പിയോന്ഗ്യാങ് :ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്‍ 20 കിലോ ഭാരം കുറച്ചുവെന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ ചാര സംഘടന പുറത്തുവിടുന്നു. രാജ്യത്ത് പട്ടിണിയും സാമ്പത്തിക പ്രശ്നങ്ങളും വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അദേഹത്തോടുള്ള പൊതു ജനങ്ങളുടെ വിശ്വസ്തത വര്‍ധിപ്പിക്കുന്നതിലാണ് അദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നാഷണല്‍ ഇന്റലിജെന്‍സ് സര്‍വീസ് (എന്‍ഐഎസ്) അവകാശപ്പെട്ടു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, കിമ്മിന്റെ സൂപ്പര്‍ റെസല്യൂഷന്‍ വീഡിയോകളുടെ വിശകലനം തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് അദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചതെന്ന് ഏജന്‍സി പറഞ്ഞു. മുമ്പത്തേക്കാള്‍ മെലിഞ്ഞതായി തോന്നിക്കുന്ന കിമ്മിന്റെ ഫോട്ടോകളും വീഡിയോകളും ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് കിമ്മിന്റെ രൂപം ശ്രദ്ധയില്‍പ്പെട്ടത്.
37 കാരനായ കിം മെലിഞ്ഞിട്ടുണ്ടെങ്കിലും പ്രത്യക്ഷമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ശരീരഘടന മെച്ചപ്പെടുത്താനുള്ള അദേഹത്തിന്റെ ശ്രമങ്ങളുടെ ഫലമാണ് ശരീരഭാരം കുറയാന്‍ സാധ്യതയെന്നും ഉത്തരകൊറിയന്‍ നിരീക്ഷകര്‍ പറഞ്ഞു. കിം തന്റെ പതിവ് പൊതു പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്നും ഉത്തരകൊറിയന്‍ വീഡിയോകളില്‍ അസാധാരണമായ സംഭവവികാസങ്ങളൊന്നും കണ്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എപിയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കിമ്മിന്റെ ഭാരം ഏകദേശം 140 കിലോയില്‍ നിന്ന് 120 കിലോയായി കുറഞ്ഞു. ഏകദേശം 170 സെന്റീമീറ്ററാണ് കിമ്മിന്റെ ഉയരം. ഉത്തരകൊറിയന്‍ നിയമനിര്‍മാതാവായ ഹാടെക്യുങ്, കിം ജോങ് ഉന്നിന്റെ പേരിലുള്ള രാഷ്ട്രീയ പ്രത്യശാസ്ത്രമായ ‘കിംജോങ്ങുനിസം’ എന്ന പദം ഉപയോഗിച്ചു തുടങ്ങിയെന്നും എന്‍ഐഎസ് ഇതിനൊപ്പം പറഞ്ഞു. ഇത് കിമ്മിന്റെ പിതാവിന്റെയും മുത്തച്ഛന്റെയും പേരില്‍ നിലവിലുള്ള ആശയങ്ങളായ ‘കിംജോങ്ങിലെസം’, ‘കിമ്മില്സുങ്ങിസം’ എന്നിവയില്‍ നിന്നും സ്വതന്ത്രമാണെന്നും എന്‍ഐഎസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: