പാലക്കാട്: രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം വരുന്ന കല്‍പ്പാത്തി രഥോത്സവ നടത്തിപ്പിന് അടിയന്തര അനുമതി നല്‍കണമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന് ആവശ്യപ്പെട്ടു. രഥോത്സവത്തിന്റെ ഭാഗമായുള്ള ഒട്ടനവധി തയാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ശുചീകരണ പ്രവൃത്തികളും അടിയന്തരമായി ആരംഭിക്കണം. ഇക്കാര്യത്തില്‍ അനുമതി ഉടന്‍ ലഭ്യമാക്കുവാന്‍ നടപടി കൈക്കൊള്ളണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തുവാന്‍ സാധിക്കാതിരുന്ന രഥോത്സവം ഇപ്രാവശ്യം നടത്തണമെന്നാഗ്രഹിക്കുന്ന കല്‍പ്പാത്തി അഗ്രഹാര നിവാസികളുടെ കാത്തിരിപ്പിന് നഗരസഭയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ചെയര്‍പേഴ്സണ്‍ ഉറപ്പുനല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും പരമാവധി തിരക്കു നിയന്ത്രിച്ചും രഥോത്സവം നടത്തുവാന്‍ തയാറാണെന്ന് അറിയിച്ച ക്ഷേത്ര ഭാരവാഹികളെയും അഗ്രഹാര നിവാസികളെയും ചെയര്‍പേഴ്സണ്‍ അഭിനന്ദിച്ചു.
കല്‍പ്പാത്തി രഥോത്സവം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുവാന്‍ അനുമതി നല്‍കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈന്ദവ ആചാരങ്ങളെയും, അനുഷ്ഠാനങ്ങളെയും തടസ്സപ്പെടുത്തുന്ന ഭരണ സംവിധാനത്തിനെതിരെ കേരള ജനത പ്രതിഷേധിക്കണം. നഗരത്തില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സേവാപ്രമുഖ് സുധാകരന്, വിഭാഗ് സെക്രട്ടറി സി. രവീന്ദ്രന്, സംസ്ഥാന ഗോ രക്ഷാപ്രമുഖ് എ.സി. ചെന്താമരാക്ഷന്, വിഭാഗ് ജോ: സെക്രട്ടറി പി. കണ്ണന്‍കുട്ടി, ജില്ലാ പ്രസിഡന്റ് പി.ആര്. കൃഷ്ണന്‍കുട്ടി, സെക്രട്ടറി പുത്തൂര്‍ രാധാകൃഷ്ണന്, കെ. രവീന്ദ്രനാഥന്‍, രാജീവ്, രഘുരാമന്, രാജേഷ്, കെ. സിദ്ധാര്ത്ഥന്, രമ, ശ്രുതി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: