കൊല്ലം: സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജില്ലയുടെ കിഴക്കന്‍ മലയോരത്തെ സ്കൂളുകളില്‍ പ്രഥമാധ്യാപകരും അധ്യാപകരുമില്ല. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം നവംബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ മതിയായ അധ്യാപകരില്ലാതെ കുട്ടികള്‍ ബുദ്ധിമുട്ടേണ്ടി വരും.
പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലായി നൂറുകണക്കിന് അധ്യാപക ഒഴിവുകളാണുള്ളത്. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഏറെയും. പ്രഥമാധ്യാപകര്‍ ഇല്ലാത്ത സ്കൂളുകള്‍ വരെയുണ്ട്. പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്ന ചടയമംഗലം, അഞ്ചല്‍, പുനലൂര്‍ ഉപജില്ലകളിലാണ് അധ്യാപക ഒഴിവുകള്‍.
ഇടത്തറ, മാങ്കോട്, വലിയകാവ്, പുന്നല, അച്ചന്‍കോവില്‍, അഞ്ചല്‍, പുനലൂര്‍, ഒറ്റക്കല്‍ തുടങ്ങിയ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ അഞ്ച് വീതമാണ് ഒഴിവുകളുള്ളത്. യുപി, എല്‍പി വിഭാഗങ്ങളിലും ഒഴിവുകളുണ്ട്. കറവൂര്‍, മണിയാര്‍, ചെളിക്കുഴി, പന്തപ്ലാവ്, കഴുതുരുട്ടി, ആര്യങ്കാവ് തുടങ്ങിയ എല്‍പി സ്കൂളുകളിലും ധാരാളം ഒഴിവുകളുണ്ട്.
ഇരുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന ആര്യങ്കാവ് എല്‍പി സ്കൂളില്‍ പ്രഥമാധ്യാപകന്റേതടക്കം നാല് ഒഴിവുകളാണുള്ളത്. ഇവിടെ പ്യൂണ്‍ തസ്തികയിലും ആളില്ല. നൂറോളം കുട്ടികള്‍ പഠിക്കുന്ന കഴുതുരുട്ടി എല്‍പിഎസിലും പ്രഥമാധ്യാപകന് അടക്കം ഒഴിവുകള്‍ നാലാണ്. 60 കുട്ടികള്‍ പഠിക്കുന്ന തെന്മല എല്‍പിഎസിലും പ്രഥമാധ്യാപകനടക്കം മൂന്ന് ഒഴിവുണ്ട്.
ഒറ്റക്കല്‍ ഡബ്ല്യുഎല്പിഎസിലും പ്രഥമാധ്യാപകനും മൂന്ന് അധ്യാപകരുമില്ല. ഇവിടെ അറ്റന്ററുമില്ല. ഉറുകുന്ന്, ഇടമണ്‍ എല്‍പിഎസിലും പ്രഥമാധ്യാപകനും മൂന്ന് അധ്യാപകരുമില്ല. ചിലയിടങ്ങളില്‍ സ്ഥലം മാറ്റം ലഭിച്ച അധ്യാപകര്‍ക്ക് പകരം എത്താത്തതും പ്രശ്നമാണ്. അടിയന്തരമായി സ്കൂളുകളില്‍ പ്രഥമാധ്യാപകരുടേയും അധ്യാപകരുടേയും ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് രക്ഷകര്‍ത്താക്കള്‍ ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: