കൊല്ലം: നിയമസഭ കോണ്‍ഫറന്‍സ് ഹാളില്‍ കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ യൂണിയന് നേതാക്കളുമായും കേരഫെഡ് മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ കഴിഞ്ഞ 25 ദിവസമായി നടന്ന സമരം ഒത്തുതീര്‍ന്നു.
തിരുമാനങ്ങള്‍:
കേരഫെഡില്‍ നടപ്പാക്കിയ പത്താം ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനാവശ്യമായ നിര്‍ദേശം ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ അഞ്ചിനകം കേരഫെഡ് മാനേജ്മെന്റ് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. ഇതു ലഭ്യമായി രണ്ടു മാസത്തിനകം ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് മന്ത്രിസഭ തീരുമാനപ്രകാരം നടപ്പാക്കും. 11-ാം ശമ്പള പരിഷ്കരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇതേ സമയം തയ്യാറാക്കുവാനുള്ള നടപടികളും മാനേജിങ് ഡയറക്ടര്‍ സ്വീകരിക്കും. 11-ാം ശമ്പള പരിഷ്കരണം നടപ്പില്‍ വരുന്നതുവരെ കേരഫെഡിലെ ജീവനക്കാര്‍ക്ക് ഇടക്കാല ആശ്വാസത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. ഇതു സംബന്ധമായ തിരുമാനം കേരഫെഡ് ഡയറക്ടര്‍ ബോര്‍ഡ് കൈക്കൊള്ളേണ്ടതാണ്.
പിഎസ്സിയുടെ പരിഗണനക്കായി അയച്ചിരിക്കുന്ന കരട് നിയമന ചട്ടത്തിലെ അന്തിമ ഉപദേശത്തിനു വിധേയമായി കേരഫെഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഉയര്‍ന്ന തസ്തികയിലെ ഒഴിവുകള്‍ക്ക് അനുസൃതമായി ഒരു തസ്തിക കയറ്റം നല്‍കുന്നതും ഈ തസ്തിക കയറ്റം അന്തിമ നിയമന ചട്ടങ്ങള്‍ക്ക് വിധേയമായി ക്രമീകരിച്ചു നല്കുന്നതുമാണ്. ഇക്കാര്യത്തില്‍ കേരഫെഡ് ഭരണസമിതി തുടര്‍ നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കേണ്ടതാണ്. ലീവ് ഏകീകരണം സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി ഫയല്‍ മുഖ്യമന്ത്രിക്ക് നവംബര്‍ ഒന്നിന് ആവശ്യമായ ശിപാര്‍ശ സഹിതം സമര്‍പ്പിക്കും. ഉത്തരവിനു വിധേയമായി അന്തിമ നടപടികള്‍ കൈക്കൊള്ളാനും യോഗം അംഗീകരിച്ചു.
കൃഷിവകുപ്പ് സെക്രട്ടറി, കേരഫെഡ് രജിസ്ട്രാര്‍, ചെയര്മാന്, മാനേജിങ് ഡയറക്ടര്‍, യൂണിയന് പ്രതിനിധികളായ പരിമണം ശശി, വി. രവികുമാര്‍, പി.ആര്. വസന്തന്, കെ.എസ്. കമറുദ്ദീന് മുസലിയാര്‍, ആര്. സോമന് പിള്ള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: