ന്യൂദല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) വികസിപ്പിക്കുന്ന വില കുറഞ്ഞ ഉപഗ്രഹ വിക്ഷേപണ വാഹനികള്‍ ഉപയോഗിക്കാന്‍ യുഎഇ. ഇന്ത്യയുടെ സഹായത്തോടെ ചെറിയ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്കയക്കാനാണ് യുഎഇ പദ്ധതിയിടുന്നത്.
ഇന്ത്യ ടുഡേ യുഎഇ സ്പേസ് ഏജന്‍സിയുടെ മേധാവിയും ഉന്നത സാങ്കേതികവിദ്യ സഹമന്ത്രിയുമായ സാറ അല്‍ അമിറിയുമായി നടത്തിയ അഭിമുഖത്തിലൂടെയാണ് യുഎഇ-ഇന്ത്യ ബഹിരാകാശസഹകരണ പദ്ധതിയെക്കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയത്. ഇരുരാഷ്ട്രങ്ങളും ബഹിരാകാശ രംഗത്തെ വിവിധ മേഖലകളില്‍ ശാസ്ത്ര സഹകരണത്തിന് തയ്യാറെടുക്കുകയാണ്.
‘ഇന്റര്‍നാഷണല്‍ എയ്റോനോട്ടിക്കല്‍ കോണ്‍ഗ്രസിന്റെ (ഐഎസി) ഭാഗമായി ഐഎസ്ആര്‍ഒയുമായി ഇരുരാജ്യങ്ങള്‍ക്കും പ്രധാനമായ വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ശേഷി നല്‍കാമെന്ന് ഐഎസ് ആര്‍ഒ സമ്മതിച്ചിട്ടുണ്ട്. ഇതുവഴി യുഎഇയില്‍ നിന്നും ചെറിയ ഉപഗ്രഹങ്ങള്‍ അയയ്ക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകളാണ് ഞങ്ങള്‍ നോക്കുന്നത്,’ യുഎഇ സ്പേസ് ഏജന്‍സി മേധാവി സാറ അല്‍ അമിറി പറഞ്ഞു.
തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന ഉപഗ്രഹ വിക്ഷേപിണി ഉപയോഗിച്ച് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കുറഞ്ഞ ചെലവില്‍ ബഹിരാകാശദൗത്യം നടത്തുന്നതില്‍ ഇന്ത്യ ലോകപ്രശസ്തമാണ്. ഐഎസ് ആര്‍ഒയ്ക്ക് നാല് ഉപഗ്രഹ വിക്ഷേപിണികള്‍ നിര്‍മ്മിക്കുന്നുണ്ട്. 1750 കിലോഗ്രാം ഭാരമുള്ള റോക്കറ്റുകളെ അയയ്ക്കാന്‍ ശേഷിയുള്ള പിഎസ്എല്‍വി, 2500 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂസ്ഥിര പഥത്തില്‍ എത്തിക്കാന്‍ കഴിയുന്ന ജിഎസ്എല്‍വി എന്നിവയാണ് ഇതില്‍ പ്രധാനം. 640 ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ മൂന്ന് ഘട്ടമായി അയയ്ക്കുന്ന ജിഎസ്എല്‍വി എംകെ-3 ആണ് മറ്റൊരു പ്രധാന വിക്ഷേപിണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: