കോഴിക്കോട്: കെ റെയില്‍ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ ഉള്‍പ്പെടെ പറയുന്നത് പച്ചക്കള്ളങ്ങള്‍. കേരളത്തിന് ഹൈസ്പീഡ് റെയില്‍ പദ്ധതി അനുയോജ്യമല്ലെന്നതടക്കം പറഞ്ഞ്, ജനങ്ങളില്‍ നിന്ന് വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ്.
കെ റെയില്‍ എന്നു പേരിട്ടിരുന്നില്ലെങ്കിലും ഹൈ സ്പീഡ് റെയില്‍ പദ്ധതിയെപ്പറ്റി പഠിച്ചതും റിപ്പോര്‍ട്ട് തയാറാക്കിയതും ഇടതുപക്ഷ സര്‍ക്കാരാണ്. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ, റെയില്‍ വകുപ്പു ചുമതലയുണ്ടായിരുന്ന വ്യവസായമന്ത്രി എളമരം കരീം ദല്‍ഹിയില്‍ പോയി ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡിഎംആര്‍സി) ചെയര്മാന് ഇ. ശ്രീധരനെക്കണ്ട് ഹൈസ്പീഡ് റെയില്‍ സാധ്യത ചര്‍ച്ച ചെയ്തിരുന്നു. വകുപ്പു സെക്രട്ടറി ബാലകൃഷ്ണനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇതു സംബന്ധിച്ച സാധ്യതാപഠനം നടത്തി, ചെലവടക്കം പദ്ധതി റിപ്പോര്‍ട്ട് ഡിഎംആര്‍സി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.
ജപ്പാനിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്തിലാണ് പഠനം നടത്തിയത്. പത്തു ലക്ഷം രൂപ ഇതിന് സംസ്ഥാനം ഡിഎംആര്‍സിക്ക് ഖജനാവില്‍നിന്ന് നല്‍കിയിട്ടുണ്ട്. ഹൈസ്പീഡ് റെയില്‍ സാധ്യമാണെന്നും എട്ടു വര്‍ഷത്തില്‍ പണി പൂര്‍ത്തിയാക്കാമെന്നുമായിരുന്നു പഠന റിപ്പോര്‍ട്ട്. എന്നാല്‍, യുഡിഎഫ് സര്‍ക്കാരാണ് ഹൈസ്പീഡ് റെയിലിനെക്കുറിച്ച് പറഞ്ഞതെന്നും അത് അസാധ്യമായതിനാലാണ് സെമി ഹൈസ്പീഡ് റെയില്‍ മതിയെന്ന് നിശ്ചയിച്ചതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിലും പറഞ്ഞത്.
നാലു മണിക്കൂര്‍കൊണ്ട് തലസ്ഥാനത്തുനിന്ന് കാസര്‍കോട്ടെത്താന്‍ സെമി ഹൈസ്പീഡ് റെയില്‍ വഴി സാധിക്കില്ല. 4500 കോടി രൂപ കൊണ്ട് പണി പൂര്‍ത്തിയാകില്ല. സര്‍വീസ് നടത്താന്‍ പാകത്തില്‍ പദ്ധതിക്കു വേണ്ട ആകെച്ചെലവാണ് കണക്കാക്കേണ്ടത്. അതിന്, വിശദ സാങ്കേതികതാ പഠനം കൃത്യമായി നടത്താതെയാണ് പ്രസ്താവനകള്‍.
കെ റെയില്‍ കേരളത്തിലെ റയില്‍വേയുടെ മൂന്നും നാലും പാതകളാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും കള്ളമാണ്. ഹൈസ്പീഡ് റെയിലിന്റെ ഘടനയോ അതില്‍ ഓടുന്ന വാഹനത്തിന്റെ (കോച്ചിന്റെ) സാങ്കേതികതയോ അല്ല ബ്രോഡ്ഗേജ് പാതയ്ക്കും സാധാരണ കോച്ചുകള്‍ക്കും. അതിനാല്‍ ഒരു തരത്തിലും പകരമാകില്ല. മാത്രമല്ല, തിരുവനന്തപുരത്തുനിന്ന് തിരൂര്‍ എത്തിക്കഴിഞ്ഞാല്‍ നിലവിലെ റെയില്‍പാത തന്നെയാണ് കെ റെയിലിന്റെ ഇപ്പോഴത്തെ അലൈന്മെന്റ്. അതിനാല്‍, നിലവിലെ രീതിയില്‍ ഈ പദ്ധതിയുടെ വിജയവും സാധ്യതയും പോലും സാങ്കേതിക വിദഗ്ധര്‍ സംശയിക്കുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായിരിക്കെ, റെയില്‍ വകുപ്പിന്റെ അനുമതികള്‍ കിട്ടാതെ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങിയതിലും ഏറെ ദുരൂഹതകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: