ചാവക്കാട്(തൃശ്ശൂര്‍): മണത്തല ചാപ്പറമ്പില്‍ അക്രമിസംഘത്തിന്റെ കുത്തേറ്റ് ബിജെപി പ്രവര്ത്തകന് മരിച്ചു. മണത്തല ചാപ്പറമ്പ് നാഗയക്ഷി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൊപ്പര ചന്ദ്രന്റെ മകന് ബിജു (35) വാണ് മരിച്ചത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം അക്രമിസംഘം ബൈക്കില്‍ കടന്നുകളഞ്ഞു.
കുത്തേറ്റ് നിലത്തുവീണ ബിജുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചാപ്പറമ്പ് സ്കൂളിന് സമീപം ഇന്നു വൈകുന്നേരം 5 മണിയോടെയാണ് സംഭവം. പ്രവാസിയായ ബിജു മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. മറ്റൊരു ജോലിക്കായി വീണ്ടും വിദേശത്ത് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കൊലപാതകം ആള് മാറി ചെയ്തതാണെന്നും പറയപ്പെടുന്നു. ദുബായിലായിരുന്ന ബിജു രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്.
ചാപ്പറമ്പ് സെന്ററില്‍ പെറ്റ്ഷോപ്പ് നടത്തിവരുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താന്‍ കൊലപാതകം നടന്ന സ്ഥലത്തുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിനു ശേഷം പ്രതികള്‍ ബ്ലാങ്ങാട് കടപ്പുറം ഭാഗത്തേക്ക് വണ്ടിയോടിച്ച് പോയതായാണ് സൂചന.
ചാവക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഗുരുവായൂര്‍ എസിപി കെ.ജി. സുരേഷിനാണ് അന്വേഷണ ചുമതല. കൊലയാളികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. അമ്മ: തങ്കമണി. ഭാര്യ: റിയ. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്ഡിപിഐ ക്രിമിനലുകളാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: