തൃശ്ശൂര്‍: മുദ്രാവാക്യത്തിന്റെ പ്രകമ്പനമില്ലാതെ, നാരായണ നാമങ്ങള്‍ മുഴങ്ങിയ സത്യഗ്രഹ സമരഭൂമിയുടെ ശേഷിപ്പുകള്‍ നവതി നിറവില്‍. ഗുരുവായൂരില്‍ ഇന്ന് വിപുലമായ നവതി സമ്മേളനം നടക്കും. ക്ഷേത്ര തിരുമുറ്റം കളങ്കപ്പെടുത്തുന്ന യാതൊന്നുമില്ലാതെ നടത്തിയ ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു അത്. പുലര്‍ച്ചെ നിര്മാല്യത്തിനു ക്ഷേത്ര നട തുറക്കുമ്പോള്‍ തുടങ്ങുന്ന സത്യഗ്രഹം അത്താഴപ്പൂജ കഴിഞ്ഞു നടയടയ്ക്കുന്നത് വരെയായിരുന്നു. സത്യഗ്രഹത്തിനെത്തുന്നത് കുളിച്ച് വെള്ളവസ്ത്രം ധരിച്ച സത്യഗ്രഹഭടന്മാര്‍. അവരുടെ നാവില്‍ മുഴങ്ങുന്നത് ‘ഹരേ കൃഷ്ണ ഹരേ കൃഷ്ണ..’ മന്ത്രോച്ചാരണങ്ങള്‍ മാത്രം.
1931 നവംബര്‍ ഒന്നിനാണു സത്യഗ്രഹം ആരംഭിച്ചത്. ആ വര്‍ഷം നവംബര്‍ 21ന് ഗുരുവായൂര്‍ ഏകാദശിക്ക് പുലര്‍ച്ചെ 3.30 മുതല്‍ രാത്രി ഒമ്പത് വരെ ജലപാനമില്ലാതെ കെ. കേളപ്പനും ഭടന്മാരും സത്യഗ്രഹം നടത്തി.
ഗുരുവായൂര്‍ സത്യഗ്രഹ നവതി ആചരണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് നാലിന് തെക്കേ ബ്രാഹ്മണ സമൂഹം ഹാളില്‍ നടക്കുന്ന ആഘോഷപരിപാടി മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും.വൈകിട്ട് മൂന്നിന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന് ഗുരുവായൂര്‍ മഞ്ജുളാല്‍ സന്നിധിയില്‍ കേളപ്പജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി സത്യഗ്രഹ സ്മൃതി സന്ദേശം നല്‍കും. തുടര്‍ന്ന് നവതി ഘോഷയാത്ര. സമ്മേളനവേദിയില്‍ പത്മശ്രീ എം.കെ. കുഞ്ഞോല്‍, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, തന്ത്രി സമാജം പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ശബരിമല അയ്യപ്പ സേവാസമാജം ദേശീയ സംഘടന സെക്രട്ടറി വി.കെ. വിശ്വനാഥന് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും.
ഗുരുവായൂര്‍ സത്യഗ്രഹ നവതി ആചരണ സമിതി അധ്യക്ഷന്‍ പി. ചിത്രന് നമ്പൂതിരിപ്പാട് അധ്യക്ഷനാകും. ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. ഗുരുവായൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന നവതിയാഘോഷം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
CLICK TO READ: ഗുരുവായൂര്‍ സത്യാഗ്രഹം നവതിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: