അബുദാബി: പെട്രോളിയത്തിന്റെ സ്വന്തം നാട്ടില്‍ ഇന്ധനവില വര്‍ദ്ധനയെ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങള്‍ക്ക് പോലും പൊള്ളുന്ന വില. ഒട്ടുമിക്ക സാധനങ്ങളുടെയും വില 15 ശതമാനം മുതല്‍ 20 ശതമാനം വരെയാണ് വര്‍ദ്ധിച്ചത്. ഇതോടെ നിത്യജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. കോവിഡ് വന്നതിനു ശേഷം രണ്ട് വര്‍ഷമായി പല കമ്പനികളിലും ശമ്പള വര്‍ദ്ധനയില്ല. അതേ സമയം ചില കമ്പനികള്‍ ശമ്പളം വെട്ടിക്കുറയ്ക്കുക പോലും ചെയ്തു. ലഭിക്കുന്ന ശമ്പളം കൊണ്ട് വളരെ ബുദ്ധിമുട്ടി മുന്നോട്ടു പോകുമ്പോഴാണ് ഇടിത്തീവീഴുന്നതു പോലെ അവശ്യ സാധനങ്ങളുടെ വില പിന്നും കൂടുന്നത്. ഖുബ്ബൂസ് മുതല്‍ പച്ചക്കറി വരെയുള്ള സാധനങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് അടുക്കാന്‍ കഴിയാത്ത വിലയാണിപ്പോള്‍
കുടുംബത്തോടൊപ്പം താമസിക്കുന്നവരെയാണ് വിലക്കയറ്റം നന്നായി ബാധിച്ചിരിക്കുന്നത്. അരി, പഞ്ചസാര, പാല്, മുട്ട, കടല, പയര്‍, സവാള, എണ്ണ, ഇറച്ചി, ഇറച്ചി വിഭവങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്കാണ് വില കുത്തനെ കൂടിയത്. വില വര്‍ദ്ധനയ്ക്ക് പല കാരണങ്ങളാണ് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. മിക്ക രാജ്യങ്ങളിലും ഉത്പാദനം കുറഞ്ഞു. യാത്രാ പ്രശ്നം മൂലം വിവിധ രാജ്യങ്ങളിലേക്കു പോയ കണ്ടെയ്നറുകള്‍ കുടുങ്ങികിടക്കുന്നു. ചരക്കു കൂലി കൂട്ടി. എന്നാല്‍ ഇതിലെല്ലാമുപരി പെട്രോള്‍ വില വര്‍ദ്ധിച്ചതാണ് പ്രധാന കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ വില ഇനിയും കൂടുമെന്നാണ് കച്ചവടക്കാര്‍ നല്കുന്ന സൂചന.
വില കുത്തനെ കൂടിയതോടെ സാധനത്തിന്റെ വില കൂട്ടാതെ തൂക്കം കുറയ്ക്കുന്ന രീതിയും കച്ചവടക്കാര്‍ പരീക്ഷിക്കുന്നുണ്ട്. പ്രവാസികളുടെ പ്രധാന ആഹാരമായ ഖുബ്ബൂസിന്റെ ഒരു പായ്ക്കറ്റില്‍ ആറെണ്ണമാണ് മുമ്പ് ഉണ്ടായിരുന്നത്. അതിപ്പോള്‍ നാലെണ്ണമായി കുറച്ചിട്ടാണ് പഴയ വിലയ്ക്ക് വില്‍ക്കുന്നത്. വാരാന്ത്യങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ ആദായ വില്പനയില് കൂടുതല്‍ സാധനങ്ങള്‍ വാങ്ങിയും, ആഹാരത്തിലെ വിഭവങ്ങളുടെ എണ്ണം കുറച്ചുമാണ് പ്രവാസികള്‍ വില വര്‍ദ്ധനവിനെ ഒരു തരത്തില്‍ നേരിടുന്നത്. വില്ലകളിലും മറ്റും താമസിക്കുന്നവര്‍ ഒന്നിച്ച് പാചകം ചെയ്തും ചെലവ് കുറയ്ക്കാനുള്ള വഴി കണ്ടെത്തുന്നുണ്ട്. പക്ഷെ ഇങ്ങനെ എത്രനാള്‍ മുന്നോട്ടു പോകാന്‍ ആവുമെന്ന ചോദ്യം പ്രവാസികളെ ആശങ്കയിലാഴ്തുന്നു.
യുഎഇയിലെ ഒക്ടോബര്‍ മാസത്തെ സൂപ്പര്‍ 98 പെട്രോളിന്റെ വില ലിറ്ററിന് 2.60 ദിറംസും (53.11 രൂപ) സ്പെഷ്യല്‍ 95 പെട്രോളിന്റെ വില ലിറ്ററിന് 2.49 ദിറംസുമാണ് (50.86 രൂപ). സെപ്റ്റംബറില്‍ ഇത് യഥാക്രമം 2.55 ദിറംസും (52.07 രൂപ) 2.44 ദിറംസുമായിരുന്നു (49.83 രൂപ). ഡീസലിന് ഈ മാസം ലിറ്ററിന് 2.51 ദിറംസാണ(51.27 രൂപ). കഴിഞ്ഞ മാസം ഇത് 2.38 ദിറംസായിരുന്നു(48.60 രൂപ). പെട്രോളിന് 1.04 രൂപയും ഡീസലിന് 2.67 രൂപയുമാണ് ഈ മാസം മാത്രം യുഎഇയില്‍ വര്‍ദ്ധിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: