തിരുവനന്തപുരം: കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പോലീസ് കേസെടുത്തു. പാലാ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 24നാണ് ഓള് ഇന്ത്യാ ഇമാം കൗണ്‍സിലിന്റെ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസീസ് മൗലവി കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസ് ഇതില്‍ നടപടിയെടുത്തില്ല. തുടര്‍ന്ന് ഇവര്‍ പാലാ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയം സമൂഹത്തില്‍ ഉയര്‍ത്തിയ പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിച്ച് തരില്ലെന്ന് വിവിധ രൂപതകര് വ്യക്തമാക്കി. ചങ്ങനാശേരി അതിരൂപത, കാഞ്ഞിരപ്പള്ളി രൂപതാ, ഇടുക്കി രൂപതകളാണ് ബിഷപ്പിന് പിന്തുണയുമായി എത്തിയത്. ഇടയനെ ആക്രമിച്ച് ആടുകളെ ഓടിച്ചിട്ട് പിടിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും രൂപതയിലെ പിതാക്കന്മാര് വ്യക്തമാക്കി. അതിനാല്‍, സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എല്ലാ രൂപതകളുടെയും ആശങ്കയാണ് പാലാ ബിഷപ്പ് പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
കരള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ ധീരതയോടെ പങ്കുവയ്ക്കാനും തന്റെ വിശ്വാസി സമൂഹത്തിന് ആവശ്യമായ ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്കുവാനും മാര്‍ കല്ലറങ്ങാട്ട് പിതാവ് കാട്ടിയ ആര്‍ജ്ജവത്വത്തിന് അഭിനന്ദിക്കുന്നുവെന്നും തിന്മയുടെ ശക്തികള്‍ കേരള സമൂഹത്തില്‍ ശക്തമാവുകയും സ്ത്രീ സുരക്ഷയും യുവജനങ്ങളുടെ ഭാവിയും സ്വസ്ഥമായ പൊതുജീവിതവും അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിതാവ് ഈ മുന്നറിയിപ്പ് നല്‍കിയതെന്നും പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു.
അത്യന്തം ആശങ്കാജനകമായ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തേണ്ടതിനു പകരം ഇവയെക്കുറിച്ച് മുന്നറിയിപ്പു നല്കിയ കല്ലറങ്ങാട്ടു പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ചില രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ശ്രമം അപലപനീയമാണെന്നും ഈ പ്രവാചക ശബ്ദത്തെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ശക്തിയുക്തം ചെറുക്കുന്നതായിരിക്കുമെന്നും ആര്‍ച്ചുപ്രീസ്റ്റ് ഡോ.മാണി പുതിയിടം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: