പാലക്കാട്: കണ്ണൂരില്‍ നടക്കാന്‍ പോകുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി വിവിധ ജില്ലകളില്‍ നടക്കുന്ന ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ ചേരിതിരിഞ്ഞ് സഖാക്കളുടെ പോര്‍വിളിയും തമ്മിലടിയും. പലപ്പോഴും ഔദ്യോഗിക പാനലുകളുടെ തോല്പിച്ച് ബദല്‍ പാനലുകള്‍ വിജയം കണ്ടെത്തുന്ന സ്ഥിതിവിശേഷം വരെ അരങ്ങേറുന്നു. പാര്‍ട്ടി പദവികള്‍ വഴി കാര്യങ്ങള്‍ നേടാനാവുമെന്ന പുതിയ ചിന്തയാണ് സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചേരിതിരിഞ്ഞ് സഖാക്കള്‍ തമ്മിലടിക്കുന്നത്.
ഏറ്റവുമൊടുവില്‍ വാളയാര്‍ ലോക്കല്‍ സമ്മേളനത്തില്‍ സഖാക്കള്‍ ഇരുചേരികളിലായി നിന്ന് പോരടിച്ചിരുന്നു. സമ്മേളനവേദിയിലെ മേശകളും കസേരകളും തല്ലിത്തകര്‍ത്തു. ഈ ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ 34 ബ്രാഞ്ച് കമ്മിറ്റികളുണ്ട്. ഈ ലോക്കല്‍ കമ്മിറ്റിയെ 20ഉം 14 ഉം ബ്രാഞ്ച് കമ്മിറ്റികള്‍ ചേര്‍ത്ത് വാളയാര്‍. ചുള്ളിമട എന്നിങ്ങനെ രണ്ട് ലോക്കല്‍ കമ്മിറ്റികളാക്കാനുള്ള തീരുമാനം ചര്‍ച്ച ചെയ്തപ്പോഴാണ് സഖാക്കള്‍ ചേരി തിരിഞ്ഞ് മുദ്രാവാക്യം മുഴക്കിയത്. കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാനകമ്മിറ്റിയുടെയും ജില്ലാകമ്മിറ്റിയുടെയും തീരുമാനങ്ങള്‍ മാനിക്കാതെയാണ് ഈ വിഭജനതീരുമാനമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിര്‍ത്തു. അവര്‍ സ്റ്റേജില്‍ കയറി മുദ്രാവാക്യം മുഴക്കി. സമ്മേളനവേദിയിലെ കസേരകളും മേശകളും തല്ലിത്തകര്‍ത്തു. കയ്യാങ്കളി ഗൗരവമായതോടെ സമ്മേളനം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. തല്ക്കാലം ലോക്കല്‍കമ്മിറ്റി വിഭജനം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. എ പ്രഭാകരൻ എംഎൽഎയുടെ പരാതിയെ തുടർന്നാണ് വിഭജനം വേണ്ടെന്ന് വെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വത്തിനുമാണ് പ്രഭാകരൻ പരാതി നൽകിയത്.
എലപ്പുളളി വെസ്റ്റ് ലോക്കൽ സമ്മേളനവും തർക്കത്തിനും സംഘർഷത്തിനും വേദിയായിരുന്നു. തർക്കം മൂലം റദ്ദാക്കിയിരുന്ന പേട്ട ബ്രാഞ്ച് സമ്മേളനത്തിന് മുന്‍പേ എലപ്പുള്ളി ബ്രാഞ്ച് സമ്മേളനം നടത്തിയത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. എലപ്പുള്ളി സമ്മേളന ഹാളിലേക്ക് പ്രതിഷേധവുമായി ഒരുവിഭാഗം എത്തിയതോടെ കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. പിന്തുണയില്ലാത്തയാളെ ബ്രാഞ്ച് സെക്രട്ടറിയാക്കിയെന്ന് ആരോപിച്ച് ഒമ്പത് അംഗങ്ങൾ സമ്മേളനം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: