ദുബായ്: പതിവ് തെറ്റിച്ചില്ല, ലോകകപ്പ് വേദിയില്‍ ഇന്ത്യ ഒരിക്കല്‍കൂടി ന്യൂസിലന്‍ഡിനോട് തോറ്റു. 18 വര്‍ഷത്തെ തോല്‍വിയുടെ ചരിത്രം ഇനിയും തുടരും. പൊരുതാന്‍ പോലും ഇന്ത്യ നിന്നില്ല. കളിച്ചതും തോറ്റതും കണ്ണിമ ചിമ്മും വേഗതയില്‍. ആദ്യ കളിയില്‍ പാക്കിസ്ഥാനോട് തോറ്റത് പത്ത് വിക്കറ്റിനാണെങ്കില്‍ ഇത്തവണ കിവീസിനോടുള്ള തോല്‍വി എട്ട് വിക്കറ്റിനെന്ന ആശ്വാസം മാത്രം. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങുന്നത് സമീപ കാലത്ത് ആദ്യം. തുടക്കം മുതല്‍ അടിപതറിയ ഇന്ത്യക്ക് ഒരിക്കല്‍പോലും തിരിച്ചെത്താനായില്ല. സ്കോര്‍: ഇന്ത്യ: 110-7(20). ന്യൂസിലന്‍ഡ്.111/2.
നിര്‍ണായകമായ ടോസ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നഷ്ടപ്പെട്ടത് ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി. ട്രന്റ് ബോള്‍ട്ടും ടിം സൗത്തിയും ഇന്ത്യന്‍ മുന്‍നിരയെ വിറപ്പിച്ചു. രോഹിത്തിനെ മൂന്നാമനാക്കി ഓപ്പണിങ്ങിലേക്കെത്തിയ ഇഷാന് കിഷനും കെ.എല്‍. രാഹുലും തുടക്കത്തിലെ പവലിയന് കയറി. രോഹിത്തും കോഹ്ലി ചെറുത്തു നില്‍പ്പ് നടത്തുമെന്ന് തോന്നിച്ചെങ്കിലും ഇഷ് സോദി ഇരട്ട പ്രഹരമേകി. രോഹിത്തും കോഹ്ലിയും പുറത്ത്. ഓപ്പണര്‍ കെ.എല്‍. രാഹുല്‍ (18), ഇഷാന് കിഷന് (4), ഉപനായകന്‍ രോഹിത് ശര്‍മ്മ (14), ക്യാപ്്റ്റന് വിരാട് കോഹ് ലി (9), വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് (12) എന്നിവര്‍ അനായാസം കീഴടങ്ങി.
കിഷന് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ പതിനൊന്ന് റണ്‍സ് മാത്രം. വണ്‍ ഡൗണായി ക്രീസിലെത്തിയ രോഹിത് ശര്‍മ്മ ഓപ്പണര്‍ രാഹുലിനൊപ്പം രണ്ടാം വിക്കറ്റില്‍ 24 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടിം സൗത്തിയുടെ പന്ത്്് സിക്സര്‍ അടിക്കാനുള്ള ശ്രമത്തില്‍ രാഹുല്‍ മിച്ചലിന് ക്യാച്ച് നല്കി. 16 പന്ത് നേരിട്ട രാഹുല്‍ മൂന്ന് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 18 റണ്‍സ്് എടുത്തു. രണ്ട് വിക്കറ്റുകള്‍ വീഴുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 35. രോഹിത് ശര്‍മ്മയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. 14 പന്തില്‍ 14 റണ്‍സുമായി മടങ്ങി. ഒരു ഫോറും ഒരു സിക്സറും അടിച്ചു. സോധിയുടെ പന്തില്‍ ഗുപ്റ്റില്‍ രോഹിതിനെ പിടികൂടി. രോഹിതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും പുറത്തായി. സോധിക്കാണ് വിക്കറ്റ്. പതിനേഴ് പന്തില്‍ ഒമ്പത് റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. ഒരു ബൗണ്ടറി പോലും നേടാനായില്ല.
ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: