പുനലൂര്‍: ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപാച്ചിലിലും ഉരുള്‍പൊട്ടലിലും നടുക്കം വിട്ടുമാറാതെ കിഴക്കന്‍ മലയോരവാസികള്‍. വന്‍ശബ്ദത്തോടെ ഇരച്ചെത്തിയ മലവെള്ളപാച്ചിലില്‍ വലിയ പാറക്കൂട്ടങ്ങളും, ചെളി കലര്‍ന്ന വെള്ളവും നിരവധി വീടുകളെ ഭാഗികമായി തകര്‍ത്തു.
ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ മഴ മാറി നിന്നതിനാല്‍ ശുചീകരണ ജോലികളും, പാറക്കൂട്ടങ്ങളും നീക്കം ചെയ്യാനും കഴിഞ്ഞതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഉരുള്‍പൊട്ടലില്‍ ഏറെ നാശം വിതച്ച ആറു മുറിക്കട, നാലു സെന്റ് കോളനികളില്‍ വാഹനങ്ങള്‍ കടന്നു ചെല്ലാത്തത് ശുചീകരണ ജോലികള്‍ മന്ദഗതിയിലാക്കി. ഈ കോളനികളിലെ വീടുകളില്‍ ഉരുള്‍പൊട്ടലുണ്ടായ സമയം ആളുകള്‍ ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.
ഇടപ്പാളയം നടക്കടവുങ്കില് മോനച്ചന്റെ വീടിന്റെ മുറ്റം വരെ ഉരിള്പൊട്ടലിനെത്തുടര്ന്ന് പാറക്കൂട്ടം ഇരച്ചെത്തിയിരുന്നു. ഇത് ഇന്നലെ ജെസിബിയുടെയും സന്നദ്ധ സംഘടനകളുടെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ ഇവ നീക്കം ചെയ്തു. എംഎല്‍എ പി.എസ്. സുപാല്‍, ആര്‍ഡിഒ ബി.ശശികുമാര്‍, പുനലൂര്‍ ഡിവൈഎസ്പി ബി. വിനോദ്കുമാര്‍, വില്ലേജ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ച് നഷ്ടങ്ങള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: