ന്യൂദല്‍ഹി : ജനങ്ങള്‍ ഒറ്റക്കെട്ടായി നില്ക്കുമ്പോഴേ രാജ്യത്തിന് അതിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കൂ. ഇന്ത്യയിലെ ഓരോ പൗരനും ശാക്തീകരിക്കപ്പെടണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ജന്മവാര്ഷിക ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി മാറിക്കഴിഞ്ഞു. ഇന്ത്യയ്ക്ക് അകത്തു നിന്നോ പുറത്തുനിന്നോ ഉയരുന്ന ഏത് വെല്ലുവിളിയും നേരിടാന്‍ രാജ്യത്തിന് ഇന്ന് സാധിക്കും. കര, ജലം ആകാശം ഇവയില്‍ ഏതിലും അസാധാരണമായ കഴിവുകളാണ് ഇന്ന് രാജ്യത്തിനുള്ളത്. കഴിവുകളുള്ള ഇന്ത്യയാണ് സര്‍ദാര്‍ പട്ടേല്‍ എന്നും മോഹിച്ചിരുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ജാഗ്രതയും എളിമയും ഉള്ളതും വികസിതവുമായ ഇന്ത്യ അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. അദ്ദേഹം എന്നും ദേശീയ താത്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്.
പട്ടേലില്‍ നിന്നും ലഭിച്ച പ്രചോദനമാണ് ഇന്ന് ഏതു വെല്ലുവിളിയും നേരിടാന്‍ രാജ്യത്തെ പ്രാപ്തമാക്കിയത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള അനാവശ്യമായ നിയമങ്ങളില്‍ നിന്ന് കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ രാജ്യം സ്വതന്ത്രമായിക്കഴിഞ്ഞു. ‘ഏക ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന ലക്ഷ്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പട്ടേലിന് രാജ്യം ഇന്ന് ആദരമര്‍പ്പിക്കുകയാണ്. ചരിത്രത്തില്‍ മാത്രമല്ല, എല്ലാ ഇന്ത്യക്കാരുടെയും മനസിലും പട്ടേല്‍ ജീവിക്കുന്നുണ്ട്.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ അനുവദിക്കുന്നതില്‍ വിവേചനം പാടില്ല. വികസനത്തിനായി രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണം. കാര്‍ഷിക മേഖല കൂടുതല്‍ നവീകരിക്കപ്പെടേണ്ടതുണ്ട്. കര്ഷകന് തന്നെയാണ് അതിന്റെ നേട്ടം കിട്ടുകയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്ഷികത്തില് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങി നിരവധി പ്രമുഖര്‍ ആദരം അര്‍പ്പിച്ചു.
ജി20 ഉച്ചകോടിക്കായി ഇന്ന് ഗ്ലാസ്ഗോയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാന്‍ചസ്, ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചല മര്‍ക്കല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: