിരുന്ന രവിയ്‌ക്ക് മകളുടെ വിവാഹം നടത്താന്‍ നാട്ടുകാരുടെ മുന്നില്‍ കൈനീട്ടേണ്ടി വന്നു. നാരയണന് ബാങ്കില്‍ ഉള്ള നിക്ഷേപം 40 ലക്ഷം. പക്ഷെ മകന്റെ എംബിബിഎസ് പഠനത്തിന് കൂട്ടുകാരോടും ബന്ധുക്കളോടും സഹായം അഭ്യര്‍ത്ഥിക്കേണ്ടി വന്നു.
ബാങ്കില്‍ ആകെയുള്ള 12,000 നിക്ഷേപര്‍ ബാങ്കില്‍ നല്‍കിയത് 500 കോടിയുടെ നിക്ഷേപമാണ്. അതാണ് സിപിഎം അംഗങ്ങളും ഭാരവാഹികളുമായ ബാങ്ക് ഭാരവാഹികള്‍ തിരിമറി നടത്തിയത്. 104 കോടിയുടെ തട്ടിപ്പും 300 കോടിയുടെ തിരിമറിയും നടന്ന ബാങ്കിന്റെ പ്രശ്നങ്ങള്‍ എങ്ങിനെ പരിഹരിക്കാമെന്നറിയാതെ കുഴങ്ങുകയാണ് സര്‍ക്കാര്‍. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജുണ്ടാക്കുമെന്ന് സഹകരണമന്ത്രി വാസവനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞതല്ലാതെ പാക്കേജ് ഇതുവരെ എത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: