തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി നയിച്ച ഇരുപത്തിയൊന്‍പത് ദിവസം നീണ്ട ഐതിഹാസിക സമരം വിജയം കണ്ടത് അഴിമതിക്കെതിരായ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്. മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ബിജെപി ഈ തീവെട്ടിക്കൊള്ള നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ പോലും ഇടതുമുന്നണി ഭരിക്കുന്ന നഗരസഭ തയ്യാറായില്ല. കാരണം വ്യക്തമാണ്. ഈ പകല്‍ക്കൊള്ളയില്‍ ആരോപണം ഉയര്‍ന്നിട്ടുള്ളത് ഇടതു യൂണിയനില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സിപിഎമ്മിന്റെ ജനപ്രതിനിധികള്‍ക്കും എതിരെയാണ്. ലക്ഷങ്ങളുടെ നികുതിപ്പണം കവര്‍ന്നവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ നിരാഹാര സമരം തുടങ്ങിയതോടെ ചിലരെ സസ്‌പെന്‍ഡ് ചെയ്ത് രക്ഷപ്പെടാനാണ് ഭരണസമിതി ശ്രമിച്ചത്. അഴിമതിക്കെതിരെ നിരാഹാര സമരം നടത്തുന്നവരുടെ ശരീരത്തില്‍ ചവിട്ടി നഗരസഭാ യോഗത്തിനെത്തിയ മേയര്‍ ആര്യാ രാജേന്ദ്രന്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ജനാധിപത്യ വിരോധവും അധികാരപ്രമത്തതയും പ്രകടിപ്പിക്കുകയും ചെയ്തു. തട്ടിപ്പിന്റെ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവരുന്തോറും സമരം താനേ കെട്ടടങ്ങുമെന്ന മൂഢവിശ്വാസത്തിലായിരുന്നു സിപിഎമ്മും കോര്‍പ്പറേഷന്‍ ഭരണനേതൃത്വവും. പക്ഷേ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന ബിജെപിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നവര്‍ക്ക് കീഴടങ്ങേണ്ടി വന്നു. പ്രധാന പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.
അഴിമതിയെ സ്ഥാപനവല്‍ക്കരിച്ച പാര്‍ട്ടിയാണ് സിപിഎം. അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ആസൂത്രിതവും സംഘടിതവുമായ അഴിമതികള്‍ നടത്താന്‍ വ്യവസ്ഥാപിതമായ രീതികള്‍ ആ പാര്‍ട്ടിക്കുണ്ട്. ബക്കറ്റു പിരിവു മുതല്‍ ബോണ്ടുവരെ ഇതില്‍പ്പെടുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയതോടെ അഴിമതികളുടെ ഉരുള്‍പൊട്ടലാണ് കേരളത്തില്‍ സംഭവിച്ചത്. സ്വര്‍ണ കള്ളക്കടത്തും ഡോളര്‍ കടത്തും സ്പ്രിങ്കഌ വിവാദവും അമേരിക്കന്‍ കമ്പനിയുമായുള്ള ആഴക്കടല്‍ മത്സ്യബന്ധനകരാറുമൊക്കെ പിണറായി ഭരണത്തിന്‍ കീഴില്‍ പുറത്തുവന്ന അഴിമതികളാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നയാളുടെ മകന്‍ കള്ളപ്പണക്കേസില്‍ ജയിലിലായശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ ആര്‍ക്കും ആരെയും തടയാനോ കുറ്റപ്പെടുത്താനോ കഴിയാത്ത വിധത്തില്‍ അഴിമതിയെ ആഭ്യന്തരവത്ക്കരിച്ചിരിക്കുകയാണ് സിപിഎം. പാര്‍ട്ടിയുടെ നേതാക്കളും ഭരണാധികാരികളും വര്‍ഗ ബഹുജന സംഘടനകളില്‍പ്പെടുന്നവരും ഉദ്യോഗസ്ഥരുമൊക്കെ ഉള്‍പ്പെടുന്ന വലിയൊരു ശൃംഖല തന്നെ രൂപപ്പെട്ടിരിക്കുന്നു. ഇതില്‍പ്പെടുന്നവരാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത വീട്ടുകരം കവര്‍ന്നതും. മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ തട്ടിപ്പ് ചെറിയൊരു പ്രശ്‌നം മാത്രമാണെന്നു പറഞ്ഞ് ലളിതവത്കരിച്ചവര്‍ അഴിമതിയുടെ തിമിംഗലങ്ങളാണ്. ബിജെപി പുറത്തുകൊണ്ടുവന്ന അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാതിരുന്നവര്‍ ഇപ്പോള്‍ അഴിമതി കണ്ടുപിടിച്ചത് കോര്‍പ്പറേഷനാണെന്ന് അവകാശപ്പെടുമ്പോള്‍ ഇക്കാര്യത്തിലുള്ള ഇവരുടെ തൊലിക്കട്ടി എത്ര അപാരമാണെന്ന് അമ്പരക്കാനേ സാധാരണക്കാര്‍ക്ക് കഴിയൂ.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ അഴിമതിക്കെതിരായ സമരം വിജയം കണ്ടത് അത് ബിജെപി നയിച്ചതുകൊണ്ടുമാത്രമാണ്. മുഖ്യ പ്രതിപക്ഷമായ ബിജെപി ഈ പ്രശ്‌നമുന്നയിച്ച് തട്ടിപ്പുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ്സ് മടിച്ചു നില്‍ക്കുകയായിരുന്നു. സിപിഎമ്മിന്റെ അഴിമതികളോട് സന്ധി ചെയ്യുന്ന സമീപനമാണല്ലോ കോണ്‍ഗ്രസ്സ് എക്കാലവും സ്വീകരിക്കാറുള്ളത്. ബിജെപി ശക്തമായി ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ ഇതൊരു പ്രശ്‌നമായി കാണേണ്ടതില്ലെന്ന മട്ടില്‍ മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തിരുത്തുന്നത് ജനങ്ങള്‍ കാണുകയുണ്ടായി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇപ്പോള്‍ പുറത്തായിരിക്കുന്ന വീട്ടുകരം തട്ടിപ്പ് മഞ്ഞുമലയുടെ മേല്‍ത്തുമ്പ് മാത്രമാണ്. മൂന്നു സോണല്‍ ഓഫീസുകളിലെ തട്ടിപ്പു മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. പട്ടികജാതി ഫണ്ട് തട്ടിപ്പ്, ശുചീകരണത്തിന്റെ പേരില്‍ പണംതട്ടല്‍ എന്നിങ്ങനെ തട്ടിപ്പുകളുടെ പരമ്പരതന്നെ ഇവിടെ അരങ്ങേറിയിട്ടുള്ളതായി അറിയുന്നു. സമാനമായ തട്ടിപ്പുകളും അഴിമതികളും സംസ്ഥാനത്തെ മറ്റ് കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമൊക്കെ നടന്നിട്ടുള്ളതിന്റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടില്‍ പലതരം തിരിമറികള്‍ നടത്തി ഗുണഭോക്താക്കളെ വഞ്ചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സഹകരണ ബാങ്കുകളില്‍ സിപിഎമ്മിന്റെ ഒത്താശയോടെ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പുകള്‍ നടന്നിരിക്കുന്നു. കെ-റെയില്‍ പദ്ധതിയടക്കം പുതിയ അഴിമതികള്‍ക്കുള്ള ആഗോള സാധ്യതകള്‍ തിരയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി തലത്തിലും ഭരണതലത്തിലുമുള്ള സിപിഎമ്മിന്റെ അഴിമതികള്‍ക്കെതിരെ തിരുവനന്തപുരം മോഡല്‍ സന്ധിയില്ലാ സമരം മാത്രമാണ് പോംവഴി. ജനകീയ പ്രതിപക്ഷമായ ബിജെപി അതിന് നേതൃത്വം നല്‍കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: