ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യത്തോടനുബന്ധിച്ച് നടന്നുവന്ന കാവില്‍ പൂജ പൂര്‍ണ്ണമായി. 30നാണ് ആയില്യം. നാഗരാജാവിനും നാഗയക്ഷിയമ്മയ്ക്കുമുള്ള മുഴുക്കാപ്പ് ചാര്‍ത്തല്‍ ആരംഭിച്ചു. നാഗദൈവങ്ങളെ ദര്‍ശിച്ച് സായൂജ്യരാകാനും കാവിന്റെ കുളിര്‍മ്മ നുകരാനും ഭക്തര്‍ മണ്ണാറശാലയിലേക്ക്. പുണര്‍തം, പൂയം, ആയില്യം ഉത്സവങ്ങള്‍ക്ക് നിരവധി ഭക്തരാണ് സാക്ഷിയാകുന്നത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തിലേക്കെത്താന്‍ ഭക്തര്‍ക്ക് കഴിഞ്ഞില്ല.
ക്ഷേത്രപൂജാരിണിയെ കാണാനും മഞ്ഞള്‍സുഗന്ധം പേറിയ കാവിന്റെ തണലേറ്റുവാങ്ങാനും കഴിഞ്ഞ നാളുകളിലെ ഉത്ക്കണ്ഠയ്ക്ക് മെല്ലെ അയവ് വന്നുതുടങ്ങുന്നു. കലാപരിപാടികള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും ചടങ്ങുകള്‍ക്കെല്ലാം മിഴിവേകാന്‍ ക്ഷേത്രകലകള്‍ക്ക് പ്രാധന്യം നല്‍കിയിട്ടുണ്ട്
ഇക്കുറിയും. നാഗപൂജകളെല്ലാം പാരമ്പര്യവഴിയിലൂടെതന്നെ ക്ഷേത്രത്തില്‍ നടക്കും. മണ്ണാറശാലയിലെ കാവുകളിലെല്ലാം പൂജകള്‍ നടന്നുവരുന്നു. മൂന്നുദിനങ്ങള്‍ ഭക്തരെല്ലാം ആത്മനിര്‍വൃതിയുടെ ലോകത്തിലാണ്. ദൂരെദിക്കുകളില്‍നിന്നും പുണര്‍തം നാളില്‍ എത്തുന്നവര്‍ ആയില്യം എഴുന്നള്ളത്ത് കണ്ടാണ് സാധാരണ മടങ്ങുക.
കഴിഞ്ഞ ആയില്യം ഉത്സവത്തിന് ക്ഷേത്രത്തിലെത്താന്‍ കഴിയാത്തതിന്റെ ദുഃഖം ഇക്കുറി ഇല്ലാതാകും. സാമൂഹിക പശ്ചാത്തലമെല്ലാം ഉള്‍ക്കൊണ്ട് ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് തൊഴുതു മടങ്ങാനുള്ള സൗകര്യമെല്ലാം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: