ന്യൂഡൽഹി: ചൈന ഈയിടെ സ്വന്തമായി രൂപീകരിച്ച് നടപ്പാക്കിയ ഭൂ അതിര്‍ത്തി നിയമം ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ ഇടിവുണ്ടാക്കുമെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി.
അതിര്‍ത്തി സംരക്ഷണം ഫലപ്രദമാക്കാന്‍ എന്ന പേരില്‍ നടപ്പാക്കിയ ഈ ഭൂ അതിർത്തി നിയമം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ലഡാക്കിൽ ശക്തമായ സൈനിക നീക്കം നടത്തുന്ന ചൈന, ടിബറ്റിലെ ജനങ്ങളില്‍ നിന്നും നിർബന്ധമായി ഭൂമി എഴുതിവാങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ അരുണാചൽ മേഖലയിലും ചൈന കയ്യേറ്റ ശ്രമം തുടരുകയാണ്.
ഇരുരാജ്യങ്ങളും അതിർത്തി വിഷയങ്ങളിൽ ഇനിയും ഒരു ധാരണയിലെത്തിയിട്ടില്ല. ഇതിനിടെ അതിർത്തി സംരക്ഷണങ്ങൾക്കെന്ന പേരിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കിയെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഇടിവുണ്ടാക്കുന്ന നീക്കമാണിതെന്നും ബാഗ്ചി ഓർമ്മപ്പെടുത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിലൂടെ അതിർത്തിയിലെ ശാന്തിയും സമാധാനവും സുരക്ഷയും ഉറപ്പാക്കുകയാണ് വേണ്ടത്. എന്നാൽ അതിനിടെ ഏകപക്ഷീയമായ നിയമനിർമ്മാണവും അതിർത്തി വിഷയത്തിലിറക്കുന്ന പ്രസ്താവനകളും എല്ലാധാരണകൾക്കും വിരുദ്ധമാണെന്നും ബാഗ്ചി പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അതിര്‍ത്തി സംരക്ഷണത്തിനായി ചൈന ലാന്‍ഡ് ബോര്‍ഡര്‍ ലോ (ഭൂ അതിര്‍ത്തി നിയമം) എന്ന പേരില്‍ നിയമം ഉണ്ടാക്കിയത്. താലിബാനില്‍ നിന്നും മറ്റും അഭയാര്‍ത്ഥികള്‍ ഒഴുകിയെത്തുന്നത് തടയാനാണ് അതിര്‍ത്തി സംരക്ഷണത്തിന് കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവന്നതെന്നാണ് ചൈന അവകാശവാദം. അതിര്‍ത്തിക്കപ്പുറത്ത് നിന്നും കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനും കൂടിയാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്നും ചൈന പറയുന്നു. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, റഷ്യ, വടക്കന്‍ കൊറിയ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളുമായി ചൈന ഏതാണ്ട് 22000 കിലോമീറ്റര്‍ അതിര്‍ത്തി പങ്കുവെയ്‌ക്കുന്നുണ്ട്.
ഈ അതിര്‍ത്തി എങ്ങിനെ ഭരിയ്‌ക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നതാണ് ഈ പുതിയ നിയമത്തിലെ വ്യവസ്ഥകള്‍. അതിര്‍ത്തിയിലെ പരമാധികാരവും ഭൂ ഇതിര്‍ത്തി സുരക്ഷയും കര്‍ശനമാക്കുന്നതാണ് നിയമം. ഇനി ഈ അതിര്‍ത്തിയില്‍ ചൈനയുടെ സൈന്യവും, സൈനിക പൊലീസും സുരക്ഷയ്‌ക്കായി ഉണ്ടാകും. യുദ്ധമോ സായുധ ഏറ്റുമുട്ടലോ ഉണ്ടായാല്‍ അതിര്‍ത്തികള്‍ അടയ്‌ക്കുമെന്നും നിയമം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: